മഴയില്‍ 700 വീടുകള്‍ തകര്‍ന്നു
text_fields കൊല്ലം: ജില്ലയിൽ വെള്ളിയാഴ്ചയുണ്ടായ കൊടുങ്കാറ്റും ശക്തമായ മഴയും വിതച്ച വ്യാപകനാശനഷ്ടങ്ങൾക്കൊപ്പം അപകട ഭീതിയിൽ നിന്ന് മോചിതരാകാതെ ജനം. വെള്ളിയാഴ്ച സന്ധ്യയോടെ ആരംഭിച്ച പേമാരിയും ശക്തമായ കാറ്റും മണിക്കൂറുകൾക്ക് ശേഷം ശാന്തമായെങ്കിലും കണക്കെടുപ്പുകൾക്കപ്പുറമുള്ള നാശനഷ്ടങ്ങളാണ് ജില്ലയുടെ പലഭാഗങ്ങളിലും തീ൪ത്തിരിക്കുന്നത്.വെള്ളിയാഴ്ചയിലെ പ്രകൃതിക്ഷോഭത്തിൽ മരണം മൂന്നായി.
കാറ്റിൽ നിലം പൊത്തിയ മരം മുറിക്കുന്നതിനിടെ താഴെ വീണ് യുവാവ് മരിച്ചതോടെ മരണം മൂന്നായി. ശക്തികുളങ്ങര മീനത്തുചേരി വാഴയത്ത്വീട്ടിൽ ഫ്രാങ്കോ വേലറിയൻ (29) ആണ് മരിച്ചത്. വെള്ളിയാഴ്ച ജില്ലയിൽ രണ്ട് പേ൪ മരിച്ചിരുന്നു .കൊട്ടാരക്കര താലൂക്കിൽ ഉമ്മന്നൂരിൽ തടത്തിവിള വീട്ടിൽ കരുണാകരപിളള (70 ), പത്തനാപുരം താലൂക്കിൽ അഞ്ചൽ താഴമേൽ ചരുവിള പുത്തൻവീട്ടിൽ ഭാനുമതിയമ്മ (60 ) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
ഇതിനിടെ മത്സ്യബന്ധനത്തിന് പോയ ഒരാളെ കാണാതായതായി റിപ്പോ൪ട്ടുണ്ട്. പളളിത്തോട്ടം ഗലീലിയോ കോളനിയിൽ സ്റ്റീഫനെയാണ് കാണാതായത്. കോസ്റ്റ്് ഗാ൪ഡ്, നേവി എന്നിവരുടെ സഹായം തേടിയിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കൾക്ക് അടിയന്തരസഹായമായി 10,000 രൂപ വീതം അനുവദിച്ചതായി കലക്ട൪ പി.ജി.തോമസ് അറിയിച്ചു.
കാറ്റിലും മഴയിലും വിവിധ താലൂക്കുകളിലായി 707 വീടുകൾക്കും 56 മറ്റ് കെട്ടിടങ്ങൾക്കും നാശമുണ്ടായി. വീടുകൾക്ക് മാത്രമായി 77.5 ലക്ഷത്തിൻെറ നഷ്ടമാണ് സംഭവിച്ചത്. കരുനാഗപ്പളളി താലൂക്കിൽ ഒരു വീട് പൂ൪ണമായി തക൪ന്നു. മറ്റിടങ്ങളിൽ വീടുകൾക്ക് ഭാഗിക നാശമാണ് ഉണ്ടായത്. ഏറ്റവും കൂടുതൽ വീടുകൾക്ക് നാശമുണ്ടായത് കരുനാഗപ്പള്ളിയിലാണ്. 452 എണ്ണം. കൊല്ലത്ത് 157ഉം കുന്നത്തൂരിൽ 50ഉം പത്തനാപുരത്ത് 25ഉം കൊട്ടാരക്കര 22ഉം വീടുകൾ ഭാഗികമായി നശിച്ചു. കെ.എസ്.ഇ.ബി 1.38 ലക്ഷവും പൊതുമരാമത്ത് റോഡ്സ് വിഭാഗം 45 ലക്ഷവും പൊതുമരാമത്ത് എൻ.എച്ച് വിഭാഗം 35 ലക്ഷവും പൊതുമരാമത്ത് കെട്ടിടവിഭാഗം 15 ലക്ഷവും നാശനഷ്ടം കണക്കാക്കിയിട്ടുണ്ട്. ബി.എസ്.എൻ.എല്ലിന് ആറ് ലക്ഷമാണ് നഷ്ടം. കൃഷിവകുപ്പ് 67.59 ലക്ഷത്തിൻെറ നഷ്്ടം റിപ്പോ൪ട്ട് ചെയ്തിട്ടുണ്ട്. റോഡുകളിലെ തടസ്സങ്ങൽ നീക്കുന്നതിന് ഫയ൪ഫോഴ്സ് പൊതുമരാമത്ത് റോഡ്, ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജീനിയ൪മാരുടെ നേതൃത്വത്തിലും പ്രവ൪ത്തനങ്ങൾ ഏകോപിപ്പിച്ചു. സ൪ക്കാ൪ കെട്ടിടങ്ങളുടെ നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തുന്നതിന് പി.ഡബ്ള്യു.ഡി കെട്ടിടവിഭാഗത്തിന് കലക്ട൪ പി.ജി.തോമസ് നി൪ദേശം നൽകി.
മുണ്ടയ്ക്കൽ വില്ലേജ് ഓഫിസിൻെറ പരിധിയിൽ 15 ഓളം വീടുകൾ കാറ്റിൽ തക൪ന്നു. മുണ്ടയ്ക്കൽ കളീക്കൽ കടപ്പുറത്ത് സ്റ്റാൻസി, പ്രിൻസിബേബി, വടക്കുംഭാഗം ജോയി ഭവനിൽ മെ൪ലിൻ എന്നിവരുടെ വീടുകളുടെ മേൽക്കൂരയുടെ ഷീറ്റുകൾ കാറ്റിൽ പറന്നുപോയി. തെക്കേവിള പഴഞ്ഞിയിൽ അജയൻ, തുമ്പറ ക്ഷേത്രത്തിനടുത്ത് ചന്ദ്രനിവാസിൽ കൃഷ്ണമ്മ, കന്നിമേൽ തെക്കതിൽ സ്റ്റീഫൻ എന്നിവരുടെ വീടുകളാണ് മരംവീണ് തക൪ന്നത്.
ഇരവിപുരം വില്ലേജിൻെറ പരിധിയിൽപ്പെട്ട വാളത്തുംഗൽ ദു൪ഗാദേവിക്ഷേത്രത്തിൻെറ നടപ്പന്തലിൻെറ മേൽക്കൂര മരംവീണ് തക൪ന്നു.
താന്നിയിലെ ജോൺസൈമൺ, വലിയവിളയിൽ മാമച്ചൻ എന്നിവരുടെ വീടുകളും ശക്തമായ കാറ്റിൽ തക൪ന്നുവീണു. വടക്കേവിള വില്ലേജ് ഓഫിസിൻെറ പരിധിയിൽപ്പെട്ട 15 ഓളം വീടുകൾ തക൪ന്നുവീണു. പുന്തലത്താഴം പള്ളിവിള ഉണ്ണിക്കൃഷ്ണപിള്ളയുടെ വീട് മരംവീണ് തക൪ന്നു. ദേശീയപാതയിൽ മാടൻനട, വെണ്ട൪മുക്ക് എന്നിവിടങ്ങളിൽ മരംവീണതിനെതുട൪ന്ന് ഗതാഗതം തടസ്സപ്പെട്ടു. വടക്കേവിള യൂനുസ് കോളജിനുസമീപത്ത് വീടിനുമുകളിലേക്ക് കമുകും കോളജ് വളപ്പിലേക്ക് പ്ളാവും ഒടിഞ്ഞുവീണു. പള്ളിമുക്ക് ഇലക്ട്രിക്കൽ സെക്ഷൻെറ പരിധിയിൽപ്പെട്ട നിരവധി പ്രദേശങ്ങളിൽ വൈദ്യുതിലൈനുകളിലേക്ക് മരംവീണതിനെതുട൪ന്ന് തടസ്സപ്പെട്ട വൈദ്യുതിവിതരണം ശനിയാഴ്ച വൈകുന്നേരവും പുന$സ്ഥാപിക്കാനായിട്ടില്ല. കാറ്റിനൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലിൽ കുരീപ്പള്ളി ഭാഗത്ത് വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ നശിക്കുകയും മിന്നലേറ്റ് വള൪ത്തുനായ ചാകുകയുംചെയ്തു. കുരീപ്പള്ളി ആലുംമൂട് ചരുവിള പുത്തൻവീട്ടിൽ ഷാജുകുമാറിൻെറ വീട്ടിലാണ് നായ മിന്നലേറ്റുചത്തത്. വീട്ടിലുണ്ടായിരുന്ന സ്വിച്ച്ബോ൪ഡ് തെറിച്ചുപോയി. മടത്തറ വിള മേലതിൽ തങ്കച്ചൻെറ വീട്ടിലെ ജനാലകളുടെ ഗ്ളാസുകൾ ഇടിമിന്നലിൽ പൊട്ടിത്തെറിച്ചു.
ചെറിയേല വിജി ഹൗസിൽ ബിന വിൽസൻെറ വീട് മരംവീണ് തക൪ന്നു. മുട്ടക്കാവ്, കുളപ്പാടം ഭാഗത്തും നിരവധി വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ നശിക്കുകയും നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. കൊട്ടിയം സുജാത വിലാസത്തിൽ ഉദയകുമാറിൻെറ വീടും തെങ്ങ് വീണ് തക൪ന്നു. ചാത്തന്നൂ൪ പ്രദേശത്തും നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
