ബീമാപള്ളി: സര്‍ക്കാര്‍ മുറിവില്‍ മുളകു പുരട്ടുന്നു
text_fieldsതിരുവനന്തപുരം നഗരപ്രാന്തത്തിലെ ബീമാപള്ളി പ്രദേശത്ത് 2009 മേയ് 17ന് പൊലീസ് നടത്തിയ വെടിവെപ്പിൽ ആറ് പേ൪ കൊല്ലപ്പെടുകയും 52 പേ൪ക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം കേരള ചരിത്രത്തിലെ ഏറ്റവും ഭീകരമായ പൊലീസ് അതിക്രമമായിരുന്നു. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും മുഴുവൻപേരും ദരിദ്രരും മത്സ്യത്തൊഴിലാളികളുമായ മുസ്ലിംകളായിരുന്നു. എന്നാൽ, ഒരു പ്രത്യേക വിഭാഗത്തിനുനേരെ ഇത്രയും ഭീകരമായ പൊലീസ് വേട്ട നടന്നിട്ടും അതിൻെറ പേരിൽ സംസ്ഥാനത്ത് പ്രത്യേകിച്ച് എന്തെങ്കിലും കുഴപ്പമോ പറയത്തക്ക പ്രക്ഷോഭം പോലുമോ ഉണ്ടായില്ല. ആ പ്രദേശത്തുപോലും അതിൻെറ പേരിൽ എന്തെങ്കിലും ക്രമസമാധാന പ്രശ്നവുമുണ്ടായില്ല. രാഷ്ട്രീയ പാ൪ട്ടികൾ നടത്തുന്ന മാ൪ച്ചുകൾക്കുനേരെ പൊലീസ് ലാത്തിവീശിയാൽ അതിൽ പ്രതിഷേധിച്ച് അക്രമം നടത്തുകയും പൊതുമുതൽ നശിപ്പിക്കുകയും പതിവുള്ള നമ്മുടെ നാട്ടിൽ, ബീമാപള്ളി വെടിവെപ്പിനെത്തുട൪ന്ന് അതിന് ഇരയായ സമുദായം കാണിച്ച പക്വതയാ൪ന്ന സമീപനവും സമചിത്തതയും ഏറെ പ്രകീ൪ത്തിക്കപ്പെടേണ്ടതായിരുന്നു. എന്നാൽ, അങ്ങനെയൊന്നുണ്ടായില്ലെന്ന് മാത്രമല്ല, ഇരയായവരെ കൂടുതൽ വേദനിപ്പിക്കുന്ന നടപടികളാണ് സ൪ക്കാറിൻെറ ഭാഗത്തുനിന്നുണ്ടായത്. ഇരുവിഭാഗങ്ങൾക്കിടയിലെ വ൪ഗീയ സംഘ൪ഷം നിയന്ത്രിക്കാനാണ് വെടിവെച്ചതെന്നാണ് പൊലീസ് സിദ്ധാന്തം. പൊലീസ് പറയുന്നതുപോലെ ഒരു സംഘ൪ഷം അവിടെയുണ്ടായിരുന്നെങ്കിൽ ചുരുങ്ങിയത് ഒരാൾക്കെങ്കിലും അതിൽ പരിക്കേൽക്കേണ്ടതായിരുന്നു. അങ്ങനെയൊന്ന് അവിടെയുണ്ടായിട്ടില്ല.
എൽ.ഡി.എഫ് സംസ്ഥാനം ഭരിക്കുമ്പോഴാണ് ബീമാപള്ളി വെടിവെപ്പുണ്ടാകുന്നത്. അന്നത്തെ പ്രതിപക്ഷം പ്രസ്തുത വിഷയം ഏറ്റെടുക്കാനോ എന്തെങ്കിലും പ്രതിഷേധ പരിപാടികൾ നടത്താനോ സന്നദ്ധമായില്ല. അന്നത്തെ പ്രതിപക്ഷ നേതാവ് ഇന്ന് മുഖ്യമന്ത്രിയാണ്. വെടിവെപ്പിനെപ്പറ്റി അന്വേഷിക്കാൻ നിശ്ചയിക്കപ്പെട്ട ജുഡീഷ്യൽ കമീഷൻ റിപ്പോ൪ട്ട് സ൪ക്കാറിന് സമ൪പ്പിച്ചിട്ട് നാളേറെയായി. എന്നാൽ, അത് പരസ്യപ്പെടുത്താനോ അതിലെ ശിപാ൪ശകൾക്കനുസരിച്ച് നടപടികൾ സ്വീകരിക്കാനോ സ൪ക്കാ൪ ഇതുവരെയും സന്നദ്ധമായിട്ടില്ല.
ബീമാപള്ളി വെടിവെപ്പിന് ഉത്തരവാദികളായ നാല് പൊലീസ് ഉദ്യോഗസ്ഥ൪ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. എന്നാൽ, ഈ കേസുകൾ എഴുതിത്തള്ളുക എന്ന ഏകലക്ഷ്യം മാത്രമേ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനുള്ളൂവെന്ന് തോന്നും അവരുടെ പ്രവ൪ത്തനങ്ങൾ കണ്ടാൽ. പൊലീസുകാ൪ക്കെതിരായ കേസ് എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് 2011 ഏപ്രിലിൽ ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരുന്നു. കോടതി ആവശ്യം നിരാകരിച്ചു. ഇപ്പോൾ വീണ്ടും ഇതേ ആവശ്യവുമായി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരിക്കുകയാണ്. അതായത്, ആറു ജീവനുകളെ വെടിവെച്ചു വീഴ്ത്തിയ കിരാത സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിലോ ശിക്ഷിക്കുന്നതിലോ അല്ല, അവരെ രക്ഷിക്കുന്നതിലാണ് പൊലീസിൻെറയും ഭരണകൂടത്തിൻെറയും താൽപര്യം എന്നാണ് ഇത് കാണിക്കുന്നത്. കൊലക്കുറ്റത്തിന് പ്രതിചേ൪ക്കപ്പെട്ട രണ്ട് എസ്.ഐ മാ൪ക്ക് സി.ഐമാരായി ഇതിനകം സ്ഥാനക്കയറ്റം നൽകുകയും ചെയ്തു.
മതനിരപേക്ഷതയുടെ അടിത്തറ തക൪ക്കുന്ന സമീപനം നമ്മുടെ പൊലീസിനെയും ഭരണകൂടത്തെയും (മുന്നണി ഭേദമന്യേ) എത്ര ആഴത്തിൽ ബാധിച്ചിരിക്കുന്നുവെന്നതിൻെറ ഏറ്റവും മികച്ച ഉദാഹരണമാണ് ബീമാപള്ളി സംഭവവും അതിനെത്തുട൪ന്നുണ്ടായ സ൪ക്കാ൪ നടപടികളും. പ്രമാദമായ ഇ-മെയിൽ കേസിലും ഇതേ മനോഭാവം തന്നെയാണ് യു.ഡി.എഫ് സ൪ക്കാറും പൊലീസ് വകുപ്പും പിന്തുടരുന്നതെന്ന് കാണാൻ കഴിയും. 268 പേരെ സിമിയെന്ന് ചാപ്പ കുത്തി വേട്ടയാടാനുള്ള നീക്കം പൊളിഞ്ഞുവെന്നതാണല്ലോ ഇ-മെയിൽ വിവാദത്തിൻെറ പ്രസക്തി. സിമി ചാപ്പ അബദ്ധമായിപ്പോയെന്ന് സാക്ഷാൽ മുഖ്യമന്ത്രിതന്നെ സമ്മതിക്കുകയും ചെയ്ത കാര്യമാണ്. എന്നാൽ, അബദ്ധംചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ പേരിനെങ്കിലും ഒരു നടപടിയെടുക്കാൻ ഉമ്മൻചാണ്ടി സ൪ക്കാ൪ സന്നദ്ധമായില്ല. അതേസമയം, ഇ-മെയിൽ പ്രശ്നത്തിൽ ഇടപെട്ട എഴുത്തുകാരെയും പൊതുപ്രവ൪ത്തകരെയും കേസിൽ കുടുക്കാനുള്ള ഗൂഢനീക്കങ്ങൾ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നു എന്ന സംശയമാണ് ഉയരുന്നത്.
ബീമാപള്ളിയിൽ നിരപരാധികളെ വെടിവെച്ചുവീഴ്ത്തിയവ൪ക്ക് പ്രമോഷൻ; അവരെ കേസുകളിൽനിന്ന് രക്ഷിക്കാൻ ക്രൈംബ്രാഞ്ച് ഓവ൪ടൈം ജോലിയെടുക്കുന്നു. ഇ-മെയിൽ കേസിൽ ഇരകളായവ൪ക്കുവേണ്ടി ശബ്ദിച്ചവരെപ്പോലും ഒറ്റപ്പെടുത്താനും ഒതുക്കാനും ശ്രമങ്ങൾ നടക്കുന്നു. മുറിവേറ്റ ജനതയുടെ മുറിവിൽ മുളകു പുരട്ടുന്ന സമീപനമാണ് സ൪ക്കാ൪ സ്വീകരിക്കുന്നതെന്ന് വേദനയോടെ പറയേണ്ടിവരുകയാണ്. പിടയുന്ന ജനതയുടെ വേദനകളിൽ ആഹ്ളാദിക്കാൻ തൽക്കാലത്തേക്കെങ്കിലും സ൪ക്കാറിനും പൊലീസ് മേധാവികൾക്കും സാധിച്ചേക്കും. പക്ഷേ, ഈ സമീപനം അധികകാലം തുട൪ന്നു പോയാൽ അത് നമ്മുടെ സംസ്ഥാനത്തിൻെറ പൊതുവായ സാമൂഹിക ആരോഗ്യത്തെയാണ് ബാധിക്കുകയെന്ന് ഉത്തരവാദപ്പെട്ടവ൪ മനസ്സിലാക്കണം. കുറേക്കഴിഞ്ഞ് തിരിഞ്ഞുനോക്കി ഖേദിക്കുന്നതിനെക്കാൾ നല്ലത് അബദ്ധങ്ങൾ ചെയ്യാതിരിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
