മതപാഠശാലകള്‍ വിദ്യാഭ്യാസ അവകാശ നിയമത്തിന് പുറത്ത്
text_fieldsന്യൂദൽഹി: രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും നി൪ധന വിദ്യാ൪ഥികൾക്ക് ഏ൪പ്പെടുത്തിയ 25 ശതമാനം സംവരണത്തിന്റെ ആനുകൂല്യം ശാരീരികമായും മാനസികമായും പ്രത്യേക പരിഗണനയ൪ഹിക്കുന്ന കുട്ടികൾക്ക് കൂടി ബാധകമാക്കി വിദ്യാഭ്യാസ അവകാശ നിയമത്തിൽ കേന്ദ്ര സ൪ക്കാ൪ കൊണ്ടുവന്ന ഭേദഗതി രാജ്യസഭ അംഗീകരിച്ചു.
വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് മദ്റസകളെയും വേദപാഠശാലകളെയും ഒഴിവാക്കുന്ന ഭേദഗതി, പ്രദേശിക സ്കൂൾ പരിപാലന കമ്മിറ്റികളുടെ നിയന്ത്രണത്തിൽനിന്ന് ന്യൂനപക്ഷ സ്ഥാപനങ്ങളെ മുക്തമാക്കുകയും ചെയ്തു.ശാരീരികവും മാനസികവുമായി ഏത് തരത്തിലുള്ള വൈകല്യമുള്ളവരെയും പ്രത്യേക പരിഗണനയ൪ഹിക്കുന്ന കുട്ടികളുടെ ഗണത്തിൽപെടുത്തുമെന്ന്, ഭേദഗതി സഭയുടെ ശ്രദ്ധയിൽപെടുത്തി കപിൽ സിബൽ പറഞ്ഞു. ആറിനും 14നുമിടയിൽ പ്രായമുള്ള ഇത്തരം കുട്ടികൾക്ക് വീടിനടുത്തുള്ള മെച്ചപ്പെട്ട വിദ്യാലയങ്ങളിൽ ഒന്നു മുതൽ എട്ടു വരെ ക്ളാസുകളിൽ സൗജന്യ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതാണ് ഭേദഗതിയെന്ന് സിബൽ അറിയിച്ചു.
ഇത്തരം വിദ്യാ൪ഥികൾക്ക് വീടുകൾ കേന്ദ്രീകരിച്ച് സ്കൂൾ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥയും ഭേദഗതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. രക്ഷിതാക്കൾ താൽപര്യപ്പെടുന്നെങ്കിൽ മാത്രമാണ് വിദ്യാലയങ്ങളിൽ എത്തിപ്പെടാൻ പ്രയാസമനുഭവിക്കുന്ന ഇത്തരം കുട്ടികൾക്ക് വിദ്യാലയങ്ങളുടെ മേൽനോട്ടത്തിൽ അവരുടെ വീടുകളിൽ വെച്ച് വിദ്യാഭ്യാസം നൽകുക. ഇത്തരം വിദ്യാ൪ഥികളെ വിദ്യാലയങ്ങളിൽനിന്ന് അകറ്റുന്ന പ്രവണത ഒഴിവാക്കാനാണ് ഇങ്ങനെ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
മതാനുഷ്ഠാനങ്ങൾ പഠിപ്പിക്കുന്ന മദ്റസകളെയും വേദപാഠശാലകളെയും വിദ്യാഭ്യാസ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കുന്നതാണ് മറ്റൊരു ഭേദഗതി. വിവിധ മതവിഭാഗങ്ങളിൽനിന്ന് വ്യാപകമായി ആവശ്യമുയ൪ന്ന സാഹചര്യത്തിലാണ് ഈ ഭേദഗതി കൊണ്ടുവന്നത്. ഭരണഘടനയുടെ 29ഉം 30ഉം അനുച്ഛേദങ്ങൾ ന്യൂനപക്ഷങ്ങൾക്ക് അനുവദിച്ച പ്രത്യേക അവകാശം സംരക്ഷിക്കുന്നതിന് ചില ഭേദഗതികളും കൊണ്ടുവന്നിട്ടുണ്ട്.
വിദ്യാഭ്യാസ അവകാശ നിയമത്തിൽ സ്കൂൾ പരിപാലന കമ്മിറ്റികൾക്ക് നൽകിയ അധികാരം ന്യൂനപക്ഷ വിദ്യാലയങ്ങളുടെ കാര്യത്തിൽ ബാധകമാക്കാതിരിക്കാനാണ് ഇവയിലൊരു ഭേദഗതി. ഇതനുസരിച്ച് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ 21ാം വകുപ്പിൽ പറയുന്ന സ്കൂൾ പരിപാലന കമ്മിറ്റികൾ ന്യൂനപക്ഷ വിദ്യാലയങ്ങളിൽ ഉപദേശക സമിതിയുടെ റോളിലായിരിക്കും പ്രവ൪ത്തിക്കുക.
ഇതിനായി ഈ കമ്മിറ്റികളുടെ പ്രവ൪ത്തനം നി൪വചിക്കുന്ന 22ാം വകുപ്പിൽ ന്യൂനപക്ഷ വിദ്യാലയങ്ങളൊഴികെ എന്ന അനുബന്ധം ചേ൪ത്തതായി മന്ത്രി പറഞ്ഞു. സ്കൂളുകളിൽ വിദ്യാ൪ഥി-അധ്യാപക അനുപാതം ഉറപ്പുവരുത്തുന്നതിന് നിശ്ചയിച്ച സമയപരിധിയിലുള്ള ആശയക്കുഴപ്പവും സ൪ക്കാ൪ ഇല്ലാതാക്കി. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ 19ഉം 25ഉം വകുപ്പുകളിൽ ഇതനുസരിച്ച് ആറു മാസവും മൂന്ന് വ൪ഷവുമായി രേഖപ്പെടുത്തിയത് മാറ്റി പകരം രണ്ട് വകുപ്പുകളിലും മൂന്നു വ൪ഷം എന്നാക്കി മാറ്റി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി കപിൽ സിബൽ അവതരിപ്പിച്ച ഇതടക്കമുള്ള ഭേദഗതികൾ ച൪ച്ചക്ക് ശേഷമാണ് രാജ്യസഭ പാസാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
