മദ്യലഹരിയില്‍ സഹോദരനെ ചവിട്ടിക്കൊന്നു
text_fieldsഗാന്ധിനഗ൪: മദ്യലഹരിയിൽ ജ്യേഷ്ഠനെ അനുജൻ ചവിട്ടിക്കൊന്നു. ഏറ്റുമാനൂ൪ കച്ചിറ തത്തംപള്ളിയിൽ ഗോപിയാണ് (56) മരിച്ചത്. സംഭവത്തിൽ അനുജൻ രാജുവിനെ (50)ഏറ്റുമാനൂ൪ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുല൪ച്ചെ അഞ്ചിനാണ് ഗോപിയെ മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. സമീപത്ത് താമസിക്കുന്ന മറ്റൊരു സഹോദരൻ അജിയാണ് ഗോപിയെ മരിച്ച നിലയിൽ കണ്ടത്. ഇയാൾ ഏറ്റുമാനൂ൪ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ വായിൽനിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹം. ഇതിനാൽ ആത്മഹത്യയാണെന്നായിരുന്നു ആദ്യ നിഗമനം. പൊലീസ് മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റുമോ൪ട്ടത്തിൽ ഹൃദയത്തിൽ വാരിയെല്ല് തുളച്ചുകയറുകയും കഴുത്തിന് മാരകമായി ക്ഷതമേൽക്കുകയും ചെയ്തതാണ് മരണകാരണമെന്ന് തെളിഞ്ഞു. ഇതോടെ കൊലപാതകമാണെന്ന് തെളിഞ്ഞു.
മൃതദേഹം പോസ്റ്റുമോ൪ട്ടത്തിന് ശേഷം സഹോദരൻ രാജു ഏറ്റുവാങ്ങി സംസ്കാരം നടത്തി. സംസ്കാര ചടങ്ങുകൾക്ക് ശേഷം പൊലീസ് രാജുവിനെയും അജിയെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ താൻ ഗോപിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് രാജു സമ്മതിച്ചു.
ഗോപിയും രാജുവും കുടുംബവീട്ടിലണ് താമസം. സ്ഥിരം മദ്യപാനികളായ ഇരുവരുടെയും ഭാര്യമാ൪ ഇതേച്ചൊല്ലി ബന്ധം വേ൪പെടുത്തിയിരുന്നു. ജോലി കഴിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തുന്ന ഇവ൪ പരസ്പരം കലഹിക്കുന്നത് പതിവാണ്. ബുധനാഴ്ച രാത്രിയും ഇവ൪ തമ്മിൽ കലഹിച്ചിരുന്നതായി നാട്ടുകാ൪ പൊലീസിൽ മൊഴി നൽകി. സംഘ൪ഷം അടിപിടിയിൽ കലാശിക്കുകയായിരുന്നു.
രാത്രി ബഹളം കേട്ടിരുന്നതിനാൽ സംഭവമറിയാൻ അജി അതിരാവിലെ എത്തിയപ്പോഴാണ് മരിച്ചുകിടക്കുന്നത് കണ്ടത്. ഈ സമയം മറ്റൊരു മുറിയിൽ രാജു ഉറങ്ങുകയായിരുന്നു. രാജുവും പൊലീസിനൊപ്പം മൃതദേഹവുമായി ആശുപത്രിയിൽ പോവുകയും സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
