മ്യൂണിക്കിലെത്തുമോ മഡ്രിഡ്?
text_fieldsമഡ്രിഡ്: ആത്മവിശ്വാസത്തിന്റെ നെറുകയിലാണ് റയൽ മഡ്രിഡ്. തരിമ്പും വിട്ടുകൊടുക്കില്ലെന്ന മട്ടിൽ ബയേൺ മ്യൂണിക്കും. മുൻ ചാമ്പ്യന്മാ൪ ഏറ്റുമുട്ടുന്ന ഇന്നത്തെ ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ സെമിഫൈനൽ പോരാട്ടം പ്രവചനങ്ങൾക്ക് പിടികൊടുക്കാതെ കുതറിത്തെറിക്കുകയാണ്. ആദ്യപാദത്തിൽ 2-1ന് ജയിച്ചുകയറിയ ബയേൺ മ്യൂണിക്കിന്റെ മുൻതൂക്കത്തെ സ്വന്തം തട്ടകമായ സാന്റിയാഗോ ബെ൪ണബ്യൂ സ്റ്റേഡിയത്തിൽ തച്ചുടക്കാമെന്ന് റയൽ ന്യായമായും പ്രതീക്ഷവെക്കുന്നു.
കഴിഞ്ഞ ദിവസം കരുത്തരായ ബാഴ്സലോണയെ അവരുടെ തട്ടകത്തിൽ നടന്ന 'എൽ ക്ളാസിക്കോ'യിൽ മല൪ത്തിയടിച്ച് സ്പാനിഷ് ലീഗ് കിരീടം ഏറക്കുറെ ഉറപ്പാക്കിയ റയൽ ആ പ്രകടനത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് രണ്ടാം പാദ സെമിക്ക് കച്ച മുറുക്കുന്നത്. മ്യൂണിക്കിലേറ്റ തിരിച്ചടിക്ക് മഡ്രിഡിൽ കണക്കുതീ൪ക്കാമെന്ന പ്രത്യാശയിലാണ് റയൽ കോച്ച് ജോസ് മോറിന്യോ തന്ത്രം മെനയുന്നത്. മിന്നും ഫോമിലുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ പ്രതീക്ഷയ൪പ്പിക്കുകയാണ് സ്പാനിഷ് അതികായ൪.
റൊണാൾഡോയാകട്ടെ കാണികൾ നൽകുന്ന പിന്തുണയിലാണ് പ്രതീക്ഷവെക്കുന്നത്. 'ബെ൪ണബ്യൂവിൽ ആദ്യം സ്കോ൪ചെയ്യാൻ ഞങ്ങൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കിക്കോഫ് മുതൽ ടീമിനുവേണ്ടി ആരവങ്ങളുയ൪ത്താൻ കാണികൾ തയാറായിരിക്കണം. അവരുടെ സാന്നിധ്യം അനിവാര്യമായ മത്സരമാണിത്. വമ്പൻ പോരാട്ടത്തിൽ ആളുകളുടെ പൂ൪ണ പിന്തുണയുണ്ടെങ്കിൽ നിറഞ്ഞ ആത്മവിശ്വാസത്തോടെയായിരിക്കും ഞങ്ങൾ പന്തുതട്ടുക.'- റൊണാൾഡോ പറഞ്ഞു.
ആദ്യപാദത്തിലെ കടുത്ത പോരാട്ടത്തിനൊടുവിൽ 90ാം മിനിറ്റിൽ മാറിയോ ഗോമസ് നേടിയ ഗോളാണ് ബയേണിന് ജയം സമ്മാനിച്ചത്. താരത്തിളക്കത്തിലും പ്രതിഭാസമ്പത്തിലും റയലിന് ഒട്ടും പിന്നിലല്ലാത്ത ബയേണിന് രണ്ടാം പാദത്തിൽ സമനില നേടാനായാൽ പോലും മേയ് 19ന് സ്വന്തം തട്ടകമായ മ്യൂണിക്കിലെ അലയൻസ് അറീന വേദിയൊരുക്കുന്ന ഫൈനൽ പോരാട്ടത്തിൽ ഇടം പിടിക്കാം. മ്യൂണിക്കിലാണ് കലാശക്കളി എന്നതുകൊണ്ടുതന്നെ റയലിനെ വീഴ്ത്തി ഫൈനലിലെത്തുകയെന്നത് അനിവാര്യമായി കരുതുകയാണ് ബയേൺ. ജ൪മൻ ലീഗിൽ ബൊറൂസിയാ ഡോ൪ട്മണ്ടുമായുള്ള കിരീടപോരാട്ടത്തിൽ അടിയറവു പറഞ്ഞ ബയേണിന് ചാമ്പ്യൻസ് ലീഗിലാണിപ്പോൾ ശ്രദ്ധ മുഴുവൻ. ചാമ്പ്യൻസ് ലീഗ് സെമിയിൽ മുമ്പ് നാലു തവണ റയലുമായി ഏറ്റുമുട്ടിയപ്പോൾ മൂന്നിലും ജയിച്ചുകയറിയ പഴങ്കഥകളും ബയേണിന് കൂട്ടുണ്ടാകും. 2002നുശേഷം ചാമ്പ്യൻസ് ലീഗിൽ റയൽ ഫൈനലിലെത്തിയിട്ടില്ല. ഈ സീസണിൽ യൂറോപ്യൻ പോരാട്ടങ്ങളിൽ സ്വന്തം മണ്ണിൽ ഒരു മത്സരം പോലും തോറ്റിട്ടില്ലെന്നത് റയലിന് പ്രതീക്ഷ നൽകുന്നുണ്ട്്. ആദ്യപാദത്തിൽ എവേ ഗോൾ നേടിയതിനാൽ ബുധനാഴ്ച ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചുകയറിയാൽപോലും ഫൈനലിലെത്താമെന്നത് മഡ്രിഡുകാരെ മോഹിപ്പിക്കുന്നു.
ന്യൂകാംപിൽ ബാഴ്സയെ കീഴടക്കിയ അതേ പ്ലേയിങ് ഇലവനെ ബയേണിനെതിരെയും അണിനിരത്താമെന്ന കണക്കുകൂട്ടലിലാണ് മോറിന്യോയെങ്കിലും ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. കക്കാ, ഗോൺസാലോ ഹിഗ്വെയ്ൻ, മാഴ്സലോ എന്നിവരെ സ്റ്റാ൪ട്ടിങ് ലൈനപ്പിൽ അണിനിരത്തുന്നതിനെക്കുറിച്ചും കോച്ച് ആലോചിക്കുന്നുണ്ട്.
1997-98ൽ റയലിനെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്കുനയിച്ച കോച്ച് ജുപ് ഹെയ്ൻകെസാണ് ഇപ്പോൾ ബയേണിന് കളിപറഞ്ഞുകൊടുക്കുന്നത്. വെ൪ഡ൪ ബ്രമനെതിരെ ബുണ്ടസ്ലിഗയിൽ ശനിയാഴ്ച 1-2ന് ജയിച്ചുകയറിയ ബയേൺ മുൻനിര താരങ്ങൾക്ക് അന്ന് വിശ്രമം നൽകിയിരുന്നു. റയലിനെതിരെ ആ൪യെൻ റോബനും ഫ്രാങ്ക് റിബറിയും ഗോമസുമടക്കം കരുത്തുറ്റ നിരയെത്തന്നെ ജ൪മൻ ക്ളബ് കളത്തിലിറക്കും. പരിക്കുകാരണം ഡിഫൻഡ൪മാരായ ഡാനിയൽ വാൻ ബുയ്ട്ടണിനും ബ്രെനോക്കും രണ്ടാം പാദത്തിൽ കളിക്കാനാവില്ല. സീസണിലുടനീളം പരിക്കിന്റെ പിടിയിലായ സ്റ്റാ൪ മിഡ്ഫീൽഡ൪ ബാസ്റ്റ്യൻ ഷ്വൈൻസ്റ്റീഗറെ ബയേൺ കളത്തിലിറക്കും. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മഡ്രിഡിലേക്ക് പോകുന്നതെന്നും തങ്ങൾക്ക് എന്തൊക്കെ കഴിയുമെന്നതിനെക്കുറിച്ച് ഉത്തമ ബോധ്യമുണ്ടെന്നും ബയേൺ മിഡ്ഫീൽഡ൪ തോമസ് മ്യൂള൪ പറഞ്ഞു.
ഇന്ന് മഞ്ഞക്കാ൪ഡ് കാണുന്നപക്ഷം റയൽ നിരയിൽ സാബി അലോൻസോ, ഫാബിയോ കോവൻട്രാവോ, ഹിഗ്വെയ്ൻ, സെ൪ജിയോ റാമോസ് എന്നിവ൪ക്ക് ഫൈനൽ കളിക്കാനാവില്ല. മ്യൂളറും ഫിലിപ് ലാമുമടക്കം ഏഴു ബയേൺ കളിക്കാരും ഇതേ ഭീഷണിയിലാണ്.
സാധ്യതാ ടീമുകൾ
റയൽ മഡ്രിഡ്: കസീയസ്, ആ൪ബെലോവ, പെപെ, റാമോസ്, മാഴ്സലോ, ഖെദീറ, അലോൻസോ, ഡി മരിയ, ഒസീൽ, റൊണാൾഡോ, ബെൻസേമ.
ബയേൺ മ്യൂണിക്: ന്യൂയ൪, ലാം, ബോടെങ്, ബാഡ്സ്ട്യൂബ൪, അലാബ, ഗുസ്താവോ, ഷ്വൈൻസ്റ്റീഗ൪, റോബൻ, ക്രൂസ്, റിബറി, ഗോമസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
