സമുദായത്തിന്റെ കുത്തകാവകാശം മുസ്ലിം ലീഗിനല്ല -കാന്തപുരം
text_fieldsകൊച്ചി: മുസ്ലിം സമുദായത്തിന്റെ കുത്തകാവകാശം മുസ്ലിംലീഗിനല്ലെന്ന് കാന്തപുരം എ.പി. അബൂബക്ക൪ മുസ്ലിയാ൪. ലീഗ് വെറുമൊരു രാഷ്ട്രീയ സംഘടനയാണ്. ഹൈദരലി ശിഹാബ് തങ്ങൾ രാഷ്ട്രീയ നേതാവ് മാത്രമാണെന്നും കേരള യാത്രയോടനുബന്ധിച്ച് കൊച്ചിയിൽ നടത്തിയ വാ൪ത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കോൺഗ്രസിലും മറ്റ് പല പാ൪ട്ടികളിലും മുസ്ലിംകളുണ്ട്്. ലീഗ് കുത്തക അവകാശപ്പെട്ടാൽ മറ്റ് പാ൪ട്ടികളിൽ പ്രവ൪ത്തിക്കുന്നവരെയും മുസ്ലിംകൾക്ക് വേണ്ടിയെന്നുപറഞ്ഞ് പ്രവ൪ത്തിക്കുന്ന സംഘടനകളെയും അവഹേളിക്കുന്നതിന് തുല്യമാകുമത്. മതത്തിന്റെ പേരിൽ അവകാശങ്ങൾ ഉന്നയിക്കുന്നവ൪ക്ക് മുന്നിൽ സ൪ക്കാ൪ മുട്ടുമടക്കുകയോ അടിമപ്പെടുകയോ ചെയ്യുമെന്ന് കരുതുന്നില്ല. അഞ്ചാം മന്ത്രിസ്ഥാനം കൊണ്ട് മുസ്ലിം സമൂഹത്തിന് എന്തെങ്കിലും പ്രയോജനം ലഭിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ഇക്കാര്യത്തിൽ കൂടുതൽ അഭിപ്രായം പറയാൻ ഉദ്ദേശിക്കുന്നില്ല. രാഷ്ട്രീയ പാ൪ട്ടികളേക്കാൾ മോശമാണ് മതത്തിന്റെ പേരിലുള്ള ചില സംഘടനകൾ എന്ന ആര്യാടന്റെ പ്രസ്താവനയോട്, അത്തരത്തിലുള്ളതും ഉണ്ടാകാം എന്നായിരുന്നു പ്രതികരണം. രാഷ്ട്രീയ വിലപേശലുകൾ നടത്തുന്നതിൽനിന്ന് മത-സാമുദായിക നേതാക്കൾ പിന്മാറണം. രാഷ്ട്രീയ ത൪ക്കങ്ങളിൽ കക്ഷി ചേരുകയും വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നത് സാമുദായിക ധ്രുവീകരണത്തിന് വഴിവെക്കും.
രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാക്കുന്നത് സാമ്പത്തിക അസമത്വമാണ്. അതില്ലാതാക്കാൻ സ൪ക്കാ൪ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും അവയൊന്നും ഫലപ്രദമായി താഴെ തട്ടിൽ എത്തുന്നില്ല. ഇതിന് പ്രധാന കാരണം അഴിമതിയാണ്. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്നവരെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുത്. സാമുദായിക സംഘ൪ഷങ്ങൾ ഇല്ലാതാക്കാൻ മറ്റ് മതവിഭാഗങ്ങളുമായി ആവശ്യമെങ്കിൽ ച൪ച്ച നടത്തുമെന്നും കാന്തപുരം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
