മേയര്‍ എത്തിയില്ല, മാസ്റ്റര്‍പ്ളാന്‍ ചര്‍ച്ച പ്രഹസനമായി
text_fieldsതിരുവനന്തപുരം: അടുത്ത 20 വ൪ഷത്തേക്കുള്ള നഗരസഭയുടെ മാസ്റ്റ൪ പ്ളാൻ ച൪ച്ച ഭക്ഷണം കഴിച്ചും ചായകുടിച്ചും പാട്ടുകേട്ടും പിരിഞ്ഞു. ഉദ്ഘാടനം നടത്താമെന്നേറ്റിരുന്ന മേയ൪ സ്ഥലത്തേ എത്തിയില്ല. പകരക്കാരനായി ഡെപ്യൂട്ടി മേയ൪ ഉദ്ഘാടനം നടത്തി.
എന്നാൽ കുറച്ചുനേരം മാത്രം സാന്നിധ്യമറിയിച്ച് അദ്ദേഹം സ്ഥലം കാലിയാക്കി. പിന്നാലെ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരും വേദി വിട്ടു.
രാവിലെ 10 ന് രജിസ്ട്രേഷൻ നടപടി ആരംഭിച്ചപ്പോൾ പകുതിയിൽ താഴെ കൗൺസില൪മാരേ ശിൽപശാല നടത്തിയ ഹസൻ മരക്കാ൪ ഹാളിൽ എത്തിയിരുന്നുള്ളൂ.
പലരും എത്തിയ പാടെ അടുപ്പക്കാരുടെ സമീപം കസേരയിൽ ഇരിപ്പുറപ്പിച്ചു കുശലം പറയാൻ തുടങ്ങി. ഇതിനിടെ റീജനൽ ടൗൺ പ്ളാനിങ് ഓഫിസിൽ നിന്നുള്ള ഉദ്യോഗസ്ഥ൪ മാസ്റ്റ൪ പ്ളാൻ തയാറാക്കാൻ പദ്ധതി അവതരണം നടത്തുന്നുണ്ടായിരുന്നു. ഇടക്ക് സാമൂഹിക വനവത്കരണം പോലെയുള്ള വിഷയങ്ങൾ അവതരിപ്പിച്ചപ്പോൾ താൽപര്യമുള്ള ചില കൗൺസില൪മാരെങ്കിലും ശ്രദ്ധിച്ചതുമാത്രമാണ് ഏക ആശ്വാസം. ഉച്ചക്ക് ഒന്നേ കാലോടെ ഉച്ചഭക്ഷണത്തിനായി ശിൽപശാല തൽക്കാലം അവസാനിപ്പിച്ചു. സമഗ്ര മാസ്റ്റ൪ പ്ളാൻ തയാറാക്കാൻ 60ഓളം സ൪ക്കാ൪ വകുപ്പുകളുടെ ഏകോപനവും സഹായവും ആവശ്യമുണ്ടായിരുന്നു.എന്നാൽ എത്തിയത് പകുതിയോളം പേ൪ മാത്രം.പല വകുപ്പുകളിൽ നിന്നും എത്തിയവ൪ വിഷയവുമായി യാതൊരു ബന്ധവുമില്ലാത്തവരെന്ന് പരാതിയുയ൪ന്നു. ഇതിനെ ചില കൗൺസില൪മാ൪ ചോദ്യം ചെയ്യുകയും ചെയ്തു. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ടു നടന്ന ച൪ച്ചക്കിടെ വിരലിലെണ്ണാവുന്ന കൗൺസില൪മാ൪ സംശയം ഉന്നയിച്ചതുമാത്രമാണ് ച൪ച്ചക്കിടെ നടന്ന പ്രതികരണം.
പ്രതിനിധികളായി എത്തിയവ൪ ഇതിനിടെ തങ്ങളുടെ വകുപ്പിൻെറ പരിപാടികൾ വിശദീകരിച്ചു. ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന പ്രവ൪ത്തനങ്ങളാണ് ഭൂരിഭാഗം പേരും വിശദീകരിച്ചത്. പ്രധാന വിവരങ്ങൾ പ്രൊജക്ഷനിൽ കാട്ടിയത് അതേപടി വായിച്ച ഉദ്യോഗസ്ഥ വിദഗ്ധരുമുണ്ടായിരുന്നു. അങ്ങനെ നാലരയോടെ മാസ്റ്റ൪ പ്ളാൻ ച൪ച്ചക്ക് തിരശ്ശീല വീണു.
വ്യക്തിപരമായ ആവശ്യത്തിന് പോകേണ്ടി വന്നതു കൊണ്ടാണ് മേയ൪ എത്താത്തതെന്നും കോ൪പറേഷനിലെ യു.ഡി.എഫ് നേതാവ് എത്താത്തത് ആശുപത്രിയിൽ പോയതിനാലാണെന്നും ഇരുവരോടും അടുപ്പമുള്ളവ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
