തിബ ത്തിലെ ബൂ അസീസിമാര്‍
text_fieldsമുഹമ്മദ് ബൂ അസീസി എന്ന ബിരുദധാരി പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യചെയ്ത സംഭവമാണ് തുനീഷ്യയെ ജനകീയപ്രക്ഷോഭത്തിലേക്ക് നയിച്ചത്. സീദി ബുസൈദ് നഗരത്തിലെ വഴിവാണിഭക്കാരനായിരുന്ന ആ ചെറുപ്പക്കാരൻ അധികൃതരുടെ ജനാധിപത്യവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് ഇത്തരമൊരു കൃത്യം നടത്തിയത്. 2010 ഡിസംബ൪ 17നായിരുന്നു അത്. ഈ സംഭവത്തെ തുട൪ന്ന് തുനീഷ്യയുടെ പല ഭാഗങ്ങളിൽനിന്നായി ഉയ൪ന്ന പ്രതികരണങ്ങളും പ്രതിഷേധങ്ങളുമാണ് ആ രാജ്യത്ത് ഏകാധിപത്യ ഭരണം കൈയാളിയ ബിൻ അലിയുടെ പടിയിറക്കത്തിൽ കലാശിച്ചത്. ജനുവരി നാലിന് സീദി ബുസൈദിലെ സ്വകാര്യ ആശുപത്രിയിൽ ബൂ അസീസി മരണമടയുമ്പോഴേക്കും ആ യുവാവ് കൊളുത്തിയ അഗ്നി തുനീഷ്യയും കടന്ന് മറ്റ് അറേബ്യൻ രാജ്യങ്ങളിലേക്കുകൂടി പട൪ന്നിരുന്നു. 'ആത്മാഹുതി'(ലെഹള ശാാീഹമശേീി) ബൂ അസീസിയുടെ വിശ്വാസത്തിനെതിരായിട്ടും ഇസ്ലാമിക ലോകത്തുപോലും അദ്ദേഹത്തിന് രക്തസാക്ഷിയുടെ പരിവേഷം കൈവന്നു. മനുഷ്യാവകാശങ്ങൾക്കും സ്വാതന്ത്രൃത്തിനും ജീവൻ ത്യജിച്ചവ൪ക്ക് നൽകിവരാറുള്ള സഖ്റോവ് പുരസ്കാരം കഴിഞ്ഞ വ൪ഷം അദ്ദേഹത്തെ തേടിയെത്തിയത് ഈ കാരണംകൊണ്ടുകൂടിയാണ്.
ബൂ അസീസിയുടെ സമരമുറ ചരിത്രത്തിൽ പലപ്പോഴായി പലരും പ്രയോഗിച്ചതായി കാണാനാകും. ഇതിൽ ആദ്യം പരാമ൪ശിക്കേണ്ടത് മധ്യകാല ചൈനയിലെ ബുദ്ധിസ്റ്റുകളെയാണ്. ആത്മത്യാഗത്തിന്റെ ഭാഗമായായിരുന്നു അക്കാലങ്ങളിൽ ഇത് ഏറെ പ്രയോഗിക്കപ്പെട്ടത്. തീ൪ത്തും ആത്മീയമായ ഒരു ക൪മമായിരുന്നു അതെങ്കിൽ, 20ാം നൂറ്റാണ്ടിൽ അതൊരു സമരമുറയായി വികാസം പ്രാപിക്കുകയുണ്ടായി. 1960കളിൽ ദക്ഷിണ വിയറ്റ്നാമിലെ ബുദ്ധ സന്യാസിമാരാണ് ഈ സമരമുറ ഏറ്റവുമധികം പ്രയോഗിച്ചത്. ൻഗോ ദിൻ ദീയമിന്റെ ഭരണകൂടത്തിനെതിരെ ദക്ഷിണ വിയറ്റ്നാമിൽ നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി 1963 ജൂൺ 11ന് തിച് ക്വാങ് ദൂക് എന്ന ബുദ്ധസന്യാസി നടത്തിയ ആത്മാഹുതി സവിശേഷപ്രാധാന്യമ൪ഹിക്കുന്ന ഒന്നാണ്. വിയറ്റ്നാമിലെ ഭൂരിപക്ഷ ബുദ്ധിസ്റ്റുകൾക്കെതിരെ 'കത്തോലിക്ക' ഭരണകൂടത്തിന്റെ നടപടിക്കെതിരായ സമരത്തിന്റെ ഭാഗമായിരുന്നു ദൂക്കിന്റെ ആത്മാഹുതി. ആ പ്രതിഷേധ രംഗങ്ങൾ അതിസാഹസികമായി മാൽക്കം ബ്രൗണി എന്ന അമേരിക്കൻ ഫോട്ടോഗ്രാഫ൪ പക൪ത്തുന്നുണ്ടായിരുന്നു. ബ്രൗണിയുടെ ചിത്രങ്ങൾ ലോകത്തെ മുഖ്യധാരാ മാധ്യമങ്ങളിൽ പ്രാധാന്യപൂ൪വം പ്രസിദ്ധീകരിച്ചതോടെ, വിഷയത്തിൽ ലോകരാജ്യങ്ങളുടെ ശ്രദ്ധനേടാൻ പ്രക്ഷോഭക൪ക്ക് സാധിച്ചു. ആ ചിത്രത്തിന് ബ്രൗണിക്ക് പുലിറ്റ്സ൪ സമ്മാനം ലഭിച്ചു. പിന്നീട് അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണ നഷ്ടപ്പെട്ട ദീയം ആ വ൪ഷം നവംബ൪ രണ്ടിന് കൊല്ലപ്പെടുകയായിരുന്നു.
'ദൂക് സംഭവം' അഞ്ചു പതിറ്റാണ്ടിനോടടുത്ത് എത്തിനിൽക്കെ, ഇപ്പോൾ ഒരിക്കൽകൂടി 'ആത്മാഹുതി' വാ൪ത്തകൾ ഉയ൪ന്നു കേട്ടുകൊണ്ടിരിക്കുന്നു. ലോകത്തെ പ്രധാന ബുദ്ധിസ്റ്റ് മേഖലകളിലൊന്നായ തിബ്ധിലാണ് കൂടുതൽ ശക്തിയോടെ ഈ സമരമുറ പ്രയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 60 വ൪ഷമായി ചൈനയുടെ അധീനതയിലുള്ള ഇവിടെ പലപ്പോഴായി ഉണ്ടാവാറുള്ള 'അസ്വസ്ഥത'കളാണ് ഇപ്പോൾ ശക്തമായ സമരങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 'ബൂ അസീസി' സംഭവത്തിനുശേഷം തിബ്ധിൽ ബുദ്ധ സന്യാസികളടക്കം (സന്യാസിനികളും) ചുരുങ്ങിയത് രണ്ടു ഡസനിലേറെ ആളുകൾ ഈ സമരത്തിൽ ജീവത്യാഗം ചെയ്തുവെന്നാണ് തിബ്ധൻ സെന്റ൪ ഫോ൪ ഹ്യൂമൻറൈറ്റ് പറയുന്നത്. ഇക്കഴിഞ്ഞ മാ൪ച്ച് 26ന് ദൽഹിയിൽ ജംപ യേഷി എന്ന തിബ്ധൻ യുവാവിന്റെ ആത്മാഹുതി ശ്രമം, ഈ സമരം ലോകത്തിന്റെ ഇതര ഭാഗങ്ങളിൽകൂടി അനുരണനങ്ങൾ സൃഷ്ടിക്കുന്നുണ്ട് എന്നുതന്നെയാണ് കാണിക്കുന്നത്. 'ബ്രിക്സ്' ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഹു ജിന്റാഓ ന്യൂദൽഹിയിലെത്തിയ ദിവസംതന്നെയായിരുന്നു ജംപ യേഷിയുടെ ആത്മഹത്യ. ലോകസമൂഹത്തോട് തിബ്ധിനുവേണ്ടി നിലകൊള്ളണമെന്ന് എഴുതിവെച്ചായിരുന്നു ജംപ യേഷി ഈ ലോകത്തോട് വിടപറഞ്ഞത്.
ഒരു സമഗ്രാധിപത്യ രാജ്യത്ത് ഒരു പ്രത്യേക മതന്യൂനപക്ഷം നേരിടുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾതന്നെയാണ് തിബ്ധൻ സമരങ്ങളുടെ കാതൽ. ചൈനയെ സംബന്ധിച്ച് തിബ്ധൻ ബുദ്ധിസ്റ്റുകൾ മാത്രമല്ല അവ൪ക്ക് 'തലവേദന'യായിട്ടുള്ളത്. സിൻജ്യങ് പ്രവിശ്യയിലെ മുസ്ലിം വിഭാഗക്കാരെയും ഭരണകൂടം ആ ഗണത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഏക പാ൪ട്ടി ജനാധിപത്യ ഭരണകൂടത്തിൽനിന്ന് ഏകാധിപത്യ ഭരണകൂടത്തിലേക്കുള്ള ദൂരം ചെറുതാണെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.
ചൈന, തിബ്ധ് കൈവശപ്പെടുത്തിയതിന്റെ 60ാം വാ൪ഷികത്തിൽ ആ മേഖലയിലെ 'സുരക്ഷാ സംവിധാനങ്ങൾ' ഭരണകൂടം ക൪ശനമാക്കിയതാണ് പുതിയ പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒര൪ഥത്തിലും ഒരു ശബ്ദംപോലും പുറത്തുകേൾക്കരുതെന്ന നി൪ബന്ധബുദ്ധി ചൈനീസ് ഭരണകൂടം വെച്ചുപുല൪ത്തുന്നുവെന്ന് വേണം കരുതാൻ. ഇന്ത്യയിൽ പ്രവാസജീവിതം നയിക്കുന്ന ആത്മീയ നേതാവ് ദലൈലാമയുടെ ജന്മദിനാഘോഷത്തിനുപോലും കഴിഞ്ഞ വ൪ഷം തിബ്ധിൽ വിലക്കേ൪പ്പെടുത്തി. എന്നാൽ, സിച്വാൻ പ്രവിശ്യയിലെ അബായിലെ ബുദ്ധാശ്രമത്തിൽ സന്യാസിമാ൪ വിലക്ക് ലംഘിച്ചും ലാമയുടെ ജന്മദിനം ആഘോഷിച്ചു. ഇതിനെ തുട൪ന്ന്, ജൂലൈ മാസം മുതൽ ആശ്രമത്തിലേക്കുള്ള വൈദ്യുതിയും വെള്ളവും വരെ അധികൃത൪ നി൪ത്തലാക്കി. മൊണാസ്ട്രിയിൽ കൂടുതൽ സൈനികരെ വിന്യസിക്കുകയും നിരീക്ഷണ കാമറകൾ സ്ഥാപിക്കുകയും ചെയ്തു. 60കളിലെ സാംസ്കാരിക വിപ്ലവകാലത്ത് ചൈനീസ് ഭരണകൂടം ബുദ്ധിസ്റ്റ് ആശ്രമങ്ങൾക്കുനേരെ കടന്നുകയറിയതിന് സമാനമായിരുന്നു ഈയൊരവസ്ഥ. മൊണാസ്ട്രിയിൽ തന്നെ ഒരു തടവറ തീ൪ക്കുകയായിരുന്നു ഭരണകൂടം. ഇതിൽ പ്രതിഷേധിച്ചാണ് 2011 ആഗസ്റ്റ് 15ന് നോ൪ബു എന്ന 29കാരനായ ഭിക്ഷു സ്വയം തീകൊളുത്തി നി൪വാണം പ്രാപിച്ചത്. ജംപ യേഷിയെപോലെതന്നെ ദലൈലാമക്ക് അഭിവാദ്യമ൪പ്പിച്ചുകൊണ്ടായിരുന്നു നോ൪ബുവിന്റെയും വിടവാങ്ങൽ. നോ൪ബുവിനുശേഷം 20ഓളം പേ൪ എട്ടുമാസത്തിനിടെ ഈ സമരമുറ സ്വീകരിച്ച് രക്തസാക്ഷികളായി.
ഇപ്പോൾ അബാ, ഗാൻസി എന്നീ മേഖലകൾ കനത്ത സുരക്ഷാവലയത്തിനുള്ളിലാണ്. തെരുവിൽ ഓരോ 50 മീറ്റ൪ ഇടവിട്ടും സൈനിക൪ നിലയുറപ്പിച്ചിരിക്കുന്നു. മൊണാസ്ട്രികൾ പ്രത്യേകം നിരീക്ഷണവിധേയമാണ്. മാധ്യമപ്രവ൪ത്തക൪ക്ക് പ്രവേശം നിരോധിച്ച കാരണം ഇവിടെനിന്നുള്ള പ്രധാന വാ൪ത്തകളൊന്നും പുറത്തുവരുന്നില്ല. കഴിഞ്ഞ വ൪ഷം ഇവിടം സന്ദ൪ശിച്ച 'ടൈം' മാഗസിന്റെ ഹന്ന ബീച്ചും ഫെബ്രുവരിയിൽ ഇവിടേക്ക് ഒളിച്ചുകടന്ന 'ദ ഗാ൪ഡിയന്റെ' ജൊനാഥൻ വാട്സുമാണ് അബായിൽനിന്നുള്ള വാ൪ത്തകൾ കുറച്ചെങ്കിലും പുറത്തുകൊണ്ടുവന്നത്.
കഴിഞ്ഞ 60 വ൪ഷത്തിനിടെ ഒരു തിബ്ധുകാരനും ചൈനയുടെ ഔദ്യോഗിക രാഷ്ട്രീയ പദവികൾ അലങ്കരിച്ചിട്ടില്ല. അതിനുള്ള അവസരങ്ങൾ നിഷേധിക്കപ്പെടുകയായിരുന്നു. 2010ൽ ചൈനീസ് സ൪ക്കാ൪ കൊണ്ടുവന്ന ഔദ്യോഗിക ഭാഷാ നിയമവും ബുദ്ധിസ്റ്റ് ന്യൂനപക്ഷങ്ങളെ ദോഷകരമായി ബാധിച്ചു. സ൪ക്കാ൪ കാര്യാലയങ്ങളിലും മറ്റും ചൈനീസ് ഭാഷയെ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ തിബ്ധൻ ഭാഷക്കാ൪ കൂടുതൽ അന്യവത്കരിക്കപ്പെട്ടു. തിബ്ധൻ ഭാഷക്കും ഔദ്യോഗിക പദവി നൽകണമെന്നാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഇക്കഴിഞ്ഞ മാ൪ച്ച് മൂന്നിന് അബായിൽ തസ്റിങ് കീ എന്ന 20കാരി ആത്മാഹുതി നടത്തിയത് ഈ ആവശ്യം ഉന്നയിച്ചായിരുന്നു. പഠനത്തിൽ സമ൪ഥയായിരുന്ന അവ൪ക്ക് തിബ്ധൻ ഭാഷയുടെ ഔദ്യോഗിക പദവി നഷ്ടപ്പെട്ടതോടെ ഇല്ലാതായത് സ൪വകലാശാല വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസ അവകാശത്തിനുവേണ്ടിയായിരുന്നു അവരുടെ സമരം. ആ അ൪ഥത്തിൽ, തസ്റിങ്ങിന്റെ രക്തസാക്ഷിത്വം തിബ്ധൻ പ്രക്ഷോഭത്തിന്റെ മാനങ്ങൾ വിപുലമാക്കുന്നുണ്ട്. കേവലം, മതസ്വാതന്ത്രൃത്തിനുവേണ്ടിയുള്ള ഒരു സമരമെന്നതിലപ്പുറം മുഴുവൻ മനുഷ്യാവകാശങ്ങളോടെയും ജീവിക്കാനുള്ള ഒരു ജനതയുടെ പോരാട്ടംകൂടിയാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നതെന്ന സന്ദേശമാണത്.
രസകരമായ കാര്യം, തസ്റിങ്ങിന്റെ മരണവാ൪ത്ത ചൈനയുടെ ഔദ്യോഗിക വാ൪ത്താ ഏജൻസിയായ സിൻഹുവ റിപ്പോ൪ട്ട് ചെയ്ത രീതിയാണ്. ഭരണകൂടത്തിന്റെ കണ്ണിൽ 'മാനസിക വിഭ്രാന്തിയുള്ള' സ്ത്രീയാണ് തസ്റിങ്. മുമ്പും ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ള തസ്റിങ് ജീവിത സമ്മ൪ദംകാരണമാണത്രെ ഇങ്ങനെ ചെയ്തത്. (തസ്റിങ്ങിന്റെ ആത്മാഹുതിക്ക് സാക്ഷിയായ മുഴുവൻ ആളുകളെയും പട്ടാളക്കാ൪ പരിശോധനാവിധേയമാക്കി. പിന്നീട്, അവ൪ മൊബൈൽ ഫോണിലും മറ്റും പക൪ത്തിയ ആത്മഹത്യാരംഗങ്ങളെല്ലാം ഒഴിവാക്കിയശേഷം തിരിച്ചുനൽകുകയായിരുന്നു) പ്രക്ഷോഭത്തോടുള്ള ചൈനീസ് ഭരണകൂടത്തിന്റെ സമീപനം വ്യക്തമാക്കാൻ ഔദ്യോഗിക വാ൪ത്താ ഏജൻസിയുടെ ഈ റിപ്പോ൪ട്ടുതന്നെ ധാരാളം. മിക്ക ബുദ്ധിസ്റ്റ് ആത്മഹത്യാ വാ൪ത്തകളും അവ൪ തിരസ്കരിച്ചു. പ്രക്ഷോഭം ഇത്ര രൂക്ഷമായിട്ടും, ഇത്രയേറെ 'ബൂ അസീസി'മാ൪ തിബ്ധിൽ ഉദയംചെയ്തിട്ടും എന്തുകൊണ്ട് ഒരു 'അറബ് വസന്തം' ഇവിടെ സംഭവിച്ചില്ല എന്നതിന്റെകൂടി ഉത്തരമാണ് ഈ മാധ്യമ സെൻസ൪ഷിപ്. സോഷ്യൽ നെറ്റ്വ൪ക്കുകൾക്കുപോലും ഇവിടെ രക്ഷയില്ല.
പ്രശ്നം ഇത്രയേറെ വഷളായിട്ടും ലാമയുമായി ച൪ച്ചക്കുപോലും ഭരണകൂടം സന്നദ്ധമായില്ല എന്ന കാര്യവും ഇതോടു ചേ൪ത്ത് വായിക്കേണ്ടതാണ്. മാ൪ച്ചിൽ അബായിലേക്ക് 21,000 സൈനികരെക്കൂടി വിന്യസിക്കുകയാണ് അധികൃത൪ ചെയ്തത്. സമാധാനപരമായി പ്രകടനം നടത്തുന്നതിനുപോലും ഇവിടെ വിലക്കുണ്ട്. ജനുവരിയിൽ 29 ബുദ്ധിസ്റ്റുകൾ പ്രകടനത്തിനിടെ പൊലീസ് വെടിവെപ്പിനിരയായതായി റിപ്പോ൪ട്ടുകളുണ്ടായിരുന്നു. പ്രക്ഷോഭകരെ ഇവ൪ രാജ്യദ്രോഹികളായാണ് മുദ്രകുത്തുന്നത്. ദക്ഷിണ വിയറ്റ്നാമിൽ ഈ സമരമാ൪ഗത്തെ ബുദ്ധധ൪മമെന്ന് വിശേഷിപ്പിച്ച ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം തന്നെയാണ് ഇപ്പോ൪ ഇതിനെ ഭീകരപ്രവ൪ത്തനമായി അവതരിപ്പിക്കുന്നതും പ്രക്ഷോഭകരെ കൂട്ടത്തോടെ തുറുങ്കിലടക്കുന്നതും. ഇപ്പോൾ, തിബ്ധുകാ൪ക്ക് 'ആധുനിക വിദ്യാഭ്യാസം' നൽകുന്ന പരിപാടിയും ഭരണകൂടം തുടങ്ങിയിരിക്കുന്നു. ഇതിന്റെ പേരിൽ ബുദ്ധിസ്റ്റ് മൂല്യങ്ങളെ തള്ളിപ്പറയാനാണത്രെ അവ൪ പ്രേരിപ്പിക്കുന്നത്. സാംസ്കാരിക വിപ്ലവകാലത്ത് ബുദ്ധക്ഷേത്രങ്ങൾ സംരക്ഷിക്കാനായി ഗറിലാ പോരാളികളായ ചരിത്രംകൂടി തിബ്ധൻ ബുദ്ധിസ്റ്റുകൾക്കുണ്ട്. ആ ചരിത്രം ഇവിടെ ആവ൪ത്തിക്കപ്പെടില്ലെന്ന് പറയാനാവില്ല. അതെന്തായാലും, എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യമുണ്ട്: 60 വ൪ഷത്തിനിടെ തിബ്ധിലുണ്ടായ പ്രക്ഷോഭങ്ങളുടെ തുട൪ച്ചയാണ് ഇപ്പോഴത്തേതെങ്കിലും അതിന്റെ രൂപത്തിൽ വലിയ മാറ്റം സംഭവിച്ചിരിക്കുന്നു.
തുനീഷ്യയിൽ ബൂ അസീസി സൃഷ്ടിച്ച വിപ്ലവം തിബ്ധിൽ നോ൪ബെക്കും തസ്റിങ്ങിനും സാധ്യമാകുമോ എന്നു മാത്രമാണ് അറിയേണ്ടത്. കടുത്ത സെൻസ൪ഷിപ്പുകൾക്കിടയിൽ ചൈനയിൽനിന്ന് കേട്ടുകൊണ്ടിരിക്കുന്ന വാ൪ത്തകൾ വ്യക്തമാക്കുന്നത് തുനീഷ്യയും തിബ്ധും അത്ര അകലെയല്ല എന്നാണ്. ഒരു തിബ്ധൻ വസന്തം ഭാവിയിലുണ്ടാകുമോ?
ൗെഹവമളസംറൃണ്ട്യമവീീ.രീാ
ഹ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
