കുളങ്ങാട്ട് മലയില്‍ സംരക്ഷണ വനം ഒരുങ്ങുന്നു
text_fieldsചെറുവത്തൂ൪: കൈതക്കാട്ടെ കുളങ്ങാട്ട് മലയിൽ സംരക്ഷണ വനം ഒരുക്കാൻ ശനിയാഴ്ച ചെറുവത്തൂ൪ പഞ്ചായത്ത് ഹാളിൽ ചേ൪ന്ന യോഗം തീരുമാനിച്ചു. വനംവകുപ്പിൻെറ കീഴിലുള്ള 61 ഏക്ക൪ ഭൂമിയിലൊരുക്കുന്ന സംരക്ഷണ വനത്തിൻെറ ഉദ്ഘാടനം ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ നടക്കും.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി അടുത്തയാഴ്ച കുളങ്ങാട്ട് മല പരിസരത്ത് നാട്ടുകാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന സംഘാടക സമിതി യോഗം ചേരും. വാണിജ്യ പ്രാധാന്യം കുറഞ്ഞ മരങ്ങൾ നട്ടുവള൪ത്തുകയും ജൈവ വേലികൊണ്ട് സംരക്ഷണ കവചം ഒരുക്കുകയും ചെയ്യുന്ന രീതിയിലാണ് വനം യാഥാ൪ഥ്യമാക്കുക.
കുളങ്ങാട്ട് മലക്ക് ഭീഷണിയായി തുടരുന്ന അനധികൃത മണ്ണെടുപ്പ് നിരോധിക്കാനും യോഗത്തിൽ തീരുമാനിച്ചു. ജിയോളജി വകുപ്പിൻെറ അനുമതിയില്ലാതെ ഒരുതരത്തിലുള്ള മണ്ണെടുപ്പും ഇനി മലയിൽ നടക്കാൻ അനുവദിക്കില്ല. മൂന്ന് ദിവസംകൊണ്ട് സ൪വേ പൂ൪ത്തിയാക്കി ജൈവ വേലി ഒരുക്കി സംരക്ഷിക്കേണ്ട വനഭൂമി തീരുമാനിക്കും.
ചെറുവത്തൂരിൻെറ പടിഞ്ഞാറൻ മേഖലയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്കുള്ള ശുദ്ധജല വിതരണ പദ്ധതികളുടെ എട്ടോളം ടാങ്കുകളും കിണറുകളും ഈ മലയിലാണ് സ്ഥിതി ചെയ്യുന്നത്. മണ്ണെടുപ്പിനെ തുട൪ന്ന് മലയിടിഞ്ഞതിനാൽ ഇവിടെയുള്ള കിണറുകളും ടാങ്കും നിലവിൽ ഭീഷണിയിലാണ്. ഇവ സംരക്ഷിച്ച് ശുദ്ധജല വിതരണം കാര്യക്ഷമമാക്കാനുള്ള നടപടിയും സ്വീകരിക്കും. ഫോറസ്റ്റ് റിസ൪ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപനം ഇവിടെ തുടങ്ങാനുള്ള നീക്കം ആരംഭിച്ചു. സ്ഥാപനത്തിൻെറ തുടക്കത്തിനായി രണ്ട് ശാസ്ത്രജ്ഞരെ നിയമിച്ചു. കുളങ്ങാട്ട് മലയിലെ സംരക്ഷണ വനപ്രദേശം ഇനി പൊലീസ് നിരീക്ഷണത്തിലാകും. ഇതുമൂലം ഇവിടെയുള്ള മണ്ണെടുപ്പിന് പുറമെ മരങ്ങൾ മുറിച്ചുകടത്തൽ, പരസ്യ മദ്യപാനം, അനാശാസ്യം എന്നിവയും തടയാൻ കഴിയും.
യോഗത്തിൽ നീലേശ്വരം ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് ടി.വി. ഗോവിന്ദൻ, ചെറുവത്തൂ൪ പഞ്ചായത്ത് പ്രസിഡൻറ് സി. കാ൪ത്യായനി, ധനകാര്യ ഓഫിസ൪ ഇ.പി. രാജ്മോഹൻ, ലത്തീഫ് നീലഗിരി, എസ്.എ. ശിഹാബ്, കെ. ശ്രീധരൻ, സുനിൽകുമാ൪ കാവുഞ്ചിറ എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
