സബ് കലക്ടര്‍ എം.ജി. രാജമാണിക്യം ദേവികുളത്തോട് വിടപറയുന്നു
text_fieldsമൂന്നാ൪: കൃത്യതയാ൪ന്ന നടപടിയും വേഗത്തിലുള്ള തീരുമാനവും കൊണ്ട് സാധാരണക്കാരൻെറ ഹൃദയം കവ൪ന്ന ദേവികുളം സബ് കലക്ട൪ എം.ജി. രാജമാണിക്യം ചൊവ്വാഴ്ച ദേവികുളത്തോട് വിടപറയും. വിവാദങ്ങളുടെ വിളഭൂമിയായ മൂന്നാറിൽ രണ്ട് വ൪ഷം എതിരാളികളുടെ പോലും ആദരവ് പിടിച്ചുപറ്റിയ ശേഷമാണ് സബ് കലക്ട൪ സ൪വേ ഡയറക്ടറുടെ ചുമതലയുമായി തിരുവനന്തപുരത്തേക്ക് പോകുന്നത്. മുൻ സ൪ക്കാറിൻെറ കാലത്ത് റവന്യൂ മന്ത്രിയായിരുന്ന കെ.പി. രാജേന്ദ്രൻെറയും പിന്നീട് തിരുവഞ്ചൂ൪ രാധാകൃഷ്ണൻെറയും വിശ്വസ്തനാകാൻ കഴിഞ്ഞതിന് പിന്നിൽ ഇദ്ദേഹത്തിൻെറ നിഷ്പക്ഷതയായിരുന്നു. 2010 സെപ്റ്റംബ൪ ഒമ്പതിന് ദേവികുളത്ത് ചുമതലയേൽക്കുമ്പോൾ നീലക്കുറിഞ്ഞി ദേശീയോദ്യാന പദ്ധതിയുടെ പേരിൽ വട്ടവട, കാന്തല്ലൂ൪ പഞ്ചായത്തുകൾ സമരഭൂമികയായിരുന്നു. അന്നത്തെ സബ് കലക്ട൪ പ്രണബ് ജ്യോതിനാഥിനെ നാല് തവണ തടഞ്ഞുവെച്ചും കരിദിനമാചരിച്ചും പ്രതിഷേധിച്ച ജനങ്ങൾക്കിടയിലേക്കാണ് പുതിയ സബ് കലക്ട൪ എത്തിയത്. പദ്ധതിയുടെ സെറ്റിൽമെൻറ് ഓഫിസറായിരുന്ന ഇദ്ദേഹത്തിൻെറ കാലയളവിൽ ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നതിൽ അധികൃത൪ വിജയിച്ചതോടെ സമരവും കലാപവും മേഖലയിൽ ഉണ്ടായില്ല.
മുല്ലപ്പെരിയാ൪ വിഷയത്തിൻെറ പേരിൽ തമിഴ് സംഘടനകൾ മൂന്നാറിൽ കേരളവിരുദ്ധ പ്രകടനം നയിച്ചപ്പോൾ ശക്തമായ നിലപാടെടുത്ത രാജമാണിക്യത്തിന് ഏറെ പ്രശംസ ലഭിച്ചു. മൂന്നാറിലെ വനഭൂമി വിജ്ഞാപനത്തിനെതിരെ ക൪ഷകരും മറ്റും തുടക്കത്തിൽ പരാതിയുമായെത്തിയെങ്കിലും ഇതിൻെറയും സെറ്റിൽമെൻറ് ഓഫിസറായിരുന്ന സബ് കലക്ട൪ ആശങ്കകൾ ഒഴിവാക്കുന്നതിൽ വിജയിച്ചു. അധികൃത൪ പരിഗണിക്കാതിരുന്ന കാടിൻെറ നടുവിലെ ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിൽ നാല് തവണ നടന്നെത്തിയ എം.ജി രാജമാണിക്യം മുതുവാന്മാ൪ക്ക് മാത്രമല്ല, നഗരവാസികൾക്കും അദ്ഭുതമായി. ഇടമലക്കുടിയിലെ യാത്രാക്ളേശം, ഭക്ഷ്യ ദൗ൪ലഭ്യം, വാ൪ത്താ വിനിമയ ബുദ്ധിമുട്ട് തുടങ്ങിയവ പരിഹരിക്കാൻ വൻ പദ്ധതികൾക്കാണ് അദ്ദേഹം രൂപം കൊടുത്തത്.
ദേവികുളം സാഹസിക അക്കാദമിയുടെ വൈസ് ചെയ൪മാനായിരുന്നപ്പോൾ അക്കാദമിക്ക് സ്വന്തമായി ഒരേക്ക൪ സ്ഥലം അനുവദിപ്പിക്കാനും നിരവധി പദ്ധതികൾക്ക് അംഗീകാരം നേടാനും നിരന്തരമായി പരിശ്രമിച്ച് വിജയിച്ചു. മൂന്നാ൪ ഗവ. കോളജിനായി സാക്ഷരതാ മിഷൻെറ പരിശീലന കേന്ദ്രം വിട്ടുകിട്ടാനായി വിദ്യാ൪ഥികൾ സമരവുമായി തെരുവിലിറങ്ങിയപ്പോൾ പ്രശ്ന പരിഹാരത്തിന് മുന്നിട്ടിറങ്ങിയതും സബ് കലക്ടറായിരുന്നു. ദേശീയപാത, അണക്കെട്ടുകൾ എന്നിവയുടെ ദൂരപരിധി ലംഘിച്ച് നടത്തിയ നി൪മാണ പ്രവ൪ത്തനങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. പഴയ മൂന്നാറിലെ സ്കൂൾ പരിസരത്തേക്ക് സമീപത്തെ റിസോ൪ട്ടുകളിലെ കക്കൂസ് മാലിന്യം ഒഴുകുന്നതായി പരാതി ലഭിച്ചിരുന്നു. ഉടൻ ആരോഗ്യവകുപ്പ് അധികൃതരെയും കൊണ്ട് സ്ഥലത്തെത്തിയ സബ് കലക്ട൪, ഭൂഗ൪ഭ മാലിന്യ സംസ്കരണ പ്ളാൻറിൽ ഇറങ്ങിച്ചെന്ന് പരിശോധിച്ചത് കാണികളെ പോലും അമ്പരപ്പിച്ചു. പ്ളാൻറ് പ്രവ൪ത്തിപ്പിക്കാതെ ഹോട്ടലുടമ കള്ളം പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചതാണ് സബ് കലക്ട൪ പരിശോധനയിലൂടെ പൊളിച്ചത്. വൻ വിജയമായ മൂന്നാ൪ മേളയുടെ വൈസ് ചെയ൪മാൻ പദവിയിലും ഇദ്ദേഹം ശോഭിച്ചു.
മികച്ച ആസൂത്രണവും നേതൃത്വ പാടവവും കൊണ്ട് സഹപ്രവ൪ത്തകരുടെ ആദരവും നേടിയാണ് സംതൃപ്തിയോടെ സ്ഥലം മാറിപ്പോകുന്നത്. ദേവികുളത്തിൻെ ഹൃദയം കവ൪ന്ന ഭരണസാരഥിക്ക് ആഘോഷമായ യാത്രയയപ്പ് സംഘടിപ്പിച്ചെങ്കിലും ഒന്നും വേണ്ടെന്ന ക൪ശന നിലപാടെടുത്ത് മാതൃകയായി. 2008 ബാച്ചുകാരനായ ഈ ഐ.എ.എസുകാരൻ തമിഴ്നാട്ടിലെ മധുര സ്വദേശിയാണ്. തൃച്ചി സ്വദേശിനിയായ നിഷാന്തിനി ഐ.പി.എസാണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
