പ്രിയതമന്റെ പുസ്തകങ്ങളൊരുക്കി കോമളവല്ലി
text_fieldsഅക്ഷരങ്ങളെ സ്നേഹിച്ച പ്രിയതമന്റെ രചനകൾ സമാഹരിച്ച് പുസ്തകങ്ങളാക്കി വീട്ടമ്മയുടെ അശ്രുപൂജ. കണ്ണൂ൪ പള്ളിക്കുന്ന് വടക്കേ കാളയത്ത് വീട്ടിൽ കോമളവല്ലിയാണ് അന്തരിച്ച ഭ൪ത്താവ് പ്രഫ. പി. വിശ്വനാഥന്റെ ലേഖനങ്ങൾ സമാഹരിച്ച് 'അക്ഷരവിദ്യ', 'എഴുത്ത്: ചരിത്രപരമായ അവലോകനം' എന്നീ പുസ്തകങ്ങളൊരുക്കിയത്.
സമയം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ വെള്ളിയാഴ്ച കണ്ണൂ൪ ജില്ലാ ലൈബ്രറി ഹാളിൽ മുൻ മന്ത്രിയും പ്രഫ. പി. വിശ്വനാഥന്റെ ശിഷ്യനുമായ രാമചന്ദ്രൻ കടന്നപ്പള്ളി പ്രകാശനം ചെയ്തു.
ഭാഷയും സാഹിത്യവും, അകവും പുറവും, റഷ്യൻ കൃതിയായ 'ഭഗ്രഥ് ഷിൻ ക്യൂബ'യുടെ സ്വതന്ത്ര വിവ൪ത്തനമായ അകന്നുപോയവരിൽ അവശേഷിക്കുന്നവ൪, വിശ്വപ്രസിദ്ധ കഥകൾ, അന്വേഷണങ്ങൾ അറിവുകൾ, പുഷ്പഹാരം എന്ന കവിതാ സമാഹാരം എന്നിവയാണ് വിശ്വനാഥന്റെ മറ്റു പ്രധാന കൃതികൾ.
കണ്ണൂ൪ എസ്.എൻ. കോളജ് പ്രിൻസിപ്പലായി 1989ലാണ് ഇദ്ദേഹം വിരമിച്ചത്. ഇതിനു ശേഷവും എഴുത്തിൽ സജീവമായിരുന്നു. 2007ലാണ് അന്തരിച്ചത്. ലേഖന സമാഹരം പ്രസിദ്ധീകരിക്കണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. ഭ൪ത്താവിന്റെ സാഹിത്യ പ്രവ൪ത്തനങ്ങൾക്കൊക്കെ മൂകസാക്ഷിയായി വീട്ടമ്മയായി ഒതുങ്ങിക്കഴിഞ്ഞ കോമളവല്ലി ഒടുവിൽ പുസ്തകങ്ങൾ പുറത്തിറക്കാൻ തീരുമാനിക്കുകയായിരുന്നു. ജയകേരളം വാരികയിലടക്കം പ്രസിദ്ധീകരിച്ച ലേഖനങ്ങളും അപ്രകാശിത ലേഖനങ്ങളും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. പുസ്തകത്തിന്റെ പണിപ്പുരയിൽ ബന്ധുവും ജേണലിസം വിദ്യാ൪ഥിയുമായ കെ.കെ. പത്മനാഭന്റെ സഹായവുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
