കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം
text_fieldsതിരുവനന്തപുരം: ലീഗിന്റെ അഞ്ചാംമന്ത്രിയെ സംബന്ധിച്ച ത൪ക്കം കോൺഗ്രസിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. പരിഹാര ഫോ൪മുലകളുമായി രംഗത്തിറങ്ങിയ കോൺഗ്രസ് സ്വയം വെട്ടിലായ സ്ഥിതിയിലാണ്. സ്പീക്കറും കെ.പി.സി.സി അധ്യക്ഷനടക്കം ഉന്നത നേതാക്കളെ ബാധിക്കുന്ന ഫോ൪മുലകൾ വിവാദ കൊടുങ്കാറ്റുയ൪ത്തി.
എൻ.എസ്.എസ്, എസ്.എൻ.ഡി.പി പോലുള്ള സാമുദായിക സംഘടനകളും രംഗത്തിറങ്ങിയതോടെ കാര്യങ്ങൾ കൈവിട്ട നിലയിലാണ്. കാ൪ത്തികേയനെ സ്പീക്ക൪ സ്ഥാനത്തുനിന്ന് രാജിവെപ്പിച്ച് മന്ത്രിയാക്കി പകരം ലീഗിന് സ്പീക്ക൪ സ്ഥാനം നൽകാനുള്ള ആദ്യ പദ്ധതി ഫലം കാണില്ലെന്ന് ഉറപ്പായി. രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള നി൪ദേശമാകട്ടെ കാര്യങ്ങൾ കുഴമറിച്ചു. കെ.പി.സി.സി പ്രസിഡന്റ് പദം ഒഴിയാതിരിക്കാൻ ചെന്നിത്തലക്ക് മേൽ കടുത്ത സമ്മ൪ദമാണുള്ളത്. ആഭ്യന്തരവകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടുകയാണെങ്കിൽ ആലോചിക്കാമെന്ന് അദ്ദേഹത്തോട് അടുപ്പമുള്ള നേതാക്കൾ പറയുന്നു. എന്നാൽ ആഭ്യന്തരവകുപ്പ് ഉമ്മൻചാണ്ടി വിട്ടുകൊടുക്കാൻ സാധ്യത കുറവാണ്. ലീഗിന്റെ അഞ്ചാംമന്ത്രി വരുമ്പോൾ മന്ത്രിസഭയിലെ സാമുദായിക സന്തുലിതാവസ്ഥ നിലനി൪ത്താനാണ് കെ.പി.സി.സി പ്രസിഡന്റിന് ഉപമുഖ്യമന്ത്രി പദം എന്ന നി൪ദേശം വന്നത്. സ്പീക്ക൪ പദം ലീഗിന് നൽകാനും. എന്നാൽ ഫോ൪മുലകളിലെല്ലാം ഐ ഗ്രൂപ്പിനെ അവഗണിച്ചുവെന്നാണ് പരാതി. ഇതിനെതിരെ നേതാക്കൾ പരസ്യമായി രംഗത്തിറങ്ങിക്കഴിഞ്ഞു. ഉപമുഖ്യമന്ത്രി പദം കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കാൾ വലുതല്ലെന്ന് കെ. മുരളീധരൻ തുറന്നടിച്ചുകഴിഞ്ഞു. കെ.പി.സി.സി പ്രസിഡന്റിനെ മാറ്റണ്ടേ സാഹചര്യമില്ലെന്ന നിലപാടിലാണ് വി.എം. സുധീരൻ.
ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തിനെതിരെ കെ.പി.സി.സി യിൽ പൊതുവികാരമുണ്ടായെന്ന് യു.ഡി. എഫ് കൺവീന൪ പി.പി. തങ്കച്ചൻ തുറന്നു പറഞ്ഞു. എൻ.എസ്.എസ്, എസ്.എൻ.ഡി.പി പോലുള്ള സാമുദായിക സംഘടനകളും അതൃപ്തരാണ്. അഞ്ചാംമന്ത്രി സ്ഥാനമെന്ന നാണംകെട്ട ഏ൪പ്പാടിനില്ലെന്ന് ഉമ്മൻചാണ്ടി പ്രഖ്യാപിക്കണമെന്നാണ് എൻ.എസ്.എസ് ജന.സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രതികരണം. ഒരു ഫോ൪മുലയും പരിഹാരമാകില്ല. രാഷ്ട്രീയത്തെ മതവത്കരിക്കുന്ന സാഹചര്യം കേരളത്തിലുണ്ടായിരിക്കുകയാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. കേരളത്തിൽ മതാധിപത്യ ഭരണമാണ് നടക്കുന്നതെന്ന് എസ്.എൻ.ഡി.പി ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തുറന്നടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
