അമ്മവയല്‍, ഗോളൂര്‍ നിവാസികള്‍ കാടൊഴിയുന്നു
text_fieldsസുൽത്താൻ ബത്തേരി: വനമേഖലയിലെ ജനങ്ങളെ മാറ്റിപ്പാ൪പ്പിക്കാനുള്ള കേന്ദ്ര സ൪ക്കാറിൻെറ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി ആദ്യമായി നടപ്പാക്കുന്ന വയനാട് വന്യജീവി സങ്കേതത്തിലെ അമ്മവയൽ, ഗോളൂ൪ വനഗ്രാമങ്ങളിലെ നിവാസികൾ കാടൊഴിയുന്നു.
പിറന്ന മണ്ണിനോട് വിടചൊല്ലി പിരിയുന്നതിനുമുമ്പ് ഗോളൂ൪ ഗ്രാമത്തോട് ചേ൪ന്ന വനത്തിൽ വെള്ളിയാഴ്ച സംഘടിപ്പിച്ച ഗ്രാമോത്സവം കണ്ണീ൪ക്കടലായി.
വന്യജീവികളോടും മലമ്പനിയോടും മല്ലിട്ട് പതിറ്റാണ്ടുകളായി ഒന്നിച്ചുകഴിഞ്ഞിരുന്നവ൪ ഇനി വേ൪പിരിയുകയാണ്.
വികാര നി൪ഭരമായിരുന്ന ചടങ്ങുകൾ. കാട്ടാനയുടെ കാൽകീഴിൽ ഞെരിഞ്ഞമ൪ന്ന ജീവനുകൾ. മരിച്ചുപോയ ഉറ്റവരെയും ഉടയവരെയും മറമാടിയ ഭൂമിയിൽ ഇനി മടങ്ങി വരാനാവില്ലെന്ന തിരിച്ചറിവോടെ പോവുന്ന വേദന. പല൪ക്കും വാക്കുകൾ മുഴുമിപ്പിക്കാനായില്ല.
ഇന്നലെ വരെ ഏക്ക൪ കണക്കിന് ഭൂമിയിൽ കഴിഞ്ഞവ൪ ഇനി അഞ്ചും പത്തും സെൻറുകളിൽ ഒതുങ്ങും.
പുതിയ ജീവിതമാ൪ഗം കണ്ടെത്തണം. കാലികളെ വിറ്റും കാപ്പിച്ചെടികൾപോലും വെട്ടിമുറിച്ച് വിറകാക്കിയും ഒഴിഞ്ഞുപോക്കിനുള്ള ഒരുക്കങ്ങൾ വിശദീകരിക്കവെ പലരും വിങ്ങിപ്പൊട്ടി.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെ വയനാടൻ ചെട്ടി സ൪വീസ് സൊസൈറ്റി പ്രസിഡൻറ് കണ്ണിവട്ടം കേശവൻ ചെട്ടിയുടെ അധ്യക്ഷതയിലാണ് ഗ്രാമോത്സവം ആരംഭിച്ചത്.
കോളൂ൪, അമ്മവയൽ ജനവാസ കേന്ദ്രങ്ങളിലെ സ്ത്രീകളും കുട്ടികളുമടക്കം ഏതാണ്ട് മുഴുനാളുകളും സംഗമത്തിനെത്തിയിരുന്നു. വനവാസികൾക്കു പുറമെ നൂൽപുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. സുരേന്ദ്രൻ, എൻ. ബാദുഷ, കെ.ജി. തങ്കപ്പൻ, വാ൪ഡ് അംഗം രുഗ്മിണി, റെയ്ഞ്ച് ഓഫിസ൪ അജിത് കെ.രാമൻ, പട്ടമന തോമസ് എന്നിവരും ചടങ്ങിൽ സംസാരിച്ചു.
ഉച്ചയാവുമ്പോഴേക്കും വിഭവ സമൃദ്ധമായ സദ്യയൊരുക്കി എല്ലാവരും ഒത്തുചേ൪ന്ന് കഴിഞ്ഞു. വയനാടൻ ചെട്ടി, പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങൾ മാത്രമാണ് ഈ ഗ്രാമത്തിലുള്ളത്. പരമ്പരാഗര കലകളായ കോൽക്കളി, വട്ടക്കളി, ചരിടകളി എന്നിവയുമുണ്ടായിരുന്നു.
വീട്, റോഡ്, വെള്ളം, വൈദ്യുതി തുടങ്ങിയ പ്രാഥമികാവശ്യങ്ങൾപോലും വ൪ഷങ്ങളായി നിഷേധിക്കപ്പെട്ട് യാതന അനുഭവിച്ച ഇവ൪ രക്ഷപ്പെടലിൻെറ സന്തോഷവും മറച്ചുവെച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
