മരണാനന്തരാനുകൂല്യം സൗദി എംബസിയില്‍ കെട്ടിക്കിടക്കുന്നുവെന്നു പരാതി
text_fieldsറിയാദ്: സൗദി അറേബ്യയിൽ മരിച്ചവരുടെ അനന്തരാവകാശികൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ ഇന്ത്യൻ എംബസിയിൽ കെട്ടിക്കിടക്കുന്നതായി പരാതി. വിവിധ കാരണങ്ങളാൽ മരിച്ച നാലു മലയാളികളുടേതടക്കം എട്ടു ഇന്ത്യക്കാരുടെ കേസുകളിൽ ബന്ധപ്പെട്ട മന്ത്രാലയങ്ങളിൽനിന്നും കമ്പനികളിൽനിന്നും മരണാനന്തരാനുകൂല്യമായും നഷ്ടപരിഹാരമായും വന്നുചേ൪ന്ന ചെക്കുകളാണ് നാട്ടിൽ കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് കിട്ടിയിട്ടില്ലെന്ന് കാണിച്ച് റിയാദ് ഫൊക്കാസ പ്രവ൪ത്തക൪ അംബാസഡ൪ ഹാമിദലി റാവുവിനും ബന്ധപ്പെട്ട വകുപ്പുകൾക്കും പരാതി നൽകിയത്.
ചെക്ക് എംബസിയിലെത്തി മൂന്നുമാസം കഴിഞ്ഞ സംഭവങ്ങളും ഇക്കൂട്ടത്തിലുണ്ടെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് ഫൊക്കാസ പ്രസിഡന്റ് ആ൪. മുരളീധരൻ വാ൪ത്താകുറിപ്പിൽ പറഞ്ഞു.
ചെക്ക് പണമാക്കി അതത് ജില്ല കലക്ട൪ ഓഫിസ് വഴി അനന്തരാവകാശികൾക്ക് എത്തിച്ചുകൊടുക്കുന്നതാണ് നടപടിക്രമം. സമയം കഴിഞ്ഞിട്ടും കിട്ടിയില്ലെന്നാണ് മരിച്ചവരുടെ ബന്ധുക്കൾ തങ്ങളെ അറിയിച്ചതെന്നും ഫൊക്കാസ പ്രവ൪ത്തക൪ പറഞ്ഞു.
ഇതിൽ 2000 റിയാൽ മുതൽ 1,75,392 റിയാൽ വരെയുള്ള കേസുകളുണ്ട്. മേമുറിയിൽ ഗോപാലകൃഷ്ണൻ മധുസൂദനൻ (4512 റിയാൽ), വാസുദേവൻ പിള്ള മോഹൻദാസ് (13,517), രാജേഷ് കുമാ൪ (2000), തണ്ടുതറക്കിൽ കാരാളിക്കാട്ടിൽ ശൗക്കത്ത് അലി (1,75,392) എന്നിവരുടെ കുടുംബങ്ങൾക്കും യു.പി സ്വദേശികളായ രാംജിത് സിങ് (2601), ഉമേഷ് കുമാ൪ (4149), തമിഴ്നാട്ടുകാരായ നാഗൂ൪ ജമാലുദ്ദീൻ (12,257), മാണിക്കം കന്ദസ്വാമി (3,800) എന്നിവരുടെ അനന്തരാവകാശികൾക്കും പണം കിട്ടിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
