ലീഗ് പിടിച്ച പുലിവാല്
text_fieldsഹാലു പിടിച്ചൊരു പുലിയച്ചൻ
പുലിവാലു പിടിച്ചൊരു നായരച്ചൻ
നടുവിൽ നട്ടംതരിഞ്ഞു ഞമ്മള്
ഹലാക്കിലായി ചങ്ങാതീ....
അഞ്ചാം മന്ത്രിക്കായി അട്ടമെണ്ണിക്കഴിയുന്ന മുസ്ലിംലീഗിൻെറ അവസ്ഥ ഈ സിനിമാ പാട്ടിൽ പറഞ്ഞതുപോലെയാണ്. പാണ്ടിക്കടവത്ത് കുഞ്ഞാപ്പ കാണിച്ചുകൊടുത്ത വാലിൽ പിടിച്ചുവെന്ന തെറ്റാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ചെയ്തത്. പക്ഷേ പിടിച്ചത് പുലിവാലിലായിരുന്നുവെന്ന് വൈകിയാണ് തങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാവുക. തങ്ങളെക്കൊണ്ട് പുലിവാല് പിടിപ്പിച്ച കുഞ്ഞാലിക്കുട്ടിയാവട്ടെ തലയൂരാൻ കഴിയാത്ത അവസ്ഥയിലുമാണ്. ഇതിന് നടുവിൽ നട്ടംതിരിഞ്ഞ് ഹലാക്കിലായത് മഞ്ഞളാംകുഴി അലിയും.
ലീഗിന് അഞ്ചാം മന്ത്രിയെ കിട്ടണമെന്ന് നി൪ബന്ധം ആ൪ക്കാണുള്ളത്, അലിക്കല്ലാതെ. പറഞ്ഞ വാക്ക് പാലിച്ചു കിട്ടണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്കും അദ്ദേഹത്തിൻെറ അണികൾക്കുമുണ്ട്. അത് ലീഗിന് അഞ്ചാം മന്ത്രിയുണ്ടാവുമെന്ന് പറഞ്ഞുപോയതു കൊണ്ടുമാത്രം. ലീഗിലെ മറ്റ് 19 എം.എൽ.എമാ൪ക്കോ, കോൺഗ്രസിനോ, ഇതര യു.ഡി.എഫ് ഘടകകക്ഷികൾക്കോ അലിയെ മന്ത്രിയാക്കണമെന്നില്ല. യു.ഡി.എഫിലെ ത൪ക്കം കൊഴുപ്പിക്കാനെങ്കിലും ലീഗിന് അഞ്ചാം മന്ത്രിയെ കൊടുക്കണമെന്ന് പ്രതിപക്ഷം പോലും പറയുന്നില്ല. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ പറഞ്ഞത്, ലീഗിന് അഞ്ചാം മന്ത്രിയെ കൊടുത്താൽ ഭരണരംഗത്ത് സാമുദായിക അസന്തുലിതത്വമുണ്ടാവുമെന്നാണ്. പ്രതിപക്ഷ ഉപനേതാവ് കോടിയേരിയും കോൺഗ്രസ് എം.എൽ.എ ആയ കെ. മുരളീധരനും അതേ അഭിപ്രായക്കാരാണ്. അപ്പോൾ പിന്നെ മന്ത്രിയാവേണ്ടത് അലിയുടെ മാത്രം ആവശ്യം. അതിനല്ലെങ്കിൽ പിന്നെ ഇടതുപക്ഷത്തുനിന്ന് അലി വലതുപക്ഷത്തേക്ക് വരേണ്ടിയിരുന്നോ? എന്തായാലും എ. വിജയരാഘവനും കൂട്ട൪ക്കും ഊറിച്ചിരിക്കാൻ ആവോളമായി.
മുസ്ലിംലീഗിൻെറ അഞ്ചാം മന്ത്രിസ്ഥാനം എവിടെയാണ് തടഞ്ഞുനിൽക്കുന്നത്? അഞ്ചാം മന്ത്രിയെ തരാൻ കോൺഗ്രസ് ആദ്യമേ ഒരുക്കമല്ലായിരുന്നെങ്കിൽ എന്തിന് ഹൈദരലി ശിഹാബ് തങ്ങളെക്കൊണ്ട് ഒരു പ്രഖ്യാപനം നടത്തിച്ചു? തങ്ങൾ പ്രഖ്യാപനം നടത്തിയാൽ അത് നടപ്പാക്കേണ്ടത് ആരാണ്? പാണക്കാട്ടെ പ്രഖ്യാപനം നടപ്പാകുന്നില്ലെങ്കിൽ എന്തായിരിക്കണം ലീഗിൻെറ നിലപാട്? തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾക്കാണ് മുസ്ലിംലീഗിന് ഉത്തരം കിട്ടാനുള്ളത്. മന്ത്രിസ്ഥാനത്തിനുള്ള അലിയുടെ പൂതിക്ക് കോട്ടം തട്ടിക്കാതെയാണ് പെരിന്തൽമണ്ണയിൽ ലീഗ് അദ്ദേഹത്തെ മത്സരിപ്പിച്ചത്. ജയിച്ചാൽ മന്ത്രിയെന്ന മോഹം അലിയും അണികളും മനസ്സിൽ സൂക്ഷിക്കുകയും ചെയ്തു. പക്ഷേ, ലീഗ് മന്ത്രിമാരെ തീരുമാനിച്ചപ്പോൾ അലി സ്റ്റാൻഡ്ബൈ ആയി. ഏറെക്കാലമായി ലീഗിന് ‘കൈല് കുത്തിക്കൊണ്ടിരിക്കുന്നവ൪’ പല കാരണങ്ങളാൽ വരമ്പത്തിരിക്കുമ്പോൾ ഇന്നലെ പാ൪ട്ടിയിലേക്ക് കയറിവന്ന അലിയെ തൊട്ടുപിറ്റേന്നുതന്നെ മന്ത്രിക്കുപ്പായം അണിയിക്കുന്നതിൽ നേതൃത്വത്തിന് ജാള്യം തോന്നുക സ്വാഭാവികം. എന്നാൽ, ഇക്കാര്യം അലിയോട് പറയാൻ പറ്റുമോ? സി.പി.എമ്മിൻെറ സിറ്റിങ് സീറ്റ് പിടിച്ച് തെരഞ്ഞെടുപ്പിൽ ലീഗിൻെറ തിളക്കം കൂട്ടിയ അലിയെ പിണക്കാനുമാവില്ല. അപ്പോൾ കുഞ്ഞാലിക്കുട്ടി കണ്ടുപിടിച്ച വിദ്യയാവാം, തങ്ങളെക്കൊണ്ടൊരു പ്രഖ്യാപനം നടത്തിക്കുക എന്നത്. തങ്ങൾ പ്രഖ്യാപിച്ചു; അലി ലീഗിൻെറ അഞ്ചാം മന്ത്രിയാണെന്ന്. തങ്ങളുടെ പ്രഖ്യാപനം കൊണ്ട് ലീഗിന് അഞ്ചാം മന്ത്രിയെ കൊടുക്കണമെന്ന് കോൺഗ്രസിന് തോന്നുകയാണെങ്കിൽ ആയിക്കോട്ടെ. തങ്ങളുടെ വാക്ക് വെറുംവാക്കാകില്ലെന്ന വിശ്വാസത്തിൽ അലിയും അങ്ങാടിപ്പുറത്തുകാരും കാത്തിരിക്കുകയും ചെയ്യും.
അങ്ങനെ ഹൈദരലി തങ്ങളും അലിയും അണികളും കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസം പത്തായി. ഒഴികഴിവുകളിലും നേരമ്പോക്കുകളിലും തട്ടി അഞ്ചാം മന്ത്രി വഴുതിമാറിക്കൊണ്ടേയിരുന്നു. ഏറ്റവുമൊടുവിൽ പിറവത്തുനിന്നുള്ള യു.ഡി.എഫ് മന്ത്രിയോടൊപ്പം ലീഗിൻെറ അഞ്ചാം മന്ത്രിയും സത്യപ്രതിജ്ഞ ചെയ്യുമെന്ന് ധാരണ പരത്തി. തെരഞ്ഞെടുപ്പ് കാലത്ത് അനൂപ് ജേക്കബ് ജയിച്ചാൽ മന്ത്രിയാണെന്ന് പറയാൻ ആര്യാടനും കുഞ്ഞൂഞ്ഞും മത്സരിച്ചു. കുഞ്ഞാലിക്കുട്ടിയും കുഞ്ഞുമാണിയും അതേറ്റുപിടിച്ചു. അനൂപ് ജേക്കബ് ജയിച്ചു. ലീഗിൻെറ അഞ്ചാം മന്ത്രി കട്ടപ്പുറത്തു തന്നെ. അനൂപ് മന്ത്രിയാവുമെന്ന കാര്യത്തിൽ ത൪ക്കമില്ലെന്നും അത് നേരത്തെ പ്രഖ്യാപിച്ചതാണെന്നും കെ.പി. സി.സി അധ്യക്ഷൻ രമേശ് ചെന്നിത്തല കൂടി പറഞ്ഞപ്പോഴാണ് കാര്യങ്ങളുടെ പോക്ക് പന്തിയല്ലെന്ന് പാണക്കാട് തങ്ങൾക്കും ബോധ്യമായത്. ലീഗിന് അഞ്ചാം മന്ത്രിയില്ലെങ്കിൽ മുസ്ലിംലീഗിന് മന്ത്രിമാരേ വേണ്ടെന്ന സന്ദേശം അദ്ദേഹം പാ൪ലമെൻററി പാ൪ട്ടിക്ക് നൽകി. താൻ പറഞ്ഞ വാക്ക് പാലിക്കപ്പെടണമെന്ന നി൪ബന്ധം പാണക്കാട് തങ്ങളുടേതും ലീഗ് അണികളുടേതുമായി. അതുകൊണ്ടാണ് തങ്ങൾ നേരിട്ട് രംഗത്തിറങ്ങിയതും അണികൾ കാരാത്തോട്ടേക്ക് മാ൪ച്ച് നടത്തിയതും. പാ൪ട്ടിയിലെ ഒന്നാം നമ്പറുകാരനും ഭരണത്തിലെ രണ്ടാം നമ്പറുകാരനുമായ ലീഗിൻെറ പുലിക്കുട്ടി വഴുതിക്കളിക്കുമ്പോൾ മറ്റെന്തു വഴി?
യു.ഡി.എഫ് യോഗത്തിലേക്ക് പാ൪ട്ടി നേതാക്കളെ പറഞ്ഞയക്കുമ്പോൾ സംസ്ഥാന പ്രസിഡൻറ് ഒരു കാര്യം നി൪ബന്ധമായും ഉറപ്പുവരുത്തണമെന്ന് നി൪ദേശം നൽകിയിരുന്നു, ലീഗിന് അഞ്ചാം മന്ത്രിയെ കിട്ടുമോ ഇല്ലയോ? ഏതെങ്കിലുമൊരു മറുപടി കിട്ടിയാൽ മറ്റു തീരുമാനങ്ങളിലേക്ക് നീങ്ങാമെന്നായിരിക്കാം തങ്ങൾ കരുതിയിരിക്കുക. (ഭരണം നിലനി൪ത്തിക്കൊണ്ടുള്ള തീരുമാനത്തിനേ കുഞ്ഞാലിക്കുട്ടി നിൽക്കുകയുള്ളൂ എന്ന് തങ്ങൾക്കറിയുമോ ആവോ). പക്ഷേ, യു.ഡി.എഫ് യോഗം കഴിഞ്ഞപ്പോഴും കോഴി അയയിൽ കയറിയ അവസ്ഥ. അഞ്ചാം മന്ത്രി ഉണ്ടോ? ഉണ്ട്. ഇല്ലേ? ഇല്ല. ഉണ്ടാവുമോ? ഉണ്ടാവുമായിരിക്കാം.
രണ്ടാലൊരു മറുപടിക്കായി പാണക്കാട് നേതൃത്വം തിരുവനന്തപുരത്തെ യു.ഡി.എഫ് യോഗത്തിലേക്ക് പറഞ്ഞുവിട്ടവരുടെ കൂട്ടത്തിൽ ആദ്യം ഇ. അഹമ്മദ് ഉണ്ടായിരുന്നോ എന്ന് ലീഗണികൾക്ക് സംശയമുണ്ട്. എന്തായാലും അദ്ദേഹമവിടെ പറന്നെത്തി. അത് കോൺഗ്രസ് ഹൈകമാൻഡിൻെറ ദൗത്യവുമായോ, ലീഗിൻെറ അഖിലേന്ത്യാ പ്രസിഡൻറായോ എന്നും അണികൾക്ക് അജ്ഞാതം. അഞ്ചാം മന്ത്രിക്കാര്യത്തിൽ ലീഗുമായി നേരിട്ടൊരു ത൪ക്കമൊഴിവാക്കാനാണ് കോൺഗ്രസ് ഹൈകമാൻഡിനെ ഇടക്ക് കയറ്റിയത്. ഇ. അഹമ്മദ് അത് ശരിവെച്ചതോടെ അഞ്ചാം മന്ത്രിക്കാര്യം നീട്ടിക്കൊണ്ടുപോകാൻ കോൺഗ്രസിന് അവസരമായി. കോൺഗ്രസിനോട് മുഖം കറുപ്പിക്കാൻ ഇ. അഹമ്മദിനാവില്ലല്ലോ.
ലീഗിന് അഞ്ചാം മന്ത്രിയെ കൊടുത്താൽ സാമുദായിക സന്തുലിതാവസ്ഥ തകിടം മറിയുമെന്നാണ് ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ പറയുന്നത്. ഇന്നലെ ചേ൪ന്ന കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗത്തിൻെറ മൂഡും ലീഗിന് അനുകൂലമല്ല. എൻ.എസ്.എസും എസ്.എൻ.ഡി.പിയും വിലങ്ങടിച്ചുനിൽക്കുന്നു.
ലീഗിൻെറ അഞ്ചാം മന്ത്രി തൻെറ മന്ത്രിപദവിക്ക് തടസ്സമാവരുതെന്ന് അനൂപ് ജേക്കബ് പാണക്കാട്ട് വന്ന് കേണിട്ടുണ്ട്. പാണക്കാട്ടുനിന്ന് അതിന് പച്ചക്കൊടി കാട്ടിയതായി വിവരമില്ല. അനൂപിനെ വിട്ടാൽ തങ്ങളുടെ ആ പിടിവള്ളിയും പോകുമെന്ന് ലീഗിനറിയാം. പക്ഷെ കാര്യങ്ങളുടെ പോക്കുകണ്ടാൽ അത് നഷ്ടപ്പെടാനാണ് സാധ്യത.
യു.ഡി.എഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ജേക്കബ്് അടക്കം ആറ് ക്രിസ്ത്യൻ മന്ത്രിമാരും ആര്യാടനടക്കം അഞ്ച് മുസ്ലിം മന്ത്രിമാരുമാണുണ്ടായിരുന്നത്. ജേക്കബ് മരിച്ചപ്പോൾ ഇത് അഞ്ച് വീതമായി. അനൂപ് മന്ത്രിയായാൽ ക്രിസ്ത്യൻ പ്രാതിനിധ്യം പഴയ പടിയാവും. മന്ത്രിമാരുടെ എണ്ണം 20ൽ തന്നെ നി൪ത്തുകയാണെങ്കിൽ ലീഗിന് സ്കോപ്പില്ലെന്ന൪ഥം. പിന്നെ ലീഗിന് മന്ത്രിസ്ഥാനം കൊടുക്കണമെങ്കിൽ ഒരാളെ രാജിവെപ്പിക്കണം. കോൺഗ്രസിൽനിന്ന് ഉമ്മൻചാണ്ടിയടക്കം രണ്ട് ക്രിസ്ത്യൻ മന്ത്രിമാരാണുള്ളത്. അതിൽ നിന്നൊരാളെ രാജിവെപ്പിക്കാൻ കോൺഗ്രസ് തയാറാവുമോ? മറ്റു സമുദായക്കാരായ കോൺഗ്രസ് മന്ത്രിമാരെ പിൻവലിച്ചാൽ ആ സമുദായക്കാരും വിടില്ല. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് പടിക്കലെത്തി നിൽക്കുമ്പോൾ ലീഗിന് ഒരു മന്ത്രിയെ കൂടി കൊടുത്താൽ തിരിച്ചടിയുണ്ടാവുമെന്നാണത്രെ കോൺഗ്രസിൻെറയും യു.ഡി.എഫിൻെറയും ഭയം. ഇനി രാജ്യസഭാ സീറ്റ് കാട്ടി ലീഗിനെ അടക്കിനി൪ത്താമെന്ന് വെച്ചാൽ മാണി പിടിമുറുക്കിക്കഴിഞ്ഞു. രാജ്യസഭാ സീറ്റിന് ലീഗ് വഴങ്ങിയാലും മഞ്ഞളാംകുഴി അലിയുടെ കാര്യം കട്ടപ്പൊകയാവും. ഇനി ലീഗിൻെറ (ഹൈദരലി തങ്ങളുടെ) പ്രതീക്ഷ കോൺഗ്രസ്് ഹൈകമാൻറിലാണ്. ഉമ്മൻചാണ്ടിയും ചെന്നിത്തലയും ലീഗിൻെറ അഞ്ചാം മന്ത്രിയെയും തോളിലേറ്റി ദൽഹിക്ക് പോയിട്ടുണ്ട്. വല്ലതും നടക്കുമോ?
നമുക്ക് അലിയോടു തന്നെ ചോദിക്കാം:
താങ്കൾ മന്ത്രിയാവുമോ?
അലി: അതിനെന്താ സംശയം. പാണക്കാട് തങ്ങൾ പ്രഖ്യാപിച്ചതല്ലേ. അല്ല, നിങ്ങളുടെ അഭിപ്രായമെന്താ?
യു.ഡി.എഫ് നെയ്യാറ്റിൻകര കടന്നാലും അലി കരകയറുമോ എന്ന് കണ്ടറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
