പഞ്ചാബ് ബാംഗ്ളൂരിനെ വീഴ്ത്തി
text_fieldsബംഗളൂരു: ഐ.പി.എല്ലിൽ ബാംഗ്ളൂ൪ റോയൽ ചലഞ്ചേഴ്സിനെതിരെ പഞ്ചാബ് കിങ്സ് ഇലവന് നാലു വിക്കറ്റിൻെറ ആവേശോജ്വല ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയ൪ 20 ഓവറിൽ അഞ്ച് വിക്കറ്റിന് 158 റൺസെടുത്തപ്പോൾ പഞ്ചാബുകാ൪ ഒരുപന്ത് ബാക്കിയിരിക്കേ ആറു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 36 പന്തിൽ അഞ്ചു ബൗണ്ടറിയടക്കം 50 റൺസെടുത്ത നിതിൻ സെയ്നിയാണ് കിങ്സിൻെറ ടോപ് സ്കോറ൪. 29 പന്തിൽ രണ്ടു ഫോറും നാലു സിക്സുമുൾപ്പെടെ പുറത്താകാതെ 45 റൺസെടുത്ത ഡേവിഡ് ഹസിയും 30 പന്തിൽ ആറു ഫോറും ഒരു സിക്സുമടക്കം 43 റൺസെടുത്ത മൻദീപ് സിങ്ങും കിങ്സിനെ വിജയവഴിയിലേക്ക് നയിച്ചു.
ജയിക്കാൻ മൂന്നോവറിൽ 12 റൺസ് മാത്രം മതിയായിരുന്ന പഞ്ചാബ് നിരയിൽ അസ്ഹ൪ മഹ്മൂദ് (2), ഡേവിഡ് ഹസി, അഭിഷേക് നായ൪ (2) എന്നിവ൪ റണ്ണൗട്ടായതോടെ അവസാന ഓവറിൽ അഞ്ചു റൺസ് വേണമെന്ന അവസ്ഥയായി. പിന്നീട് രണ്ടു പന്തിൽ രണ്ടു റൺസ് വേണ്ടിയിരിക്കേ വിനയ്കുമാറിനെതിരെ സിക്സ൪ പായിച്ച് പിയൂഷ് ചൗള പഞ്ചാബിൻെറ തുണക്കെത്തുകയായിരുന്നു.
ഒരിക്കൽ കൂടി ക്രീസിൽ തക൪ത്താടിയ ക്രിസ് ഗെയിൽ ചാലഞ്ചേഴ്സ് നിരയിൽ ടോപ് സ്കോററായി. ഗെയിൽ 42 പന്തിൽ 71 റൺസെടുത്തപ്പോൾ 42 പന്തിൽ 45 റൺസുമായി വിരാട് കോഹ്ലിയും തിളങ്ങി. പഞ്ചാബിനുവേണ്ടി അസ്ഹ൪ മഹ്മൂദ് മൂന്നു വിക്കറ്റ് വീഴ്ത്തി. നാല് ഓവറിൽ എട്ട് റൺസ് മാത്രം വഴങ്ങി മികച്ച ബൗളിങ് പുറത്തെടുത്ത പ്രവീൺ കുമാറിന് പക്ഷേ, വിക്കറ്റൊന്നും ലഭിച്ചില്ല.
രണ്ടാം ഓവറിൽ ഓപണ൪ മായങ്ക് അഗ൪വാളിനെ (ഏഴ്) ക്ളീൻ ബൗൾഡാക്കി ആസ്ട്രേലിയൻ പേസ൪ റ്യാൻ ഹാരിസ് ചലഞ്ചേഴ്സിന് തുടക്കത്തിൽ ഷോക്ക് നൽകി. എന്നാൽ, ഗെയിലിന് കൂട്ടായി കോഹ്ലി എത്തിയതോടെ പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 32ാം പന്തിൽ അ൪ധശതകം തികച്ച ഗെയിൽ അടുത്ത പന്തിൽ സിക്സ൪ നേടി ടീം ടോട്ടൽ നൂറു കടത്തി. 13ാം ഓവറായിരുന്നു ഇത്. 16ാം ഓവറിൽ അസ്ഹ൪ മഹ്മൂദാണ് ഈ കൂട്ടുകെട്ട് തക൪ത്തത്. രണ്ടാം പന്തിൽ ഗെയിലിനെ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡ൪ ഡേവിഡ് മില്ല൪ പിടിച്ചു. ആറ് ഫോറും നാല് സിക്സുമടങ്ങുന്നതായിരുന്നു ഗെയിലിൻെറ ഇന്നിങ്സ്. രണ്ടാം വിക്കറ്റിൽ ഈ സഖ്യം 119 റൺസ് ചേ൪ത്തു.
തൊട്ടടുത്ത ഓവറിൽ കോഹ്ലിയെ (45) പീയുഷ് ചൗള ക്ളീൻ ബൗൾഡാക്കി. 13 പന്തിൽ 17 റൺസെടുത്ത എബി ഡി വില്ലിയേഴ്സാണ് സ്കോ൪ 150 കടത്തിയത്. അവസാന ഓവറിലെ ആദ്യ പന്തിൽ ആൻറണി മക്ഡൊണാൾഡിനെ (ഒമ്പത്) വിക്കറ്റ് കീപ്പ൪ നിതിൻ സൈനിയുടെയും ഡിവില്ലിയേഴ്സിനെ പീയുഷിൻറെയും കൈകളിലെത്തിച്ച അസ്ഹ൪ ഇരകളുടെ എണ്ണം മൂന്നാക്കി. പ്രവീണിൻെറ ഓവറുകളിൽ ഒരു ബൗണ്ടറി പോലും പിറന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
