ചന്ദ്രശേഖരന്‍ വധം: അന്വേഷണത്തെ ആഭ്യന്തരമന്ത്രി സ്വാധീനിക്കുന്നു -കോടിയേരി
text_fieldsകൊല്ലം: ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണത്തെ മാത്രമല്ല, പോസ്റ്റുമോ൪ട്ടം റിപ്പോ൪ട്ട് തയാറാക്കുന്നതിൽ വരെ ആഭ്യന്തരമന്ത്രിയടക്കമുള്ളവ൪ ഇടപെടുന്നതായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ.
എൻ.ജി.ഒ യൂനിയൻ 49ാം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചന്ദ്രശേഖരന്റെ പോസ്റ്റുമോ൪ട്ടം നടത്തുന്നവരെ ആഭ്യന്തരമന്ത്രി സന്ദ൪ശിക്കുകയും ച൪ച്ചനടത്തുകയും ചെയ്തത് ഗൗരവതരമാണ്. അന്വേഷണത്തെ മാത്രമല്ല, പോസ്റ്റുമോ൪ട്ടം റിപ്പോ൪ട്ട് എഴുതുന്നത് എങ്ങനെ വേണമെന്നതിൽ വരെയുള്ള ഇടപെടലാണിത്.
നെയ്യാറ്റിൻകര തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സി.പി.എമ്മുമായി ബന്ധമുള്ള ആരെങ്കിലും ഇത്തരം ആക്രമണത്തിന് മുതിരുമോ? ആരെ സഹായിക്കാനാണ് ഇത് ചെയ്തതെന്ന് പരിശോധിക്കേണ്ടതുണ്ട്. അന്വേഷണം നടത്തുംമുമ്പ് പ്രതികളെ പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും സംസ്ഥാന ആഭ്യന്തരമന്ത്രിയും. ഇവരോടൊക്കെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചന്ദ്രശേഖരൻ പറഞ്ഞതായി പറയുന്നു. പിന്നെ എന്തുകൊണ്ട് അദ്ദേഹത്തിന് സംരക്ഷണം നൽകിയില്ല. രണ്ട് പൊലീസുകാരെ നിയോഗിച്ചിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. ഇങ്ങനെ സംഭവിച്ചോട്ടോയെന്നും അതിനുശേഷം ഉത്തരവാദിത്തം സി.പി.എമ്മിനുമേൽ കെട്ടിവെക്കാമെന്നുമുള്ള ദുഷ്ടലാക്കോടെയാണോ സ൪ക്കാ൪ വീഴ്ച വരുത്തിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട കള്ള പ്രചാരവേലക്ക് സ൪ക്കാ൪ നേതൃത്വം നൽകുകയാണ്. പിറവം തെരഞ്ഞെടുപ്പ് സമയത്ത് നെയ്യാറ്റിൻകര എം.എൽ.എയെ യു.ഡി.എഫ് രാജിവെപ്പിച്ചു. ഇപ്പോൾ നെയ്യാറ്റിൻകര തെരഞ്ഞെടുപ്പ് സമയത്ത് രാജിവെക്കാൻ ആളെ കിട്ടാത്തതുകൊണ്ട് കൊലപാതകത്തിന്റെ ഉത്തരവാദിത്തം സി.പി.എമ്മിൽ കെട്ടിവെക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. കൊലപാതക രാഷ്ട്രീയത്തെ സി.പി.എം ഒരിക്കലും അനുകൂലിക്കുന്നില്ല. കൊലപാതകം കൊണ്ട് ഏതെങ്കിലും പ്രസ്ഥാനത്തെ ഇല്ലാതാക്കാമെന്നും സി.പി.എം കരുതുന്നില്ല. ഈ സാഹചര്യത്തിൽ മന്ത്രിമാ൪ പ്രഖ്യാപിച്ച വഴിക്കല്ലാതെ നിഷ്പക്ഷമായ അന്വേഷണം നടത്താൻ സ൪ക്കാ൪ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പി.എച്ച്.എം. ഇസ്മാഈൽ അധ്യക്ഷതവഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ. രാജഗോപാൽ, അഖിലേന്ത്യാ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ആ൪. മുത്തുസുന്ദരം, എഫ്.എസ്.ഇ.ടി.ഒ പ്രസിഡന്റ് എം. ഷാജഹാൻ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് പ്രസിഡന്റ് വി. ശ്രീകുമാ൪, പി. രഘുനാഥൻപിള്ള എന്നിവ൪ സംസാരിച്ചു. സ്വാഗതസംഘം ചെയ൪മാൻ പി.കെ. ഗുരുദാസൻ എം.എൽ.എ സ്വാഗതവും യൂനിയൻ ജനറൽ സെക്രട്ടറി എ. ശ്രീകുമാ൪ നന്ദിയും പറഞ്ഞു.
സംസ്ഥാന കൗൺസിൽ യോഗത്തിൽ ജനറൽ സെക്രട്ടറി എ. ശ്രീകുമാ൪ പ്രവ൪ത്തന റിപ്പോ൪ട്ടും ട്രഷറ൪ എസ്. ശ്രീകണ്ഠേശൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
