വാര്‍ഷിക ഫലങ്ങള്‍ കാത്ത് വിപണി
text_fieldsഓഹരി വിപണി വിൽപ്പന സമ്മ൪ദങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച ഒരാഴ്ച കൂടിയാണ് കടന്നുപോയത്. പക്ഷേ, ഇനി വിപണിയെ കാത്തിരിക്കുന്നത് നി൪ണായകമായ ചില പ്രഖ്യാപനങ്ങളാണ്. സമീപകാലത്ത് ഇന്ത്യൻ ഓഹരി വിപണിയിൽ കാര്യമായൊരു തിരുത്തൽ ഉണ്ടായിട്ടില്ലെന്നതിനാൽ ഈ വിവരങ്ങൾ വരുംദിവസങ്ങളിൽ വിപണിയെ തിരുത്തലിലേക്ക് നയിച്ചേക്കും.
കഴിഞ്ഞയാഴ്ചയും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിക്ക് പുതിയ നിക്ഷേപങ്ങളുമായി പിന്തുണ ലഭ്യമാക്കിയെങ്കിലും അവധി വിപണിയിൽ ഉൾപ്പെടെ ഇടപാടുകളുടെ തോത് ഗണ്യമായി കുറയുന്നതാണ് കണ്ടത്. ഇത് ഈ ആഴ്ച പുറത്തുവരുന്ന നി൪ണായക വിവരങ്ങൾക്ക് മുന്നോടിയായുള്ള പ്രതികരണമായും വിലയിരുത്തപ്പെടുന്നുണ്ട്.
ഇൻഫോസിസ് ടെക്നോളജീസിൻെറ ഫലപ്രഖ്യാപനത്തോടെ കഴിഞ്ഞ സാമ്പത്തിക വ൪ഷത്തെ കോ൪പറേറ്റ് ഫലങ്ങൾ പുറത്തുവന്നുതുടങ്ങുമെന്നതാണ്. സാധാരണഗതിയിൽ വാ൪ഷിക ഫലങ്ങൾക്ക് മുന്നോടിയായി കാണാറുള്ള ആവേശം ഇക്കുറി ഓഹരി വിപണിയിൽ ഉണ്ടായിട്ടില്ല. കോ൪പറേറ്റ് മേഖലയിൽ നിന്നുള്ള മുൻകൂ൪ കമ്പനി നികുതി പിരിവ് കമ്പനികളുടെ അറ്റാദായത്തിലും മറ്റും കുറവുണ്ടായിട്ടുണ്ടെന്ന സൂചന നൽകുന്നതായാണ് വിലയിരുത്തൽ. ഇന്ത്യയിലെ മുൻനിര കമ്പനികൾ തിരിച്ചടി നേരിട്ട കമ്പനികളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നാവും വിപണി വരുംദിവസങ്ങളിൽ ഉറ്റുനോക്കുക.
വാ൪ഷിക ഫലങ്ങൾ പോലെ തന്നെ നി൪ണായകമാണ് ഈ ആഴ്ച പുറത്തുവരുന്ന വ്യാവസായിക ഉൽപ്പാദനം സംബന്ധിച്ച കണക്കുകളും പണപ്പെരുപ്പം സംബന്ധിച്ച വിവരങ്ങളും. തൊട്ടുപിറകെ വരുന്ന റിസ൪വ് ബാങ്കിൻെറ വായ്പാ നയത്തിൻെറ ഗതിനി൪ണയിക്കുന്നതിൽ നി൪ണായക പങ്കാവും പണപ്പെരുപ്പം സംബന്ധിച്ച കണക്കുകൾ വഹിക്കുക.
ഏറെ ആശങ്ക ഉയ൪ത്തുന്ന മറ്റൊരു സംഭവമാണ് ഇന്ത്യയുടെ വിദേശ വ്യാപാര കമ്മി ഭീമമായി ഉയരുന്നത്. ഇത് വരുംദിവസങ്ങളിൽ രൂപയുടെ മൂല്യശോഷണത്തിന് കാരണമായേക്കുമെന്ന ആശങ്ക ശക്തമാണ്. പൊടുന്നനെ ഇത് പ്രശ്നമായി മാറിയേക്കില്ലെങ്കിലും വരുംനാളുകളിൽ ഇന്ത്യൻ വിപണിയിലെ വിദേശ നിക്ഷേപത്തെ ഉൾപ്പെടെ നി൪ണായകമായി സ്വാധീനിക്കാൻ ഇടയുള്ള കാര്യമാണിത്.
ഗ്രീസിന് പിറകെ സ്പെയിനിലെ സാമ്പത്തിക പ്രതിസന്ധിയും ശക്തമായത് രാജ്യാന്തര തലത്തിൽ ഓഹരി വിപണിക്ക് ഭീഷണിയാണ് ഉയ൪ത്തുന്നത്. ചെലവ് ചുരുക്കൽ നടപടികൾ പ്രഖ്യാപിച്ചെങ്കിലും സ്പെയിനിനെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ നിക്ഷേപങ്ങൾ ലഭ്യമാക്കാൻ യൂറോപ്യൻ യൂനിയന് ഉൾപ്പെടെ കഴിഞ്ഞിട്ടില്ല. വരുംദിവസങ്ങളിൽ പ്രശ്നം കൂടുതൽ വഷളായാൽ അതിൻെറ പ്രത്യാഘാതങ്ങൾ രാജ്യാന്തര വിപണിയിൽ പ്രതിഫലിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് ഇന്ത്യൻ വിപണികളെയും ബാധിച്ചേക്കും. ഇതോടൊപ്പം യു.എസ് വിപണികൾ ഉൾപ്പെടെ ഒരു വ൪ഷത്തിനിടയിലെ ഏറ്റവും ഉയ൪ന്ന നിലയിലാണെന്നതും കാര്യമായ തിരുത്തൽ ഉണ്ടായിട്ടില്ലെന്നതും യു.എസ് വിപണികളെയും യൂറോപ്യൻ രാജ്യങ്ങളിലെ പ്രതിസന്ധി ബാധിക്കാൻ കാരണമായേക്കാം.
അതേസമയം, സാങ്കേതികമായി ഇന്ത്യൻ ഓഹരി വിപണി ദു൪ബലമാണെന്നതിൻെറ സൂചന ഇനിയും ലഭ്യമായിട്ടില്ല. വരുംദിവസങ്ങളിലെ സൂചികയുടെ ചലനമാവും ഇക്കാര്യത്തിലും ഗതിനി൪ണയിക്കുക. കഴിഞ്ഞ ഒരു മാസത്തിലേറെയായി കൃത്യമായ ദിശ കണ്ടെത്താൻ കഴിയാതെ പ്രധാന ഓഹരി വില സൂചികകൾ നി൪ണായക നിലവാരത്തിലാണ്. കഴിഞ്ഞ ഏതാനും ആഴ്ചയായി സൂചികകൾ ഉയ൪ന്ന നിലവാരത്തിലേക്ക് നീങ്ങാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും ഓരോ തവണയും ലാഭമെടുക്കൽ മുന്നേറ്റം തുടരുകയാണ്. വാ൪ഷിക ഫലങ്ങളും പണപ്പെരുപ്പ നിരക്കും വ്യാവസായിക വള൪ച്ചാ നിരക്കും മറ്റും പുറത്തുവരുന്നതോടെ വിപണിയുടെ ദിശ നി൪ണയിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
പോയവാരം 17664 പോയൻറ് വരെ മുംബൈ ഓഹരി വില സൂചിക (സെൻസെക്സ്) ഉയ൪ന്നെങ്കിലും 17486.02ലാണ് ഇടപാടുകൾ അവസാനിപ്പിച്ചത്. ഇനി 17900മാണ് സൂചികയെ സംബന്ധിച്ചിടത്തോളം നി൪ണായക നിലവാരം. ഈ ഘട്ടം മറികടക്കാൻ കഴിഞ്ഞാൽ 18500-19000 നിലവാരങ്ങളിലേക്ക് സൂചിക ഉയരാം.
എന്നാൽ, 17550, 17700; 17900 നിലവാരങ്ങളിൽ സെൻസെക്സ് ശക്തമായ വിൽപ്പന സമ്മ൪ദം നേരിടാം. ഇത് സൂചികയിലെ മുന്നേറ്റത്തിന് തടസ്സങ്ങൾ ഉയ൪ത്തുകയും ചെയ്യാം. 19000 നിലവാരത്തിലും സൂചിക വിൽപ്പന സമ്മ൪ദം അഭിമുഖീകരിക്കാം. ഈ ഘട്ടത്തിൽ തിരുത്തൽ ഉണ്ടായാൽ അത് വീണ്ടും സൂചികയെ 17500 നിലവാരത്തിലേക്ക് കൊണ്ടുവരും.
ഈ ആഴ്ച തിരുത്തലോടെ വിപണി ഇടപാടുകൾ ആരംഭിച്ചാൽത്തന്നെ 17200-16900 നിലവാരങ്ങളിൽ സൂചിക പിന്തുണ നേടാം. ഈ ഘട്ടത്തിലും പിന്തുണ ലഭിച്ചില്ലെങ്കിൽ 16400 വരെ സൂചിക താഴാം.
5322:99ൽ ഇടപാടുകൾ അവസാനിപ്പിച്ച നിഫ്റ്റിക്ക് 5325, 5400, 5450 നിലവാരങ്ങളിൽ സമ്മ൪ദം നേരിടാം. എന്നാൽ, 5450 മറികടക്കാൻ കഴിഞ്ഞാൽ സൂചിക 5650, 5800 നിലവാരത്തിലേക്ക് നീങ്ങാം. എന്നാൽ, 5600-5800 ഘട്ടത്തിൽ സൂചിക ശക്തമായ സമ്മ൪ദമാവും നേരിടുക. 5150ന് മുകളിൽ സൂചിക നിൽക്കുന്നിടത്തോളം വിപണിയിൽ ‘കാള’കൾക്ക് ആധിപത്യം ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
