സ്നേഹ സന്ദേശവുമായി കാതോലിക്കാ ബാവ ശൈഖ് സായിദ് മസ്ജിദില്‍
text_fieldsഅബൂദബി: യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിൻെറ ഖബറിന് മുന്നിൽ നിശബ്ദനായി മലങ്കര ഓ൪ത്തഡോക്സ് സഭ പരമാധ്യക്ഷൻ മാ൪ ബസേലിയോസ് മാ൪ത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ. സമീപം ചെങ്ങന്നൂ൪ ഭദ്രാസനാധിപൻ തോമസ് മാ൪ അത്തനാസിയോസ്, ബ്രഹ്മവാ൪ ഭദ്രാസനാധിപൻ യാക്കോബ് മാ൪ ഏലിയാസ്, വികാരിമാ൪ എന്നിവ൪ക്ക് പുറമെ സ്ത്രീകൾ ഉൾപ്പെടെ ക്രൈസ്തവ വിശ്വാസികളുടെ സംഘം.
ഖബറിടത്തിൽനിന്ന് നിശ്ചിത ഇടവേളകളിൽ ഒഴികെ പുറത്ത് കേൾക്കുന്ന ഖു൪ആൻ പാരായണം അൽപ സമയം കേൾക്കാതായി. കാതോലിക്കാ ബാവ പ്രാ൪ഥന തുടങ്ങി; ‘നാഥാ നിൻ....’. എല്ലാവരും ഉച്ചത്തിൽ ഏറ്റുചൊല്ലി. തുട൪ന്ന് മസ്ജിദിൻെറ അകത്തേക്ക് നീങ്ങി. ഒപ്പം, ഓരോ കാര്യവും വിശദീകരിച്ച് പള്ളിയുടെ ചുമതലക്കാരും.
മലങ്കര ഓ൪ത്തഡോക്സ് സഭയുടെ കാതോലിക്കയായി സ്ഥാനമേറ്റ ശേഷം ആദ്യമായി അബൂദബിയിലെത്തിയ ബാവ വ്യാഴാഴ്ച രാവിലെ 9.30നാണ് പള്ളിയിലെത്തിയത്. ഡയറക്ട൪ യൂസുഫ് അൽ ഉബൈദിലി ഉൾപ്പെടെയുള്ളവ൪ കാത്തുനിന്നിരുന്നു. പ്രധാന ഓഫിസിലേക്കാണ് ബാവയെ കൊണ്ടുപോയത്. അവിടെ ചെറിയ ച൪ച്ച. വിഷയം ഇസ്ലാം, ക്രൈസ്തവ മതങ്ങളും അവയുടെ പാരമ്പര്യങ്ങളും.
അൽപ സമയത്തിന് ശേഷം പള്ളിയുടെ വിവിധ ഭാഗങ്ങൾ കാണാനുള്ള യാത്ര തുടങ്ങി. ആദ്യം ലൈബ്രറിയിലാണ് എത്തിയത്. ചില അത്യപൂ൪വ ഗ്രന്ഥങ്ങൾ ബാവയും സംഘവും കണ്ടു. ഇസ്ലാമിക വാസ്തു ശിൽപ വിദ്യ ഇന്ത്യയിൽ, ഇൻഡോ-ഇസ്ലാമിക് വാസ്തു ശിൽപ വിദ്യ തുടങ്ങിയവ പ്രത്യേകം പരിശോധിച്ചു. ലൈബ്രറിയിലെ ഗ്രന്ഥ ശേഖരവും സംവിധാനങ്ങളും ബാവയെ ഏറെ ആക൪ഷിച്ചു.
പിന്നീട് ശൈഖ് സായിദിൻെറ ഖബറിന് മുന്നിലാണ് എത്തിയത്. ഇവിടെ എത്തിയപ്പോൾ, ശൈഖ് സായിദിന് വേണ്ടി പ്രാ൪ഥിക്കണമെന്ന് ബാവ ആഗ്രഹം പ്രകടിപ്പിച്ചു. ഇത് സ്വീകരിച്ച യൂസുഫ് അൽ ഉബൈദിലി ഉടൻ സൗകര്യമുണ്ടാക്കി. പ്രാ൪ഥനക്ക് ശേഷം പള്ളിയുടെ അകത്ത് ഏറ്റവും പ്രധാന ഭാഗത്തേക്കാണ് പോയത്. ഇതിനിടയിൽ പള്ളിയുടെ നി൪മാണ മാതൃകയും മറ്റും ഗൈഡ് മുഹമ്മദ് അബ്ദുല്ല അൽ ഹാശിമി വിശദീകരിച്ചു.
അകത്തെ കാ൪പെറ്റിലൂടെ നടന്നപ്പോൾ, കൈകൊണ്ട് തുന്നിയുണ്ടാക്കിയ ലോകത്തെ ഏറ്റവും വലിയ കാ൪പെറ്റാണിതെന്ന് കേട്ടത് ബാവയെ അത്ഭുതപ്പെടുത്തി.
മിമ്പറിന് (പ്രസംഗ പീഠം) അടുത്തെത്തിയപ്പോൾ ച൪ച്ച രണ്ടു മതങ്ങളിലെയും വിശ്വാസം, ആരാധന എന്നിവയെ കുറിച്ചായി. രണ്ടു മതങ്ങളുടെയും ഇബ്രാഹീമി (അബ്രഹാം) പാരമ്പര്യം ബാവ എടുത്തുപറഞ്ഞു. ഖുതുബയും കു൪ബാനയും തമ്മിലെ സാമ്യതയും ച൪ച്ചയിൽ വന്നു.
രണ്ടു മണിക്കൂറോളം നീണ്ട സന്ദ൪ശനം പൂ൪ത്തിയാക്കി മടങ്ങുമ്പോൾ, മതങ്ങൾ ലോകത്തിന് നൻമയും സമാധാനവുമാണ് നൽകുന്നതെന്നും ഇത് എല്ലാവരും മനസ്സിലാക്കിയാൽ ലോകത്ത് സംഘ൪ഷമുണ്ടാവില്ലെന്നും ബാവ ഉണ൪ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
