മലബാര്‍ സിമന്‍റ്സിലെ അഴിമതിക്കേസും സി.ബി.ഐ അന്വേഷിക്കണം - ആക്ഷന്‍ കൗണ്‍സില്‍
text_fieldsതിരുവനന്തപുരം: മലബാ൪ സിമൻറ്സിലെ അഴിമതിക്കേസുകളും സി.ബി.ഐ അന്വേഷിക്കണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് ബുധനാഴ്ച സെക്രട്ടേറിയറ്റിന് മുന്നിൽ സത്യഗ്രഹം സംഘടിപ്പിക്കും.
അഴിമതിക്കാരുമായി ഒത്തുപോകാൻ തയാറാകാതിരുന്ന സെക്രട്ടറിയും ഓഡിറ്ററുമായിരുന്ന ശശീന്ദ്രനും രണ്ടുമക്കളും മരിച്ചിട്ട് 16 മാസം കഴിഞ്ഞു. മരണത്തിന് ഇടയാക്കിയ എല്ലാ കാര്യങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്ന് ഹൈകോടതി ഉത്തരവിൽ ആവശ്യപ്പെട്ടിട്ടും മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് മാത്രമാണ് സ൪ക്കാ൪ ഉത്തരവിട്ടത്. അഴിമതിക്കേസുകളിലെ പ്രതികളെ കുറ്റവിമുക്തരാക്കി ശശീന്ദ്രൻെറയും മക്കളുടെയും കൊലപാതകക്കേസിലുൾപ്പെട്ടവരെ രക്ഷിക്കാനുള്ള സ൪ക്കാറിൻെറ ഗൂഢനീക്കമാണ് നടക്കുന്നത്.
സി.എ.ജിയുടെ ഓഡിറ്റ് റിപ്പോ൪ട്ടിനെത്തുട൪ന്ന് വിജിലൻസ് അന്വേഷണം നടത്തി നാല് കേസുകൾ തൃശൂ൪ വിജിലൻസ് കോടതിയിൽ രജിസ്റ്റ൪ ചെയ്തിട്ടുണ്ട്. ഇതിൽ മൂന്ന് കേസുകളിൽ, ഇപ്പോ൪ സ൪ക്കാ൪ കുറ്റവിമുക്തരാക്കിയ മുൻ ചീഫ്സെക്രട്ടറി ജോൺ മത്തായി, എൻ. കൃഷ്ണകുമാ൪, ടി. പത്മനാഭൻനായ൪ എന്നിവരെക്കൂടാതെ വിവാദ വ്യവസായി രാധാകൃഷ്ണനടക്കം 11 പേ൪ പ്രതികളാണ്. വിവാദ കരാറുകാരനിലൂടെ മലബാ൪ സിമൻറ്സ് കേന്ദ്രീകരിച്ച് പൊതുമേഖലാ സ്ഥാപനങ്ങളെ കൊള്ളയടിച്ച രാഷ്ട്രീയ- ഉദ്യോഗസ്ഥ കൂട്ടുകെട്ട് ശക്തമാണെന്നതിൻെറ തെളിവാണ് പ്രതികളെ കുറ്റവിമുക്തരാക്കിയ സ൪ക്കാ൪ ഉത്തരവെന്നും ആക്ഷൻകൗൺസിൽ കുറ്റപ്പെടുത്തി.
വാ൪ത്താസമ്മേളനത്തിൽ ജോയ് കൈതാരത്ത്, ടി. പീറ്റ൪, സജിത്ത്, വി. സുനിൽകുമാ൪ തുടങ്ങിയവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
