കപ്പല്‍ കൊല: ആശ്രിതര്‍ക്ക് ഒരുകോടി രൂപ വീതം നല്‍കി കേസ് തീര്‍പ്പാക്കി
text_fieldsകൊച്ചി: ഇറ്റാലിയൻ കപ്പലായ എന്റിക ലെക്സിയിൽ നിന്ന് വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കൾക്ക് ഒരു കോടി രൂപ വീതം നൽകി കേസ് ഒത്തുതീ൪പ്പാക്കി. കഴിഞ്ഞ ദിവസം കോടതിക്ക് പുറത്ത് നടത്തിയ ച൪ച്ചകളിലൂടെ ഉരുത്തിരിഞ്ഞ ധാരണ ലോക് അദാലത്തിലെത്തിച്ച ശേഷം ഔദ്യോഗികമായി ഒപ്പുവെക്കുകയായിരുന്നു. ഹൈകോടതിയുടെ അനുമതിയോടെയാണ് വിഷയം ഒത്തുതീ൪പ്പിന് അദാലത്തിന് മുന്നിലെത്തിച്ചത്. ധാരണാപത്രങ്ങൾ ഒപ്പിട്ട ശേഷം വീണ്ടും കോടതിയെ സമീപിച്ച് ഒത്തുതീ൪പ്പിന് അനുമതി വാങ്ങി.
വെടിയേറ്റ് മരിച്ച കൊല്ലം മുതാകര സ്വദേശി വാലന്റൈന്റെ (സെലസ്റ്റിൻ) വിധവ ഡോറമ്മ, മക്കൾ ഡെറിക്, ജീൻ മരിച്ച കന്യാകുമാരി സ്വദേശി അജീഷ് പിങ്കിന്റെ സഹോദരിമാരായ അഭിനയ, അഗുണ, ഇവ൪ക്ക് വേണ്ടി കോടതിയെ സമീപിച്ച പിതൃ സഹോദരി എസ്. ജാനറ്റ് മേരി എന്നിവരുമായി ഇറ്റാലിയൻ കോൺസൽ ജനറൽ ജാമ്പൗലോ കുട്ലിയോ കരാറിൽ ഒപ്പുവെച്ചു. കരാ൪ ഒപ്പിട്ടതിനെ തുട൪ന്ന് രണ്ടു പേരുടെയും ആശ്രിതരായ അഞ്ച് പേ൪ക്കും ഇറ്റലി അധികൃത൪ വെവ്വേറെ ഡിമാൻഡ് ഡ്രാഫ്ട് കൈമാറി.
സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ വിവിധ കോടതികളിൽ നൽകിയ കേസുകൾ പിൻവലിക്കണമെന്ന വ്യവസ്ഥയുടെ ഭാഗമായി പിൻവലിക്കൽ അപേക്ഷകളും ഹൈകോടതിക്ക് സമ൪പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇനി മേലിൽ ഇന്ത്യയിലോ വിദേശത്തോ ഹരജികളൊന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ സമ൪പ്പിക്കില്ലെന്നും കരാറിൽ വ്യവസ്ഥയുണ്ട്. തങ്ങൾക്കെതിരായ എഫ്.ഐ.ആ൪ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിൽ പിടിയിലായ ഇറ്റാലിയൻ സൈനീക൪ നൽകിയ ഹരജിയിൽ കക്ഷി ചേ൪ന്ന ഇവ൪ ധാരണയെ തുട൪ന്ന് ഹരജികൾ പിൻവലിച്ചു. കടൽക്കൊള്ളക്കെത്തിയ കപ്പലായി പ്രഖ്യാപിച്ച് നടപടിയെടുക്കണമെന്നും ക്യാപ്റ്റനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് മരിച്ച വലന്റൈന്റെ ആശ്രിത൪ നൽകിയ ഹരജിയും ക്യാപ്റ്റനെതിരെ നടപടി ആവശ്യപ്പെട്ട് അനീഷ് പിങ്കിന്റെ ആശ്രിത൪ നൽകിയ ഹരജിയും പിൻവലിച്ചു. കൊല്ലം കോടതിയിൽ സമ൪പ്പിച്ച ക്രിമിനൽ ഹരജിയും പിൻവലിക്കാൻ ധാരണയിൽ വ്യവസ്ഥയുണ്ട്. കപ്പൽ വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് കപ്പലുടമകൾ നൽകിയ ഹരജിയിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ നൽകിയ അപ്പീലും പിൻവലിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
