പാകിസ്താനില്‍ യു.എസ് വിരുദ്ധ റാലി
text_fieldsഇസ്ലാമാബാദ്: ലശ്കറെ ത്വയ്യിബ സ്ഥാപകൻ ഹാഫിസ് സഈദിന്റെ തലക്ക് അമേരിക്ക ഒരു കോടി ഡോള൪ (50 കോടിയോളം രൂപ) ഇനാം പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് നൂറുകണക്കിനാളുകൾ പാക് നഗരങ്ങളിൽ അമേരിക്കാ വിരുദ്ധ പ്രകടനം നടത്തി. ദിഫാഏ പാകിസ്താൻ കൗൺസിൽ എന്ന സംഘടനയുടെ ബാനറിലാണ് ജനങ്ങൾ റാലികളിൽ അണിനിരന്നത്. പാക്കധീന കശ്മീ൪ തലസ്ഥാനമായ മുസഫറാബാദിൽ അമേരിക്കൻ പതാക കത്തിച്ച പ്രകടനക്കാ൪ യു.എസിനെതിരെ വിശുദ്ധ യുദ്ധം ആരംഭിക്കാൻ ആഹ്വാനം മുഴക്കി.
അമേരിക്കയുടെ ഇത്തരം വിവേകശൂന്യമായ പ്രഖ്യാപനങ്ങളാണ് മുസ്ലിം സമൂഹത്തെ തോക്കുകളേന്താൻ പ്രേരിപ്പിക്കുന്നതെന്ന് ജംഇയ്യത്തുദ്ദഅ്വയുടെ മുതി൪ന്ന നേതാവ് അബ്ദുൽ അസീസ് അലവി അഭിപ്രായപ്പെട്ടു.
ഇസ്ലാമാബാദിൽ പ്രസ്ക്ളബിനു മുന്നിൽ അമേരിക്കയെ അപലപിക്കുന്ന മുദ്രാവാക്യങ്ങളും ബാനറുകളുമായി 500ഓളം പേ൪ പ്രകടനം നടത്തി. ലാഹോ൪, കറാച്ചി തുടങ്ങിയ നഗരങ്ങളിലും അമേരിക്കൻ വിരുദ്ധ വികാരം അണപൊട്ടി.
ഹാഫിസ് സഈദിനെ കോടതികൾ കുറ്റമുക്തമാക്കിയ സാഹചര്യത്തിൽ അദ്ദേഹത്തെ പിടികൂടാൻ ഉത്തരവിടുന്ന അമേരിക്ക പാക് പരമാധികാരത്തെ തന്നെയാണ് ആക്രമിക്കുന്നതെന്ന് പാക് ജമാഅത്തെ ഇസ്ലാമി നേതാവ് മിയാൻ അസ്ലം ചൂണ്ടിക്കാട്ടി.
യു.എസ് സ്ഥാനപതിയെ വിളിച്ചുവരുത്തി ഗവൺമെന്റ് ഔദ്യോഗികമായി പ്രതിഷേധം അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അമേരിക്കൻ വിദേശകാര്യ അണ്ട൪ സെക്രട്ടറി വെൻഡി ഷെ൪മാൻ തിങ്കളാഴ്ചയാണ് ഹാഫിസിന്റെ തലക്ക് ഇനാം പ്രഖ്യാപിച്ചത്.
താൻ തുറന്ന ജീവിതം നയിക്കുന്ന വ്യക്തിയാണെന്നും ഏത് അമേരിക്കൻ കോടതിയിലും ആരോപണങ്ങൾക്ക് ഉത്തരം നൽകാൻ തയാറാണെന്നും പിറ്റേദിവസം വാ൪ത്താസമ്മേളനത്തിൽ പ്രത്യക്ഷപ്പെട്ട് ഹാഫിസ് അമേരിക്കക്ക് മറുപടി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
