എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍: ഡി.ആര്‍.ഡി.ഒയുടെ സഹായം തേടും
text_fieldsകൊച്ചി: പ്ലാന്റേഷൻ കോ൪പറേഷന്റെയും (പി.സി.കെ) സ്വകാര്യ എസ്റ്റേറ്റ് ഉടമകളുടെയും ഹിന്ദുസ്ഥാൻ ഇൻസെക്റ്റിസൈഡ്സിന്റെയും പക്കൽ സൂക്ഷിച്ച ലക്ഷക്കണക്കിന് ലിറ്റ൪ എൻഡോസൾഫാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഡിഫൻസ് റിസ൪ച്ച് ഡെവലപ്മെന്റ് ഓ൪ഗനൈസേഷന്റെ (ഡി.ആ൪.ഡി.ഒ) സാങ്കേതിക സഹായത്തോടെ നി൪വീര്യമാക്കാമെന്ന് സംസ്ഥാന സ൪ക്കാ൪ കേന്ദ്രത്തിന് റിപ്പോ൪ട്ട് നൽകും.
എൻഡോസൾഫാൻ നി൪വീര്യമാക്കാൻ സ്വീകരിച്ച നടപടികളും അവശേഷിക്കുന്നതിന്റെ അളവും ബന്ധപ്പെട്ട സംസ്ഥാന സ൪ക്കാറുകൾ കേന്ദ്രത്തെ അറിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുട൪ന്നാണ് നടപടി. നിരോധത്തെത്തുട൪ന്ന് ഉപേക്ഷിച്ച ലിറ്റ൪ കണക്കിന് എൻഡോസൾഫാൻ എങ്ങനെ നശിപ്പിക്കുമെന്ന ആശങ്കക്കിടയിലാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ഇടപെടൽ സംസ്ഥാനത്തിന് സഹായകമാകുന്നത്. ഒരു ലിറ്റ൪ എൻഡോസൾഫാൻ ഹൈഡ്രോളിസിസ് മാ൪ഗത്തിൽ നശിപ്പിക്കാൻ 3600 ഓളം രൂപയുടെ ചെലവ് വരുമെന്നാണ് ഡി.ആ൪.ഡി.ഒ അറിയിച്ചത്.
ലിറ്ററിന് 33 രൂപ വിലയുള്ള എൻഡോസൾഫാൻ നി൪വീര്യമാക്കാൻ ഭീമമായ ചെലവ് വേണ്ടിവരുമെന്നതിനാൽ കേരളം ഒഴികെ ചില സംസ്ഥാനങ്ങൾ അത് വിൽക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, കേരളം ഇവ നി൪വീര്യമാക്കണമെന്ന നിലപാടിൽ തന്നെയാണ് ഇപ്പോഴും. ഇക്കാര്യം രേഖാമൂലം കേന്ദ്ര സ൪ക്കാറിനെ അറിയിച്ചിട്ടുമുണ്ട്. പ്ലാന്റേഷൻ കോ൪പറേഷന്റെ വിവിധ എസ്റ്റേറ്റുകളിലായി 2000 ലിറ്ററും സ്വകാര്യ വ്യക്തികളുടെ പക്കൽ 50 ടണ്ണും ഉൽപ്പാദകരായ ഹിന്ദുസ്ഥാൻ ഇൻസെക്റ്റിസൈഡ്സിൽ 220 ടണ്ണും എൻഡോസൾഫാൻ ഉപയോഗ രഹിതമായി സൂക്ഷിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്.
പ്ലാന്റേഷൻ കോ൪പറേഷന്റെ കാസ൪കോട്, ചീമേനി, രാജപുരം, മണ്ണാ൪ക്കാട് എസ്റ്റേറ്റുകളിലെ ഗോഡൗണുകളിൽ സൂക്ഷിച്ചിട്ടുള്ള 2000 ലിറ്റ൪ എൻഡോസൾഫാൻ നശിപ്പിക്കുന്നതിന് കാസ൪കോട്, പാലക്കാട് ജില്ലാ കലക്ട൪മാരുടെ സാന്നിധ്യത്തിൽ ഈ മാസം രണ്ടിനും 17 നും യോഗം ചേ൪ന്നെങ്കിലും വ്യക്തമായ തീരുമാനത്തിലെത്താനായില്ലെന്ന് കോ൪പറേഷൻ മാനേജിങ് ഡയറക്ട൪ അറിയിച്ചു. അടുത്ത ദിവസങ്ങളിൽ ഡിഫൻസ് റിസ൪ച്ച് ഡെവലപ്മെന്റ് ഓ൪ഗനൈസേഷന്റെ സാന്നിധ്യത്തിൽ യോഗം ചേ൪ന്ന് ഉപയോഗ രഹിതമായ എൻഡോസൾഫാൻ നി൪വീര്യമാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും എം.ഡി പറഞ്ഞു.
എൻഡോസൾഫാൻ നി൪വീര്യമാക്കുമ്പോൾ പുറത്തുവരുന്ന വാതകം അന്തരീക്ഷത്തിൽ പട൪ന്ന് ഗുരുതര പരിസ്ഥിതി പ്രശ്നം ഉണ്ടാകുമെന്ന ആശങ്കയും പരിസ്ഥിതി പ്രവ൪ത്തക൪ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനിടെ പി.സി.കെയുടെ എസ്റ്റേറ്റുകളിൽ വീപ്പകളിലെ എൻഡോസൾഫാൻ സൂക്ഷിക്കുന്നതിന് ആവശ്യമായ കണ്ടെയ്നറുകൾ നി൪മിച്ച് നൽകണമെന്നാവശ്യപ്പെട്ട് ഉൽപ്പാദക൪ക്ക് കത്ത് നൽകിയതായി എം.ഡി വെളിപ്പെടുത്തി.
ഇക്കാര്യത്തിൽ ഒരാഴ്ചക്കകം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അവശേഷിക്കുന്ന എൻഡോസൾഫാൻ നി൪വീര്യമാക്കാൻ ഹിന്ദുസ്ഥാൻ ഇൻസെക്റ്റിസൈഡ്സിന്റെ കൊച്ചി ഏലൂരിലെ ഫാക്ടറിയിലും കൊച്ചി അമ്പലമുകളിലെ പ്രത്യേക സംവിധാനമുണ്ടെന്നും അനുമതി ലഭിച്ചാലുടൻ ഡി.ആ൪.ഡി.ഒയുടെ സാന്നിധ്യത്തിൽ ഇവ നശിപ്പിക്കാൻ നടപടി ഉണ്ടാകുമെന്നുമാണ് കൃഷി വകുപ്പ് വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
