ടെറസിനുമുകളിലെ പച്ചക്കറിയില്‍ മുഹമ്മദിന് നൂറുമേനി
text_fieldsപുലാമന്തോൾ: രണ്ടേക്ക൪ കൃഷിക്കുപുറമെ ടെറസിനുമുകളിലും നൂറുമേനി വിളയിക്കുകയാണ് പ്രവാസി മലയാളിയും കുടുംബവും. ചുണ്ടമ്പറ്റ തത്തനംപുള്ളി മഠത്തിൽപറമ്പിൽ മൊയ്തുട്ടിയുടെ മകൻ മുഹമ്മദാണ് ഗൾഫിൽനിന്ന് നാട്ടിലെത്തുന്ന ആറുമാസത്തെ അവധിക്കാലത്ത് വീടിൻെറ ടെറസ് കൃഷിയിടമാക്കുന്നത്. ആദ്യം ചെറിയ രീതിയിലാണ് പച്ചക്കറി കൃഷി തുടങ്ങിയതെങ്കിലും ഇന്ന് പടവലം, ഇളവൻ, മത്തൻ, പാവക്ക, തക്കാളി, പച്ചമുളക്, വെള്ളരി, കാബേജ്, വഴുതന എന്നിവയെല്ലാം ഇവിടെയുണ്ട്.
ടെറസിനുപുറമെ വീടിൻെറ പരിസരവും മറ്റും ഉൾപ്പെടെ രണ്ടേക്ക൪ സ്ഥലവും പച്ചക്കറി കൃഷിക്കായി ഉപയോഗിക്കുന്നു. ദിവസം 1000 രൂപവരെ പച്ചക്കറി കൃഷിയിൽനിന്ന് ലഭിക്കുന്നതായും മുഹമ്മദ് പറയുന്നു. പ്രവാസിമലയാളിയായ ഇദ്ദേഹത്തിന് മരുഭൂമിയിൽ കൃഷിയിറക്കി വിജയിച്ച കഥയും പറയാനുണ്ട്.
സൗദിഅറേബ്യയിലെ ജിദ്ദയിൽ സൂപ്പ൪മാ൪ക്കറ്റ് ജോലിക്കാരനായ മുഹമ്മദ് താമസിക്കുന്ന വീടിന് പരിസരത്ത് കൃഷിയിറക്കി വിജയം കൊയ്തത് ‘ഗൾഫ് മാധ്യമം’ റിപ്പോ൪ട്ട് ചെയ്തിരുന്നു.
പാരമ്പര്യമായി കൃഷിക്കാരാണ് ഇവരുടെ കുടുംബം. കുടുംബസ്വത്തായ അഞ്ചേക്ക൪ സ്ഥലത്ത് വാഴ, കപ്പ, പയ൪ എന്നിവ കൃഷി ചെയ്യുകയാണ് പിതാവ് മൊയ്തുട്ടി. അവധിക്ക് നാട്ടിലെത്തുന്ന മുഹമ്മദിന് പച്ചക്കറി കൃഷിയിൽ പിതാവും മാതാവ് കുൽസുമ്മ, ഭാര്യ നൂ൪ജഹാൻ, മക്കളായ ഖാജാ മുഹ്യിദ്ദീൻ, മു൪ശിദ എന്നിവരും സഹായത്തിനായുണ്ട്.