വിസ്മയ കാഴ്ചകള്‍ ഇനി മുണ്ടോത്ത്പറമ്പില്‍ വിരുന്നെത്തും
text_fieldsകോട്ടക്കൽ: പറഞ്ഞും കേട്ടും മാത്രം പരിചയിച്ച ഗോളാന്തര വിസ്മയ കാഴ്ചകൾ മുണ്ടോത്ത് പറമ്പ് ഗവ. യു.പി സ്കൂളിലൊരുക്കിയ കാഴ്ചക്കുഴലിലൂടെ ഇനി വിരുന്നെത്തും. തിരുവനന്തപുരത്തെ ശാസ്ത്ര സാങ്കേതിക മ്യൂസിയം ഒരുക്കിയ വാനനിരീക്ഷണ കേന്ദ്രമാണ് മനം മാത്രമറിഞ്ഞിരുന്ന വിദൂര മാനക്കാഴ്ചകളിലേക്ക് മിഴിതുറക്കുക. ‘സി. വി. രാമൻ സെൻറ൪ ഫോ൪ ബേസിക് ആസ്ട്രോണമി’ എന്ന് പേരിട്ട വാനനിരീക്ഷണ കേന്ദ്രം ഞായറാഴ്ച രാത്രി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. പത്തു ലക്ഷം രൂപ ചെലവഴിച്ചാണ് കേന്ദ്രമൊരുക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ നാലാമത്തെ കേന്ദ്രമാണ് ഇത്. കാസ൪കോട്, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് മറ്റുകേന്ദ്രങ്ങൾ. ജില്ലക്കാകെ ആകാശ കാഴ്ചകളുടെ വിരുന്നൊരുക്കാനുള്ള അവസരമാണ് കേന്ദ്രം അനുവദിച്ച് കിട്ടിയതിലൂടെ മുണ്ടോത്ത് പറമ്പ് യു.പി സ്കൂളിന് കൈവന്നത്. ടെലിസ്കോപ്പ്, പ്രോജക്ട൪, കാമറ തുടങ്ങിയ ഉപകരണങ്ങളടങ്ങിയ കേന്ദ്രം ഉപഗ്രഹബന്ധിതവും സ്വയം നിയന്ത്രിതവും പൂ൪ണമായി കമ്പ്യൂട്ട൪വത്കരിച്ചതുമാണ്. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും പങ്കെടുത്ത ഉത്സവാന്തരീക്ഷത്തിലായിരുന്നു ഉദ്ഘാടനം. ടി.ടി. ആരിഫ, ടി.ടി. ബീരാവുണ്ണി, സി. കുഞ്ഞമ്മദ് മാസ്റ്റ൪, എൻ. മമ്മദ്കുട്ടി, എം.കെ. റസിയ, ഒ.കെ. അബ്ദുൽഗനി അനീസ്, എം.കെ. കദീജ, ടി. മൊയ്തീൻകുട്ടി, എ.എ. ആയിശ, എം. കോമുകുട്ടി, പി. അഹമ്മദു, പി. മുഹമ്മദ് കുട്ടി, കൃഷ്ണകുമാ൪ തുടങ്ങിയവ൪ ചടങ്ങിനെത്തി.