Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഒടുവില്‍...

ഒടുവില്‍ കൊമ്മഞ്ചേരിയില്‍ അധികൃതരെത്തി

text_fields
bookmark_border
ഒടുവില്‍ കൊമ്മഞ്ചേരിയില്‍ അധികൃതരെത്തി
cancel

സുൽത്താൻ ബത്തേരി: കോളനി നിറയെ ഏമാന്മാ൪. പഞ്ചായത്ത് പ്രസിഡൻറ് അടക്കം ജനപ്രതിനിധികൾ. വനംവകുപ്പ്, ട്രൈബൽ, റവന്യു, പഞ്ചായത്ത് ഉദ്യോഗസ്ഥ൪. വയ൪നിറച്ച് ചോറും കോഴിക്കറിയും.
രോഗമുള്ളവ൪ക്കും ഇല്ലാത്തവ൪ക്കും ആരോഗ്യ പരിശോധന. ചികിത്സ, മരുന്ന്, ക്ഷീണം മാറാൻ ടോണിക്. ജനന മരണ രജിസ്ട്രേഷൻ. ഓരോ കുടുംബത്തിനും തൊഴിലുറപ്പ് പദ്ധതി കാ൪ഡ്. ആശ്രയമറ്റവ൪ക്കുള്ള അവസാനത്തെ ആശ്രയമായ ‘ആശ്രയ’ പദ്ധതിയിൽ ഉൾപ്പെടുത്തി വസ്ത്രങ്ങൾ, മരുന്ന്, നിത്യോപയോഗ സാധനങ്ങൾ. അവസാനം, നാമമാത്രമായ മേൽക്കൂരക്കുമീതെ പുതിയ സിൽപോളിൻ ഷീറ്റുകൾ കെട്ടിക്കൊടുക്കുന്നു.
പതിറ്റാണ്ടുകൾ നീണ്ട കാനന വാസത്തിനിടയിൽ ആദ്യമായിട്ടാണ് കൊമ്മഞ്ചേരി കാട്ടുനായ്ക്ക കോളനി നിവാസികൾക്ക് ഇത്തരത്തിൽ ഒരനുഭവം .
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. അയ്യൂബിൻെറ നേതൃത്വത്തിൽ 50 അംഗ സംഘം ചൊവ്വാഴ്ച രാവിലെയാണ് കാനന മധ്യത്തിലെ കാട്ടുനായ്ക്ക കോളനിയിലെത്തിയത്.
ചെതലയത്തെ സാമൂഹിക പ്രവ൪ത്തകൻ തോട്ടക്കര കുഞ്ഞുമുഹമ്മദ് അല്ലാതെ ഇതുവരെ ഇവരെ അന്വേഷിച്ച് ആരും എത്തിയിരുന്നില്ല.
സംഘത്തെ കണ്ട് കുട്ടികൾ പലരും ഉൾവനത്തിൽ ഓടിയൊളിച്ചു. മണ്ണിളകിയ മുളചീന്തുകൾക്കിടയിലൂടെ പെണ്ണുങ്ങൾ പാളി നോക്കി. കുഴപ്പക്കാരല്ലെന്ന് തോന്നിയപ്പോൾ പുരുഷന്മാ൪ ഇറങ്ങിവന്നു. നിനച്ചിരിക്കാതെ വയ൪ നിറച്ച് ഭക്ഷണം കിട്ടിയപ്പോൾ കോളനി നിവാസികൾക്ക് പെരുത്ത് സന്തോഷം. ഓടി ഒളിച്ച മക്കളെ നീട്ടിവിളിച്ചു. എല്ലാവരും ചേ൪ന്നപ്പോൾ ഉത്സവപ്രതീതി.
ജനനവും മരണവും ഒരിക്കലും പുറംലോകമറിയാത്ത കോളനിയിൽ ജനന-മരണ രജിസ്ട്രേഷനുവേണ്ടി ഉദ്യോഗസ്ഥന്മാ൪ ‘കടലാസും പൊസ്തക’വുമെടുത്തപ്പോൾ എല്ലാവരും രജിസ്ട്രേഷനു റെഡി. ഇതുവരെ ഇവിടെ ആരും ജീവിച്ചിരിക്കുന്നതായി ഒരു രജിസ്റ്റ൪ പുസ്തകത്തിലുമില്ല.
’ചൂക്കോട്’ ഒന്നുമില്ല. ഞങ്ങൾക്ക് നിങ്ങടെ മരുന്ന് വേണ്ടയോ’ എന്നായിരുന്നു മെഡിക്കൽ ക്യാമ്പിൽ പരിശോധന നടത്താൻ പറഞ്ഞപ്പോൾ കോളനി നിവാസികളുടെ മറുപടി. മരുന്നും ചികിത്സയും ഇന്നേവരെ അവ൪ക്ക് പരിചയമില്ല.
വീടില്ല, റോഡില്ല, വൈദ്യുതിയില്ല, ശുദ്ധജലമില്ല. സുൽത്താൻ ബത്തേരി, പുൽപള്ളി, സംസ്ഥാന പാതയിൽ ചെതലയം ആറാം മൈലിൽനിന്ന് കൊടും വനത്തിലൂടെ മൂന്നര കിലോമീറ്റ൪ നടന്നാൽ മാത്രമേ കൊമ്മഞ്ചേരി കോളനിയിലെത്താനാവൂ. താമസം തുടങ്ങി തലമുറകൾ കഴിഞ്ഞിട്ടും ഇവ൪ക്ക് വീട്ടുനമ്പരും തിരിച്ചറിയൽ കാ൪ഡും ലഭിച്ചത് കഴിഞ്ഞവ൪ഷമാണ്. ആറ് കുടുംബങ്ങളിലായി 21 പേ൪. ആരും സ്കൂളിൻെറ പടി കയറിയിട്ടില്ല.
വന്യജീവികൾക്കു നടുവിൽ കൊച്ചുകൂരക്കുള്ളിലും മരത്തിൽ വലിച്ചുകെട്ടിയ പ്ളാസ്റ്റിക് ഷീറ്റിനു താഴെയുമായാണ് താമസം. കേന്ദ്ര സ൪ക്കാറിൻെറ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി വന്നപ്പോൾ പ്രഥമ പരിഗണന ഇവ൪ക്കാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ പരിഗണിക്കപ്പെട്ട 112 വനഗ്രാമങ്ങളിൽ കൊമ്മഞ്ചേരിയുടെ പേരില്ല. കടുത്ത വിമ൪ശമുയ൪ന്നതിനെത്തുട൪ന്ന് ജില്ലാ ഭരണകൂടം നേരിട്ട് ട്രൈബൽ ഫണ്ട് ഉപയോഗപ്പെടുത്തി വനത്തിനുപുറത്ത് അര ഏക്ക൪ ഭൂമി വാങ്ങി വീടുവെച്ചു കൊടുത്ത് ഇവരെ പുനരധിവസിപ്പിക്കാനൊരുങ്ങുകയാണ്. ഇതിനിടയിലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥ സംഘവുമെത്തിയത്. ഇവരെ എവിടേക്കാണ് പുനരധിവസിപ്പിക്കുകയെന്നതിൽ ഇനിയും തീരുമാനമായിട്ടില്ല.
പഞ്ചായത്ത് പ്രസിഡൻറിനു പുറമെ വൈസ് പ്രസിഡൻറ് രാധാ രാഘവൻ, മറ്റു ഭരണസമിതി അംഗങ്ങൾ, കുടുംബശ്രീ മിഷൻ ജില്ലാ കോഓഡിനേറ്റ൪ സി.വി. ജോയി, വനംവകുപ്പ്, ട്രൈബൽ, റവന്യു, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ൪, മെഡിക്കൽ ടീം എന്നിവ൪ സംഘത്തിലുണ്ടായിരുന്നു. കൊമ്മഞ്ചേരി കോളനി നിവാസികളുടെ ദുരിതങ്ങൾ പുറംലോകത്തെത്തിച്ച തോട്ടക്കര കുഞ്ഞുമുഹമ്മദും സ്ഥലത്തെത്തിയിരുന്നു.

Show Full Article
TAGS:
Next Story