Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightവൈകല്യം സാധ്യതയാക്കി...

വൈകല്യം സാധ്യതയാക്കി അപൂര്‍വ കലാസംഘം; നഗരത്തെ ഞെട്ടിക്കാന്‍ അവര്‍ വീല്‍ചെയറിലെത്തി

text_fields
bookmark_border
വൈകല്യം സാധ്യതയാക്കി അപൂര്‍വ കലാസംഘം; നഗരത്തെ ഞെട്ടിക്കാന്‍ അവര്‍ വീല്‍ചെയറിലെത്തി
cancel

മസ്കത്ത്: വീൽചെയ൪ ഉരുട്ടി അവ൪ വേദിയിലെത്തും, പിന്നെ നാട്യശാസ്ത്രമനുസരിച്ച് തന്നെ ഭരതനാട്യം, മെയ് വഴക്കത്തോടെ കളരിപയറ്റ് , ഭാവങ്ങൾ മിന്നിമറയുന്ന നാടകം, സൂഫി ന൪ത്തകരായി മാസ്മരിക സംഗീതത്തിനൊപ്പം അവ൪ വട്ടം ചുറ്റും, എല്ലാം വീൽചെയറിൽ. വികലാംഗരെന്ന് ഇവരെ വിളിച്ചാൽ വിളിക്കുന്നവ൪ക്കായിരിക്കും വൈകല്യം. ഇവ൪ വിളിക്കപ്പെടേണ്ടത് അനന്തമായ കഴിവുകളുള്ള കലാകാരൻമാരെന്നാണ്.
ഗൾഫ് നഗരങ്ങൾ ഇന്നുവരെ ദ൪ശിച്ചിട്ടില്ലാത്ത ആവേശകരമായ കലാപ്രകടനം കാഴ്ചവെക്കാനാണ് ദൽഹിയിലെ ‘എബിലിറ്റി അൺലിമിറ്റഡിലെ’ പത്തംഗ കലാകാരൻമാ൪ ഇന്നലെ മസ്കത്തിലെത്തിയത്. ഇന്ന് രാത്രി ഏഴിന് അൽബുസ്താൻ പാലസിൽ ഇന്ത്യൻ സോഷ്യൽക്ളബ് വാ൪ഷികത്തോടനുബന്ധിച്ചാണ് ഈ അപൂ൪വ കലാസംഘം അരങ്ങുതക൪ക്കുക. വികലാംഗരുടെ ശാക്തീകരണത്തിന് രാഷ്ട്രപതി പ്രതിഭാ പാട്ടീലിൻെറ പുരസ്കാരത്തിന് അ൪ഹനായ ബംഗളൂരു സ്വദേശി ഗുരു സയ്യിദ് സലാഹുദ്ദീൻ പാഷയാണ് ഈ കലാസംഘത്തിൻെറ സ്ഥാപകനും ചാലകശക്തിയും. ‘വൈകല്യമുള്ളവ൪ എന്നും വീടിൻെറ നാല് ചുവരുകൾക്കുള്ളിൽ തളക്കപ്പടുന്നവരാണ്. അവരോട് ചെയ്യൂ, എന്നതിനേക്കാൾ കൂടുതൽ ‘ചെയ്യരുത്’ എന്നാണ് മാതാപിതാക്കൾ ഉൾപ്പെടെയുള്ളവ൪ കൽപിക്കാറ്, പക്ഷെ, അവ൪ക്ക് എന്തൊക്കെ അൽഭുതങ്ങൾ കാണിക്കാം എന്നതിൻെറ ചെറിയ ഉദാഹരണം മാത്രമാണ് ഞങ്ങളുടെ കലാസംഘം’- ഗുരു പാഷ ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു. 150 അംഗങ്ങളാണ് 1988ൽ ദൽഹിയിൽ ആരംഭിച്ച ‘എബിലിറ്റി അൺലിമിറ്റിഡലി’ കലാകാരൻമാരായി പ്രവ൪ത്തിക്കുന്നത്. നൂറിലധികം വ്യത്യസ്തമായ കലാപരിപാടികൾ അവതരിപ്പിക്കാൻ ശേഷിയുള്ള ഈ സംഘം ഇംഗ്ളണ്ടിലെ പാ൪ലമെൻറായ ‘ഹൗസ് കോമൺസ്’ ഉൾപ്പെടെ പതിനായിരം വേദികളിൽ അദ്ഭുത പ്രകടനങ്ങൾ കാഴ്ചവെച്ചുകഴിഞ്ഞു. എന്നാൽ, ഗൾഫിൽ ആദ്യമായാണ് ഇവ൪ക്ക് വേദിയൊരുങ്ങുന്നത്. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ഒമാൻ എത്രമാത്രം വികലാംഗ സൗഹൃദമാണെന്ന് വിമാനത്താവളം മുതൽ അനുഭവപ്പെടുന്നുണ്ട്. വൈകല്യമുള്ളവ൪ക്ക് കൂടുതൽ പരിചരണം നൽകാൻ ശ്രമിക്കുന്ന ഗൾഫ് രാജ്യങ്ങളിൽ ഇനിയും നിരവധി വേദികൾ തുറന്നുകിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും ഇദ്ദേഹം പറഞ്ഞു.
ഡോക്ട൪മാരും വൈദ്യൻമാരുമുള്ള കുടുംബത്തിൽ നിന്നാണ് സയ്യിദ് സലാഹുദ്ദീൻ പാഷ വരുന്നത്. ചെറുപ്പത്തിലേ വികലാംഗരെ പരിചരിക്കാൻ ശ്രദ്ധിച്ചിരുന്ന പാഷയുടെ മനസിലുദിച്ച നൂതന ആശയമാണ് പിന്നീട് ‘എബിലിറ്റി അൺലിമിറ്റഡിലേക്ക്’ നയിച്ചത്. പരിപാടികൾ അവതരിപ്പിച്ച് ലഭിക്കുന്ന തുകയാണ് സംഘടനയുടെ വരുമാനം. അംഗങ്ങൾക്ക് അതിൻെറ വിഹിതത്തിന് പുറമെ ഓരോ അംഗവും കലാഅധ്യാപക൪ എന്ന നിലയിൽ വരുമാനമുണ്ടാക്കാൻ കെൽപുള്ളവരുമാണെന്ന് പാഷ പറഞ്ഞു. ‘സംഭാവനയും ഫണ്ടും ഞങ്ങൾക്ക് വേണ്ട, കഴിവുള്ളവ൪ എന്ന അംഗീകാരമാണ് ഇവ൪ക്ക് വേണ്ടത്’-വികലാംഗനല്ലാത്ത പാഷ പറഞ്ഞു. വെല്ലുവിളികൾ പലത് അതജീവിച്ചാണ് അംഗങ്ങൾ ഓരോ കലയും പരിശീലിച്ചെടുക്കുന്നത്. പലപ്പോഴും വീൽചെയറിൽ നിന്ന് മറിഞ്ഞുവീഴും, പരിക്കേൽക്കും. അവ൪ക്കുള്ളിലെ ആവേശവും നിശ്ചയദാ൪ഢ്യവും കൈമുതലാക്കി അവ൪ കലയെ കീഴ്പ്പെടുത്തും, മറ്റാരെയും പോലെ.
ചെന്നെയിൽ ഭരതനാട്യം അവതരിപ്പിച്ചപ്പോൾ നാട്യഗുരുക്കൾ പോലും ശാസ്ത്രീയമായ കൃത്യതയെ അഭിനന്ദിക്കാൻ മുന്നോട്ടുവന്നത് ഇദ്ദേഹം ഓ൪ക്കുന്നു. ശാരീരിക വൈകല്യമുള്ള സോനുഗുപ്ത, ആഷിഖ് ഉസ്മാൻ, വിജയകുമാ൪, അജയകുമാ൪, ഹ൪ബീ൪ സിങ്, ഗുൽഷൻ കുമാ൪, ഹീരാ കുമാ൪ എന്നിവരും ബധിരകളായ പ്രിയാകുമാരി, അൽകാ ഷാ എന്നിവരുമാണ് ഇന്ന് മസ്കത്തിലെ വേദിയിലെത്തുക. സംഗീതം കേൾക്കാതെ ചുവട്വെക്കുന്നുവെന്നതാണ് പ്രിയാകുമാരിയുടെയും അൽകയുടെയും പ്രത്യേകത.
ചില ഹിന്ദി ചാനലുകളിൽ ഇവരുടെ പ്രകടനം കണ്ട ഇന്ത്യൻ സോഷ്യൽക്ളബിലെ സി.ആ൪. സ൪ദാറാണ് ഇവരെ മസ്കത്തിലെത്തിക്കാൻ ശ്രമം നടത്തിയത്. അൽബുസ്താൻ പാലസിലെ ആദ്യ പ്രകടനം ഒമാൻ ദേശീയഗാനത്തിൻെറ പശ്ചാത്തലത്തിൽ ഭരണാധികാരി സുൽത്താൻ ഖാബൂസിന് അഭിവാദ്യമ൪പ്പിക്കുന്നതായിരിക്കും. മസ്കത്തിലെ ഓപേറ ഹൗസിൽ ഒരിക്കൽ പരിപാടി അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നതായും ഗുരു പാഷ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story