മുളന്തുരുത്തി ഇരട്ടക്കൊല: പ്രതിക്ക് ഇരട്ട ജീവപര്യന്തം
text_fieldsകൊച്ചി: മുളന്തുരുത്തിയിൽ അച്ഛനെയും മകളെയും കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ്. ചെന്നിത്തല ചെറുകോൽ കുപ്പാരയിൽ സാം വ൪ഗീസിനെയാണ് (41) എറണാകുളം അഡീഷനൽ സെഷൻസ് ജഡ്ജി പി.കെ. ലക്ഷ്മണൻ ശിക്ഷിച്ചത്. മുളന്തുരുത്തി കരവട്ടെകുരിശ് പടിപ്പുരക്കൽ വീട്ടിൽ പി.ടി. ജോസഫ് (കൊച്ചൗസേപ്പ് -75), ജോസഫിന്റെ മകൾ കുഞ്ഞുമോൾ (26)എന്നിവരാണ് കൊല്ലപ്പെട്ടത്. കുഞ്ഞുമോളുടെ ഭ൪ത്താവാണ് പ്രതി.
ഇരട്ടക്കൊലക്കുറ്റത്തിന് ജീവപര്യന്തവും 50,000 രൂപ പിഴയും വിധിച്ച കോടതി, ഭാര്യാമാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിന് രണ്ടാമത്തെ ജീവപര്യന്തവും 25,000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഒരു വ൪ഷം വീതം അധിക തടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. സാം വ൪ഗീസ് പ്രകടിപ്പിച്ച ക്രൂരത ഇതിനേക്കാൾ കഠിനമായ ശിക്ഷ അ൪ഹിക്കുന്നതാണെങ്കിലും കേസ് അപൂ൪വങ്ങളിൽ അപൂ൪വമായി കണക്കാക്കാൻ കഴിയില്ലെന്ന് വിലയിരുത്തിയാണ് വധശിക്ഷ ഒഴിവാക്കിയതെന്ന് കോടതി പറഞ്ഞു.
2006 ജൂലൈ 16ന് അ൪ധരാത്രിയാണ് ഇരട്ടക്കൊലപാതകം നടന്നത്. സംഭവ ദിവസം രാത്രി മാവേലിക്കരയിൽനിന്ന് ട്രെയിനിൽ മുളന്തുരുത്തിയിലെത്തിയ സാം കൈയിൽ കരുതിയിരുന്ന കീടനാശിനി കല൪ത്തിയ ശീതളപാനീയം നി൪ബന്ധിച്ച് നൽകിയാണ് കുഞ്ഞുമോളെ കൊന്നത്. കുഞ്ഞുമോളുടെ മരണ വെപ്രാളം കണ്ടാണ് ജോസഫ് ഓടിയെത്തിയത്. ഉടൻ ജോസഫിനെ പ്രതി വീടിന് പിന്നിലെ കിണറ്റിലെറിഞ്ഞു. ജോസഫിന്റെ ഭാര്യ കുഞ്ഞമ്മ ഈ സമയം അയൽപ്പക്കത്തെ വീട്ടിലായിരുന്നു. നിലവിളി കേട്ട് കുഞ്ഞമ്മ പുറത്തേക്കിറങ്ങിയപ്പോൾ സാം എത്തി കുഞ്ഞുമോൾക്ക് വയറുവേദനയാണെന്നും ആശുപത്രിയിലെത്തിക്കണമെന്നും പറഞ്ഞു. ഇത് വിശ്വസിച്ച് വീട്ടിലെത്തിയ കുഞ്ഞമ്മയെയും പ്രതി കിണറ്റിലിട്ടു. ബക്കറ്റിന്റെ കയറിൽ തൂങ്ങിക്കിടന്ന കുഞ്ഞമ്മയെ കയ൪ മുറിച്ച് വെള്ളത്തിലിടാൻ ശ്രമിച്ചു. എന്നാൽ, കിണറ്റിൽനിന്നുള്ള പൈപ്പിൽ ഇവ൪ പിടിച്ചിരുന്നു. ദേഷ്യമടങ്ങാതെ പ്രതി ഹോളോ ബ്രിക്സ് കട്ട കുഞ്ഞമ്മയുടെ തലയിലെറിഞ്ഞു. കൈയിൽ കരുതിയിരുന്ന മാരക കീടനാശിനി കിണറ്റിൽ കലക്കുകയും ചെയ്തു. ശേഷം സമീപത്തെ ലീലാമ്മ വ൪ഗീസിന്റെ വീട്ടിലെത്തി താൻ ഇവിടെ വന്നതായി ആരും അറിയരുതെന്ന് ഭീഷണിപ്പെടുത്തി. അഞ്ച് മാസം പ്രായമായ പെൺകുഞ്ഞിന്റെ മാതാവായിരുന്നു കുഞ്ഞുമോൾ. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ട൪ ടി.പി. രമേശ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
