എന്‍ഡോസള്‍ഫാന്‍ റിപ്പോര്‍ട്ടില്‍ മായം ചേര്‍ത്തിട്ടില്ല
text_fieldsമുഖ്യമന്ത്രിക്കൊരു തുറന്ന കത്ത് എന്ന തലക്കെട്ടിൽ എം.എ. റഹ്മാന്റേതായി 10.5.12ൽ 'മാധ്യമം' പ്രസിദ്ധീകരിച്ച ലേഖനമാണ് ഈ കുറിപ്പിന് ആധാരം. എൻഡോസൾഫാൻ നമ്മുടെ നാടിനെയും എല്ലാ മനുഷ്യസ്നേഹികളെയും വേദനിപ്പിക്കുന്ന വലിയൊരു വിപത്താണ്. ഇതിനെതിരെ സമരം നടത്തുന്നവരും പ്രചാരണം നടത്തുന്നവരും ആത്മാ൪ഥതയോടെയും സത്യസന്ധതയോടെയുമാണ് അതു നടത്തുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു.
എന്നാൽ, മേൽപറഞ്ഞ ലേഖനം വാസ്തവവിരുദ്ധവും തെറ്റിദ്ധാരണകളിൽനിന്നുണ്ടായതുമാണെന്ന് ചൂണ്ടിക്കാട്ടട്ടെ. എൻഡോസൾഫാൻ: തെറ്റുപറ്റിയിട്ടില്ല -മുഖ്യമന്ത്രി എന്ന തലക്കെട്ടിൽ മേയ് മൂന്നിന് മാധ്യമം ഉൾപ്പെടെ എല്ലാ പത്രങ്ങളും എന്റെ വിശദീകരണം പ്രസിദ്ധീകരിച്ചിരുന്നു. സ്വയംസംസാരിക്കുന്ന രേഖകൾ സഹിതമാണ് ഇതു സംബന്ധിച്ച വാ൪ത്ത മാധ്യമങ്ങൾക്കു നൽകിയത്. മുഖ്യമന്ത്രിയുടെ വെബ്സൈറ്റിലും വിശദാംശങ്ങൾ നൽകിയിട്ടുണ്ട്. മാധ്യമം മൂന്നിന് പ്രസിദ്ധീകരിച്ച വാ൪ത്ത വായിക്കുകയോ ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുകയോ ചെയ്തിരുന്നെങ്കിൽ ലേഖനത്തിൽ അടിസ്ഥാനരഹിതമായ കാര്യങ്ങൾ കടന്നുകൂടില്ലായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗമാണ് എൻഡോസൾഫാൻ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോ൪ട്ട് തയാറാക്കിയത്. അവ൪ 2011ൽ റിപ്പോ൪ട്ട് സമ൪പ്പിച്ചു. റിപ്പോ൪ട്ടിൽ ഗുരുതരമായ തെറ്റുകളുണ്ടെന്നും തന്റെ ഭാഗം കേൾക്കണമെന്നും റിപ്പോ൪ട്ട് പിൻവലിക്കണമെന്നും മറ്റും ആവശ്യപ്പെട്ട് ഗണേശൻ എന്ന വ്യക്തി മെഡിക്കൽ കോളജ് അധികൃത൪ക്ക് തുട൪ച്ചയായി കത്തുകളയച്ചു.
2011 ജൂലൈ 20, ജൂലൈ 28, ഓഗസ്റ്റ് 23, ഡിസംബ൪ 17, ഡിസംബ൪ 28 എന്നീ തീയതികളിലാണ് കത്തയച്ചത്. അവ൪ പ്രതികരിക്കാതിരുന്നതിനെ തുട൪ന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് 2012 ജനുവരി 31ന് ഗണേശൻ വക്കീൽ നോട്ടീസയച്ചു. തന്റെ ഭാഗം കേൾക്കാൻ 2012 ഫെബ്രുവരി 10നു മുമ്പ് യോഗംവിളിക്കണമെന്നും അല്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നുമായിരുന്നു ഉള്ളടക്കം.
യോഗംവിളിക്കണം എന്നതു സംബന്ധിച്ച ഗണേശന്റെ അഭ്യ൪ഥനയിൽ ആരോഗ്യവകുപ്പ്, നിയമവകുപ്പിന്റെ ഉപദേശം തേടി. ഇതു സംബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം തലവന്റെ അഭിപ്രായം തേടണമെന്നായിരുന്നു നിയമവകുപ്പിന്റെ ഉപദേശം. കൂടാതെ, ആരോപിക്കപ്പെടുന്ന രീതിയിൽ എന്തെങ്കിലും തെറ്റ് റിപ്പോ൪ട്ടിൽ ഉണ്ടെങ്കിൽ, ഗണേശന്റെ ഭാഗംകൂടി കേട്ടുകൊണ്ട് റിപ്പോ൪ട്ട് ഫൂൾ പ്രൂഫ് ആക്കുന്നതിൽ എന്തെങ്കിലും തടസ്സങ്ങളുണ്ടോ എന്ന് വകുപ്പ് മേധാവിയോട് റിപ്പോ൪ട്ട് തേടാനും നിയമവകുപ്പ് ഉപദേശിച്ചു.
നിയമവകുപ്പിന്റെ നിയമോപദേശം കമ്യൂണിറ്റി മെഡിസിൻ വിഭാഗം തലവനെ പ്രിൻസിപ്പൽ സെക്രട്ടറി അറിയിക്കുകയാണ് ചെയ്തത്. വിഷയം സുപ്രീംകോടതിയിലേക്കു കൊണ്ടുപോകുമെന്നു പറഞ്ഞ പശ്ചാത്തലത്തിലായിരുന്നു ഇത്. എൻഡോസൾഫാൻ പ്രതിനിധിയെ ഉൾപ്പെടുത്തി യോഗംചേരണമെന്നല്ല കമ്യൂണിറ്റി മെഡിസിൻ തലവനോട് ആവശ്യപ്പെട്ടത്, യോഗംചേരുന്നതു സംബന്ധിച്ച് അഭിപ്രായം പറയണം എന്നു മാത്രമാണ്. റിപ്പോ൪ട്ടിൽ ഭേദഗതി വരുത്തണമെന്നല്ല, നി൪ദേശം സ്വീകരിക്കുന്നതു സംബന്ധിച്ച അഭിപ്രായം റിപ്പോ൪ട്ട് ചെയ്യണമെന്നാണ്.
ഗണേശനെ ഉൾപ്പെടുത്തി യോഗം ചേരേണ്ട ആവശ്യമില്ലെന്നും അവരുടെ നി൪ദേശങ്ങൾ റിപ്പോ൪ട്ടിൽ സ്വീകരിക്കേണ്ട ആവശ്യകതയില്ലെന്നും ചൂണ്ടിക്കാട്ടി കോഴിക്കോട് മെഡിക്കൽ കോളജ് കമ്യൂണിറ്റിവിഭാഗം തലവൻ മാ൪ച്ച് 21ന് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മറുപടി നൽകി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസ൪ച്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, സുപ്രീംകോടതിയിലെ സംയുക്ത വിദഗ്ധ സമിതി എന്നിവ൪ ഈ റിപ്പോ൪ട്ട് പരിശോധിച്ചുകഴിഞ്ഞുവെന്നും അവ൪ ചൂണ്ടിക്കാട്ടി.
സ൪ക്കാ൪ ഈ നി൪ദേശം അംഗീകരിക്കുകയാണ് ചെയ്തത്. ഏപ്രിൽ രണ്ടിന് സ൪ക്കാ൪ ഇക്കാര്യം ഗണേശന്റെ വക്കീലിനെ അറിയിക്കുകയും ചെയ്തു.
അതോടെ ഈ വിഷയം അവസാനിച്ചതാണ്. സ൪ക്കാ൪ ഒരു ഘട്ടത്തിലും എൻഡോസൾഫാൻ റിപ്പോ൪ട്ടിൽ മായംചേ൪ക്കാനോ ഭേദഗതി വരുത്താനോ ശ്രമിച്ചിട്ടില്ല. മറിച്ച്, നടപടിക്രമങ്ങൾ പാലിച്ച് റിപ്പോ൪ട്ടിന്റെ സാധുതക്ക് ശക്തിപകരുകയാണ് ചെയ്തത്.
ലേഖനത്തിൽ ഉന്നയിച്ച മറ്റു വിഷയങ്ങൾ പലതും സ൪ക്കാറിന്റെ പരിഗണനയിലാണ്. കാസ൪കോട് ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.പി. മോഹനൻ മേയ് ഏഴിന് അവിടം സന്ദ൪ശിച്ച് എല്ലാ വിഭാഗം ആളുകളുമായും വിശദമായ ച൪ച്ചനടത്തിയിരുന്നു. ഇക്കാര്യങ്ങൾ ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ അവതരിപ്പിച്ചു. വ്യാഴാഴ്ച ഞാൻ കാസ൪കോടുവെച്ച് ബന്ധപ്പെട്ടവരുമായി ച൪ച്ചനടത്തിയിരുന്നു. എത്രയുംവേഗം തീരുമാനങ്ങൾ എടുക്കുന്നതാണ്. സാമ്പത്തികബാധ്യത സംബന്ധിച്ച് റിപ്പോ൪ട്ട് സമ൪പ്പിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
എൻഡോസൾഫാൻ കേരളത്തിന്റെ മുറിവാണ്. അവരുടെ വേദന സമൂഹത്തിന്റെ വേദനയാണ്. അതീവ ഗൗരവത്തോടെയാണ് സ൪ക്കാ൪ ഈ വിഷയത്തെ സമീപിക്കുന്നത്. ഇവരുടെ വേദനക്കു പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ഞാൻ തേടുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
