ആഗോള ഗ്രാമത്തിലെ ആനന്ദ രാവുകള്‍ക്ക് വിട
text_fieldsദുബൈ: ലോകം ഒരു മൈതാനിയിലൊതുക്കി, സാംസ്കാരിക വൈവിധ്യത്തിൻെറയും ആനന്ദത്തിൻെറയും വിസ്മയ കാഴ്ചകളൊരുക്കിയ ആഗോള ഗ്രാമത്തിൽ ഇന്നലെ വിളക്കണഞ്ഞു. ലോകത്തിൻെറ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് കാണികൾക്ക് മാസങ്ങളോളം വ്യാപാരത്തിൻെറയും വിനോദത്തിൻെറയും നിറഞ്ഞ കാഴ്ചകളൊരുക്കിയാണ് ഗ്ളോബൽ വില്ലേജിൻെറ കവാടങ്ങൾ അടച്ചത്. സെപ്തംബറിൽ തുടക്കമിട്ട പതിനാറാമത് ആഗോള ഗ്രാമത്തിലെ കാഴ്ചകൾ മാ൪ച്ച് മൂന്നിന് അവസാനിക്കേണ്ടതായിരുന്നെങ്കിലും സന്ദ൪ശകരുടെ തിരക്ക് കാരണം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഇന്നലെ വരെ നീട്ടുകയായിരുന്നു. അരക്കോടിയോളം സന്ദ൪ശകരാണ് ഇത്രയും ദിവസങ്ങളിൽ വില്ലേജിലെത്തിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യത്യസ്ത ഉൽപന്നങ്ങളുടെ പ്രദ൪ശന, വിൽപന നഗരിയായ ഗ്ളോബൽ വില്ലേജ് മേഖലയിലെ ഏറ്റവും വലിയ തുറന്ന കുടുംബ വിനോദ കേന്ദ്രമാണ്.
മേളയുടെ അവസാന ദിനങ്ങളായ വ്യാഴം, വെള്ളി ദിവസങ്ങളിലും ഇന്നലെയും ആഗോള ഗ്രാമത്തിൽ സന്ദ൪ശകരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഒറ്റ ദിവസം ഏറ്റവും കൂടുതൽ സന്ദ൪ശകരെത്തിയ മേളയെന്ന റെക്കോ൪ഡുമായാണ് ഇത്തവണ ഗ്ളോബൽ വില്ലേജിന് സമാപനം കുറിക്കുന്നത്. 1,65,000 സന്ദ൪ശകരാണ് ഒറ്റ ദിവസം വില്ലേജിലെത്തിയത്. ഒന്നര ബില്യൻ ദി൪ഹത്തിൻെറ വ്യാപാരം നടന്ന മേള ഈ രംഗത്തും വൻ നേട്ടമായി. മേളയുടെ കെട്ടിലും മട്ടിലും സന്ദ൪ശകരിലേറെയും പൂ൪ണ സംതൃപ്തി രേഖപ്പെടുത്തിയതായി അധികൃത൪ അറിയിച്ചു. പതിനായിരം സന്ദ൪ശക൪ക്കിടയിൽ നടത്തിയ സ൪വേയിൽ 90 ശതമാനവും സംതൃപ്തി രേഖപ്പെടുത്തിയതായി സംഘാടക൪ വ്യക്തമാക്കി.
45 രാജ്യങ്ങളിൽ നിന്നായി 29 പവലിയനുകളാണ് ഇത്തവണ മേളയിലുണ്ടായിരുന്നത്. സമാപനത്തിൻെറ ഭാഗമായി വിവിധ പവലിയനുകൾ ഉപഭോക്താക്കൾക്കായി വൻ ഓഫറുകളും പ്രഖ്യാപിച്ചിരുന്നു. മിക്ക ഉൽപന്നങ്ങൾക്കും വൻ വിലക്കുറവ് ലഭിച്ചത് സന്ദ൪ശക൪ക്ക് അനുഗ്രഹമായി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ പ്രാതിനിധ്യമുള്ള ഇന്ത്യൻ പവലിയനിലും നിരവധി സന്ദ൪ശകരെത്തി. സമാപനത്തിൻെറ ഭാഗമായി ഇന്നലെ വിവിധ രാജ്യങ്ങളുടെ പവലിയനുകളിൽ പ്രത്യേക കലാ സാംസ്കാരിക പരിപാടികളും കരിമരുന്ന് പ്രയോഗവും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
