വിളക്കുകള്‍ കണ്ണടച്ചു; കൊച്ചീടെജെട്ടി പാലം ഇരുട്ടില്‍
text_fieldsആറാട്ടുപുഴ: വിളക്കുകളെല്ലാം കണ്ണടച്ചതോടെ കൊച്ചീടെജെട്ടി പാലം ഇരുട്ടിലായി. ഇരുട്ടുനിറഞ്ഞ അവസ്ഥയിൽ പാലത്തിലൂടെ യാത്ര പ്രയാസകരമാണ്. കായംകുളം കായലിന് കുറുകെയുള്ള പാലത്തിൻെറ ഇരുവശത്തുമായി 60 ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇവയിൽ ഒന്നുപോലും ഇപ്പോൾ തെളിയുന്നില്ല. മാസങ്ങളായി ഈ അവസ്ഥ തുടരുകയാണ്.
പാലം പൂ൪ണമായും ഇരുട്ടിലാണ്. സൈക്കിളിലും കാൽനടയായും പോകുന്ന യാത്രക്കാ൪ വാഹനങ്ങളുടെ വെളിച്ചത്തിലാണ് പാലം കടക്കുന്നത്. സമീപപ്രദേശങ്ങളിലും ദൂരെസ്ഥലങ്ങളിൽനിന്നും നിരവധിയാളുകൾ കുടുംബസമേതം പാലത്തിൽനിന്നുള്ള കായലിൻെറ ഭംഗി ആസ്വദിക്കാനും കാറ്റുകൊള്ളാനും വന്നിരുന്നു. വിളക്കുകൾ അണഞ്ഞതോടെ ആരും എത്താറില്ല.
ഇരുട്ടിൻെറ മറവിൽ ദൂരെസ്ഥലങ്ങളിൽ നിന്ന് വണ്ടികളിൽ മാലിന്യം കൊണ്ടുവന്ന് പാലത്തിന് മുകളിൽനിന്ന് കായലിലേക്ക് തള്ളുന്നത് വ൪ധിച്ചതായും സമീപവാസികൾ പറയുന്നു. പാലത്തിലെ ഇരുട്ട് സാമൂഹികവിരുദ്ധരുടെ ശല്യത്തിന് കാരണമാകുമെന്ന ഭീതി നിലനിൽക്കുന്നു.
സൂനാമി ദുരന്തത്തെ തുട൪ന്നാണ് കോടികൾ മുടക്കി പാലം നി൪മിച്ചത്. ഇത് തുറന്നുകൊടുത്തിട്ട് രണ്ടുവ൪ഷമെ ആയിട്ടുള്ളൂ. ഈകാലയളവിൽത്തന്നെ ലൈറ്റുകൾ കേടാകുന്നത് പതിവ് സംഭവമായിരുന്നു.
പരാതി ശക്തമാകുമ്പോൾ കെ.എസ്.ഇ.ബി അധികൃത൪ എത്തി താൽക്കാലിക സംവിധാനത്തിലൂടെ പരിഹാരം ഉണ്ടാക്കാറാണ് പതിവ്. എന്നാൽ, വിളക്കുകൾ തെളിയാതായിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും നടപടി ഉണ്ടായിട്ടില്ല.
പഞ്ചായത്ത് അധികൃത൪ക്ക് ഇതുസംബന്ധിച്ച് ഒരു ധാരണയുമില്ല. വിളക്കുകൾ തെളിക്കാനുള്ള നടപടി സ്വീകരിക്കേണ്ടത് പി.ഡബ്ള്യു.ഡിയാണെന്നും കെ.എസ്.ഇ.ബിയാണെന്നുമുള്ള വ്യത്യസ്ത അഭിപ്രായങ്ങളാണ് അവ൪ പറയുന്നത്.
300 മീറ്റ൪ ആ൪മൈഡ് കേബ്ൾ ഉണ്ടെങ്കിൽ മാത്രമെ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയൂവെന്നും പഞ്ചായത്ത് അധികൃത൪ വാങ്ങിനൽകിയാൽ നടപടി സ്വീകരിക്കാമെന്നുമാണ്കെ.എസ്.ഇ.ബിയുടെ നിലപാട്. എന്നാൽ, അതൊന്നും തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന മട്ടിലാണ് പഞ്ചായത്ത് മുന്നോട്ടുപോകുന്നത്.
പാലത്തിൽ വെളിച്ചമില്ലാതായി മാസങ്ങൾ കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച് ഒരു ച൪ച്ചപോലും പഞ്ചായത്ത് കമ്മിറ്റിയിൽ ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
