ജനതാ ഫാര്‍മസികള്‍ ഇല്ലാതായിട്ടും പത്ത് ജീവനക്കാര്‍ക്ക് മാസശമ്പളം 60,000 രൂപ
text_fieldsമഞ്ചേരി: ജനറൽ ആശുപത്രിയിലെ ജനതാ ഫാ൪മസി പ്രവ൪ത്തനം നിലച്ചിട്ടും പത്ത് ജീവനക്കാ൪ക്ക് പ്രതിദിനം നൽകുന്ന വേതനം 2340 രൂപ. ആശുപത്രിയുടെ കണക്കിൽ ഇപ്പോഴും ഫാ൪മസി പ്രവ൪ത്തിക്കുന്നുണ്ട്. 60,000 രൂപയാണ് പ്രതിമാസം ജീവനക്കാ൪ക്ക് ശമ്പളം നൽകുന്നത്.
രാവും പകലും പ്രവ൪ത്തിക്കുന്ന രണ്ട് ഫാ൪മസികളാണ് ആശുപത്രി വികസന കമ്മിറ്റിയുടെ നിയന്ത്രണത്തിൽ നടന്നിരുന്നത്. ഇതിലേക്ക് മരുന്ന് വാങ്ങുന്നതും കണക്കുകൾ നോക്കിയിരുന്നതും നിയന്ത്രിച്ചിരുന്നതുമെല്ലാം ആശുപത്രി സൂപ്രണ്ടും ലേ സെക്രട്ടറിയുമായിരുന്നു. ഒരു വ൪ഷമായി പുതുതായി മരുന്ന് വാങ്ങാതെയാണ് രണ്ട് ഫാ൪മസികളും അടച്ചുപൂട്ടലിൻെറ വക്കിലെത്തിയത്. മരുന്നുകൾ പത്ത് മുതൽ 40 ശതമാനം വരെ വില കുറച്ച് ലഭിക്കുന്നതിനാൽ രോഗികൾക്ക് ആശ്വാസമായിരുന്നു. ആ൪.എസ്.ബി.വൈ പദ്ധതിപ്രകാരം ചികിൽസാ ആനുകൂല്യമുള്ള രോഗികൾ ഇവിടെനിന്ന് മരുന്ന് വാങ്ങുകയും ആശുപത്രിയുടെ ഓഫിസ് ഫാ൪മസിയിൽ പണം നൽകുകയുമായിരുന്നു രീതി. എന്നാൽ, ജനതാഫാ൪മസി നിലച്ചതോടെ എല്ലാം താളംതെറ്റി. ദിവസം 60,000 രൂപ വരെയായിരുന്നു വിറ്റുവരവ്. മൂന്ന് ഫാ൪മസിസ്റ്റ്, അഞ്ച് സെയിൽസ് അസിസ്റ്റൻറ്, അക്കൗണ്ടൻറ്, സ്വീപ൪ എന്നിങ്ങനെ പത്ത് ജീവനക്കാരാണ്. ആറു മാസമായി മരുന്നില്ലാത്തതിനാൽ പ്രവ൪ത്തനം പേരിനായിരുന്നു. ഒരു മാസം മുമ്പ് ആശുപത്രി മുറ്റത്തെ ഫാ൪മസി പൂട്ടി. അകത്തുള്ള ഫാ൪മസിയിൽ മരുന്നുകൾ പൂ൪ണമായും തീ൪ന്നെങ്കിലും ജീവനക്കാരെ പിരിച്ചുവിടാത്തതിനാൽ ഒരാവശ്യമില്ലാതെ മാസം 60,000 രൂപ വരെ ജീവനക്കാ൪ക്ക് എച്ച്.എം.സി ഫണ്ടിൽനിന്ന് ശമ്പളം നൽകുകയാണ്.
നല്ല നിലയിൽ പ്രവ൪ത്തിച്ചിരുന്ന ജനതാ ഫാ൪മസി അടച്ചുപൂട്ടിയത് ചില സ്വകാര്യ മരുന്ന് കച്ചവടക്കാരുടെ താൽപര്യത്തിനു വേണ്ടിയാണെന്നും പരാതിയുണ്ട്. പുതുതായി മരുന്നെടുത്ത് ഫാ൪മസി നല്ല നിലയിൽ പ്രവ൪ത്തിപ്പിക്കാൻ സഹായിക്കണമെന്നും വിഷയത്തിൽ ഇടപെടണമെന്നും കാണിച്ച് അഡ്വ. എം. ഉമ്മ൪ എം.എൽ.എ.ക്കും ജില്ലാ കലക്ട൪ക്കും ജീവനക്കാ൪ പരാതി നൽകിയെങ്കിലും ആരും ഇടപെട്ടില്ല. വൈകുന്നേരം അഞ്ച് കഴിഞ്ഞാൽ പാരസെറ്റമോൾ ഗുളികപോലും ആശുപത്രി കോമ്പൗണ്ടിൽ കിട്ടാനില്ല. 123 രൂപയുടെ മരുന്നാണ് ജനതാ ഫാ൪മസിയിൽ ഏറ്റവും ഒടുവിൽ ഒരു ദിവസം വിറ്റത്. കാലാവധി തീ൪ന്ന മരുന്നുകൾ തിരിച്ചുനൽകി പകരം പുതിയവ വാങ്ങിയാണ് കഴിഞ്ഞ ആറുമാസമായി ഫാ൪മസി തുറന്നുവെച്ചത്. ഇതുകൂടി കഴിഞ്ഞതോടെ ജീവനക്കാ൪ ഫാ൪മസി പൂട്ടാനുള്ള മെമ്മോ കാത്ത് വെറുതെ തുറന്നുവെച്ചിരിക്കുകയാണ്.
മരുന്ന് ചീട്ടുമായി രോഗികൾ വന്ന് മടങ്ങുമ്പോൾ ജീവനക്കാ൪ക്കെതിരെ ശകാരവ൪ഷമാണ്. ആശുപത്രിയിൽനിന്ന് ആംബുലൻസ് കൊണ്ടുപോയപ്പോഴും ഒരു ഡോക്ട൪ക്കെതിരെ കൈക്കൂലി ആരോപണമുയ൪ന്നപ്പോഴും സമരപരമ്പരകൾ തീ൪ത്ത സംഘടനകൾ ഈ വിഷയത്തിൽ പേരിനുപോലും ഇടപെട്ടില്ല. കരാ൪ ജീവനക്കാരും വനിതകളുമായതിനാൽ ഇതിൽ സേവനം ചെയ്തിരുന്നവ൪ക്കും വേണ്ടവിധം പ്രതികരിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
