ഈ ഔട്ട് സൈഡര്‍ പുറത്തുതന്നെ നില്‍ക്കുകയാണ്
text_fieldsമലയാളത്തിലെ പുതുനിരച്ചിത്രങ്ങൾക്കെല്ലാം പേര് ഇംഗ്ളീഷിലാണ്. ആംഗലേയത്തിൽ പേരിട്ടാൽ മാത്രമേ പുതുഭാവുകത്വത്തിൻെറ കൊടിയടയാളമാവൂ എന്ന തോന്നലാവും ഇതിനു പിന്നിൽ. ആദ്യചിത്രമായ ‘ആത്മകഥ’ക്കുശേഷം ഒരുക്കിയ ചിത്രത്തിന് ഔട്ട്‌സൈഡ൪’ എന്ന് പേരിടാൻ പ്രേംലാലിനെ പ്രേരിപ്പിച്ചത് ഒരുപക്ഷേ ഇതുതന്നെയാവും. പക്ഷേ ഇംഗ്ളീഷ് പേരുകളുമായി വന്ന ട്രാഫിക്, സിറ്റി ഓഫ് ഗോഡ്, സോൾട്ട് ആൻറ് പെപ്പ൪, ബ്യൂട്ടിഫുൾ തുടങ്ങിയ ചിത്രങ്ങളുടെ പശ്ചാത്തലം മെട്രോനഗരങ്ങളായിരുന്നു. കഥാപാത്രങ്ങൾ ഏറെയും ഇംഗ്ളീഷ് വിദ്യാഭ്യാസം സിദ്ധിച്ച മധ്യ, ഉപരിവ൪ഗ ജീവികൾ. അതുകൊണ്ടുതന്നെ ആംഗലേയനാമത്തിന് ഔിത്യവുമുണ്ടായിരുന്നു. എന്നാൽ ഔട്ട്‌സൈഡ൪ എന്ന മലയാളചിത്രത്തിന് ഇംഗ്ളീഷ് പേര് ഒരു ബാധ്യതയാണ്. കഥയുടെ കുറച്ചുഭാഗം ഒരു നാട്ടിൻപുറത്ത്. ബാക്കി തേക്കടിയിൽ. കഥാപാത്രങ്ങളെല്ലാം കൊളോണിയൽഭാഷയുടെ അധിനിവേശം തീണ്ടിയിട്ടില്ലാത്ത തനിഗ്രാമീണ൪. അതുകൊണ്ടുതന്നെ ഇംഗ്ളീഷിൽ ഒട്ടും ചേരില്ലെന്നുതോന്നുന്ന ഈ ശീ൪ഷകം പക്ഷേ, മറ്റൊരു വായനയിൽ അന്വ൪ഥമാവുന്നതും കാണാം. നവഭാവുകത്വം മുന്നോട്ടുവെച്ച സിനിമകളുടെ കൂട്ടത്തിനു പുറത്തുനിൽക്കുന്ന ചിത്രം എന്ന അ൪ഥത്തിൽ. പുതിയ പ്രമേയമോ പരിചരണമോ ഇല്ലാത്ത, നവീനമായ ഒന്നും തന്നെ മുന്നോട്ടുവെക്കാനില്ലാത്ത ഒരു ചിത്രം.

അസ്തിത്വവാദം കത്തിനിന്ന നാളുകളിൽ ആൽബേ൪ കമ്യു എഴുതിയ നോവലിൻെറ പേരും ഔട്ട്‌സൈഡ൪ എന്നു തന്നെ. സാമൂഹികബന്ധങ്ങളിൽനിന്ന് സ്വയം വിച്ഛേദിച്ച് ജീവിക്കുന്ന ഒരു വ്യക്തി നേരിടുന്ന സ്വത്വസംഘ൪ഷങ്ങളായിരുന്നു ആ രചനയുടെ കാതൽ. നടപ്പുകാലത്തിനൊപ്പം ജീവിക്കാൻ കഴിയാത്തതിൻെറ പേരിൽ സമൂഹത്തിൽനിന്ന് ഭ്രഷ്ടനായ ഒരുവൻ. ഇവിടെ പക്ഷേ ഒരാളുടെ ജീവിതത്തിലേക്ക് ആകസ്മികമായി നടന്നുകയറുന്ന അന്യനാണ് ഔട്ട്‌സൈഡ൪’. ഒരാളുടെ ജീവിതത്തിൻെറ ഗതി തന്നെ തിരിച്ചുവിടുന്ന അപരിചിതൻ. ബ്ളെസിയുടെ ‘ഭ്രമരം’, ‘ബട്ട൪ഫൈ്ള ഓൺ എ വീൽ’ എന്ന കനേഡിയൻ ചിത്രത്തിൻെറ പക൪പ്പായ ‘കോക്ടെയിൽ’ എന്നീ ചിത്രങ്ങളെ ഓ൪മിപ്പിക്കും ഈ കഥാതന്തു. സന്തുഷ്ടജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരാൾ പരത്തുന്ന അശാന്തിയാണ് ഇവയുടെ പൊതുപ്രമേയം. ഈ കഥാതന്തുവിൽനിന്ന് തെല്ലും വ്യത്യാസമില്ല ഔ്സൈഡറിൻെറ കഥയ്ക്ക്. അതുകൊണ്ടുതന്നെ ഔ്സൈഡ൪ പുറത്തുനിൽക്കുകയാണ്. പുതുമയുള്ള പ്രമേയങ്ങളുമായി വന്ന ചിത്രങ്ങളുടെ കൂട്ടത്തിന് പുറത്ത്.
എം.ടിയുടെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത ‘താഴ്വാരം’ മലയാള സിനിമ കണ്ട പ്രതികാരകഥകളിൽ ഏറ്റവും ശക്തമായ ചിത്രമായിരുന്നു. മൂന്നോ നാലോ കഥാപാത്രങ്ങൾ. പ്രകൃതിയും പ്രണയവും പകയും നിറഞ്ഞ ജീവിതപശ്ചാത്തലം. ‘അവനെന്നെ കൊല്ലാൻ ശ്രമിക്കും, ചാവാതിരിക്കാൻ ഞാനും’ എന്ന ആത്മഗതവുമായി ഒരാൾ. തൻെറ ജീവിതം തക൪ത്തെറിഞ്ഞുപോയവനോട് പകതീ൪ക്കാൻ അവനെ കാത്ത് വഴിക്കണ്ണുമായി കിടക്കുന്ന അയാളുടെ വേദനകൾ മലയാളി നെഞ്ചിലേറ്റുവാങ്ങുകയായിരുന്നു. മലയാളത്തിലെ ശുദ്ധകലാസിനിമയുടെ പ്രയോക്താക്കൾ തൊടാൻ മടിച്ച മേഖലയാണ് മനുഷ്യൻെറ പകയും പ്രതികാരവും. നി൪മലവും സാത്വികവുമായ മനുഷ്യഭാവങ്ങൾ മാത്രമായിരുന്നു അവ൪ക്ക് പഥ്യം. അവൻെറ സ്വഭാവങ്ങളുടെ ഇരുണ്ട മറുപുറങ്ങൾ അന്വേഷിക്കാൻ ആ൪ട്ട് സിനിമക്കാ൪ ധൈര്യം കാട്ടിയില്ല. വിട്ടുപോയ ആ ഇടത്തിലേക്കാണ് ഭരതൻ ‘താഴ്വാരം’ പോലുള്ള ചിത്രങ്ങളുമായി വന്നത്. വരച്ചുവെച്ച ചിത്രങ്ങളുടെ ശ്രേണിപോലുള്ള ദൃശ്യങ്ങളിലൂടെ ഭരതൻ ചോരയുടെ ഗന്ധമുള്ള പ്രതികാരകഥയെഴുതി. ആശയപരമായും പ്രമേയപരിചരണത്തിലും ആ പാരമ്പര്യത്തെ പിൻതുടരാൻ ശ്രമിക്കുകയാണ് പ്രേംലാൽ ‘ഔട്ട്‌സൈഡറി’ൽ. ‘താഴ്വാര’ത്തിൻെറ സ്വാധീനം ഈ ചിത്രത്തിൻെറ പല ഫ്രെയിമുകളിലുമുണ്ട്.

‘ആത്മകഥ’ എന്ന സമാന്തര സംരംഭത്തിലൂടെയാണ് പ്രേംലാൽ ശ്രദ്ധിക്കപ്പെടുന്നത്. പ്രതീക്ഷയുണ൪ത്തുന്ന ഒരു സംവിധായകൻെറ സാന്നിധ്യമറിയിച്ച ഈ ചിത്രം ഇന്ത്യൻ പനോരമ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പ്രദ൪ശനവിജയം നേടിയില്ലെങ്കിലും അഭിനന്ദനാ൪ഹമായ സംരംഭമായിരുന്നു അത്. കാഴ്ചയുടെ കലയായ സിനിമ അന്ധതയെ ആവിഷ്കരിക്കുകയായിരുന്നു ആ ചിത്രത്തിൽ. പ്രേംലാലിൻെറ ആദ്യചിത്രം ഉണ൪ത്തിയ പ്രതീക്ഷകളെ ‘ഔട്ട്‌സൈഡ൪’ എങ്ങനെ റദ്ദ് ചെയ്യുന്നുവെന്ന് അറിയാൻ ആത്മകഥയെക്കുറിച്ച് കവി വി.ജി തമ്പി മാധ്യമം ആഴ്ചപ്പതിപ്പിൽ എഴുതിയ ചില വരികൾ ഉദ്ധരിക്കട്ടെ.
‘‘ജനപ്രിയ സിനിമക്ക് ആവശ്യമെന്ന് കരുതുന്ന ചേരുവകളൊന്നും ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ശ്രീനിവാസൻെറ താരശരീരത്തെ പൂ൪ണമായും ഉടച്ചുവാ൪ത്തിരിക്കുന്നു. മാനറിസങ്ങളിൽനിന്നും അരോചകമായി തുടങ്ങിയ ആവ൪ത്തനശീലങ്ങളിൽനിന്നുമെല്ലാം ആ നടൻ ഈ ചിത്രത്തിലെ കൊച്ചുബേബിയെന്ന അന്ധകഥാപാത്രത്തിലേക്ക് വിസ്മയകരമായവിധത്തിൽ പക൪ന്നാട്ടം നടത്തിയിരിക്കുന്നു. ശ്രീനിവാസൻെറ കലാജീവിതത്തിലെ അത്യപൂ൪വമായ അഭിനയനിമിഷങ്ങൾ ഈ ചിത്രത്തിൽ കാണാനാകും.’’
‘ഔട്ട്‌സൈഡറി’ൽ ജനപ്രിയ സിനിമക്ക് ആവശ്യമെന്നു കരുതുന്ന ചേരുവകളെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു. പ്രണയം, വില്ലൻ, സംഘട്ടനം, ഗാനങ്ങൾ എല്ലാമുണ്ട്. ചേരുംപടിയല്ലാത്തതിനാൽ ജനങ്ങളിൽ അത് ഏശില്ലെന്നു മാത്രം. ‘ആത്മകഥ’യിൽ ശ്രീനിവാസൻെറ താരശരീരത്തെ ഉടച്ചുവാ൪ത്ത സംവിധായകൻ ‘ഔട്ട്‌സൈഡറി’ൽ അത് പതിവുനായകസങ്കൽപത്തിനനുസരിച്ചു മാറ്റുകയാണ് ചെയ്യുന്നത്. ദു൪ബലമായ ശരീരപ്രകൃതമുള്ള ശ്രീനിവാസൻ വില്ലൻെറ നെഞ്ചിൽ ചവിട്ടുന്നു. തോക്കെടുക്കുന്നു. ഡയലോഗടിക്കുന്നു, വെടിവെക്കുന്നു. കേരളത്തിലെ ഗുണ്ടാസംഘങ്ങൾ ഇനിയും തുപ്പാക്കിയിലേക്ക് വികസിച്ചിട്ടില്ല എന്നോ൪ക്കണം. കേരളീയ സാമൂഹിക ജീവിതത്തിലെ സംഘ൪ഷങ്ങളിൽ തോക്ക് ഇന്നും ഒരു അത്യപൂ൪വ ആയുധമാണ്.
വി.ജി. തമ്പി പറയുന്നപോലെ മാനറിസങ്ങളിൽനിന്നും അരോചകമായി തുടങ്ങിയ ആവ൪ത്തനശീലങ്ങളിൽനിന്നുമെല്ലാം ആദ്യചിത്രത്തിലെ നടനെ മാറ്റിയെടുത്ത സംവിധായകൻ രണ്ടാമത്തെ ചിത്രത്തിൽ ഹീറോയിസത്തിനായി ഉപനായകനെക്കൂടി ചേ൪ത്തിരിക്കുന്നു. അയാൾ ധീരോദാത്തനതിപ്രതാപഗുണവാൻ. പതിവു കച്ചവടമസാലച്ചിത്രങ്ങളിലെ സംഘട്ടനരംഗങ്ങളിലെ ശരീരഭാഷയുമായി ഇന്ദ്രജിത്ത് കടന്നുവരുന്നു. സമീപകാലത്ത് മികച്ച ചില കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് നവതലമുറ സിനിമകളിലെ പതിവു സാന്നിധ്യമായി മാറിയ ഇന്ദ്രജിത്തിൻെറ അഭിനയശേഷിയെ ദു൪വ്യയം ചെയ്യുന്ന ഒന്നായി ഈ ചിത്രത്തിലെ കഥാപാത്രം. ഇന്ദ്രജിത്തിന് ഒന്നും ചെയ്യാനില്ല. നായികയെ പ്രേമിക്കുകയും ആവശ്യം വരുമ്പോൾ തല്ലുണ്ടാക്കുകയും ചെയ്യുന്ന ഉള്ളുപൊള്ളയായ ഒരു കഥാപാത്രം.
പശുപതിയാണ് ‘ഔ്സൈഡറി’ൻെറ ഒരു ആക൪ഷണം. എന്നാൽ നൂറുകണക്കിന് സിനിമകളിൽ കണ്ടുപരിചയിച്ച കഥാപാത്രത്തെയാണ് അദ്ദേഹത്തിന് കൊടുത്തിരിക്കുന്നത്. അരങ്ങിൻെറ ശിക്ഷണത്തിൽ അഭിനയം പരിശീലിച്ച് ചലച്ചിത്രരംഗത്ത് എത്തിയ ആളാണ് പശുപതി. സമാന്തരസിനിമയും തിയറ്ററും വള൪ത്തിക്കൊണ്ടുവന്ന അതുല്യരായ അഭിനയപ്രതിഭകൾക്കൊപ്പം നിൽക്കാൻ അ൪ഹത തെളിയിച്ച ഈ നടന് ഈ പടത്തിൽ അതിഭാവുകത്വം കല൪ന്ന നാട്യങ്ങളുമായി പ്രത്യക്ഷപ്പെടാനാണ് വിധി. ‘തിരുപ്പാച്ചി’ എന്ന വിജയ് ചിത്രത്തിലെ വില്ലൻവേഷത്തിനു ശേഷം, ആറുവ൪ഷങ്ങളുടെ ദീ൪ഘമായ ഇടവേളക്കു ശേഷം പശുപതി ഒരു നെഗറ്റീവ് വേഷം ചെയ്യുകയാണ്.

2007ലെ മാധ്യമം ഓണപ്പതിപ്പിൽ ടി.ഡി. രാമകൃഷ്ണനുമായുള്ള സുദീ൪ഘമായ അഭിമുഖത്തിൽ പശുപതി ഇങ്ങനെ പറയുന്നു: ‘‘മലയാളത്തിൽ അഭിനയിക്കുകയാണെങ്കിൽ നല്ല സിനിമയായിരിക്കണം, നല്ല റോളായിരിക്കണം. ധാരാളം ഓഫറുകൾ വന്നു. പക്ഷേ എൻെറ കഥാപാത്രം എനിക്ക് ഇഷ്ടപ്പെട്ടില്ല. മിക്കപടങ്ങളിലും വില്ലൻ തമിഴനും കെട്ടവനുമായിരിക്കും. അത് എനിക്ക് അംഗീകരിക്കാൻ വിഷമമായിരുന്നു. എനിക്കു വന്ന നാലഞ്ചു പടങ്ങളിൽ വില്ലൻ തമിഴനും കെട്ടവനുമായിരുന്നു. അതിനാൽ ഞാൻ സ്വീകരിച്ചില്ല.’’ അഞ്ചുവ൪ഷത്തിനുശേഷം വന്ന ഔട്ട്‌സൈഡറിൽ നോക്കു, വില്ലൻ തമിഴനും കെട്ടവനും. എന്നിട്ടും പശുപതി അത് സ്വീകരിച്ചു! പാതിവെന്ത ഒരു കഥാപാത്രമാണിത്. അയാളുടെ സ്വഭാവവ്യാഖ്യാനം അങ്ങേയറ്റം ദു൪ബലം. രൂപവും ശരീരവും ഇങ്ങനെയായതുകൊണ്ട് അയാൾ വില്ലനായതുപോലെ.
അഭിമുഖത്തിൽ പശുപതി ഇങ്ങനെ തുടരുന്നു: ‘‘അശേഷം ശബ്ദമുയ൪ത്താതെ തന്നെ വില്ലനെ അവതരിപ്പിക്കാം. ഒരു നോട്ടത്തിലൂടെ, ചലനത്തിലൂടെ.’’പക്ഷേ ‘ഔ്സൈഡറി’ൽ പശുപതി ശബ്ദമുയ൪ത്തുന്ന പതിവുവില്ലനാണ്. ‘തിരുപ്പാച്ചി’പോലുള്ള സിനിമകളിൽ പശുപതി അവതരിപ്പിച്ച കഥാപാത്രത്തിൻെറ അതിഭാവുകത്വം കലരുന്നുണ്ട് ആ ശരീരഭാഷയിൽ പലപ്പോഴും. കഥാപാത്രം അങ്ങനെയായാൽ പിന്നെ നടനെന്തു ചെയ്യും?. പക൪ന്നാടുകയല്ലാതെ? വസന്തബാലൻെറ ‘അറവാൻ’ എന്ന ചിത്രത്തിൽ ഈയിടെ ശക്തമായ ഒരു കഥാപാത്രത്തെയാണ് പശുപതി അവതരിപ്പിച്ചത്. മൂന്നു നൂറ്റാണ്ടുകൾക്കു മുമ്പുള്ള ആ ദ്രാവിഡൻെറ ഭാവങ്ങൾ പശുപതിയിൽ ഭദ്രമായിരുന്നു. ‘ഔ്സൈഡറി’ൽ പക്ഷേ പശുപതി നമ്മെ നിരാശപ്പെടുത്തുന്നു.
ഒരു സാധാരണക്കാരൻ തൻെറ ജീവിതത്തിൻെറ ഗതിയെക്കുറിച്ച് നല്ല സാഹിത്യത്തിൽ സംസാരിക്കുന്നതിൻെറ വോയ്സ് ഓവറിൽ തന്നെ അസ്വാഭാവികതകളും അനൗചിത്യങ്ങളും തുടങ്ങുന്നു. വ്യത്യസ്തമായ എന്തോ ഒന്ന് സംഭവിക്കാൻ പോവുന്നു എന്ന തോന്നൽ ഉണ്ടാവുമെങ്കിലും പ്രവചനീയമായ രീതിയിൽ നീങ്ങുന്നു ഇതിലെ രംഗങ്ങൾ. അതുകൊണ്ടുതന്നെ ത്രസിപ്പിക്കുന്ന ഒരു ത്രില്ല൪ സിനിമയുമാവുന്നില്ല ‘ഔട്ട്‌സൈഡ൪’. ഇമോഷനൽ ആക്ഷൻ ത്രില്ല൪ എന്ന് സംവിധായകൻ വിശേഷിപ്പിച്ച ഈ ചിത്രത്തിൽ ഇമോഷനോ ആക്ഷനോ ത്രില്ലിംഗ് സീനുകളോ ഇല്ല. ഇഴഞ്ഞുനീങ്ങുന്ന കഥാഗതിയിൽ എന്തു ത്രിൽ? സമീ൪ ഹഖിൻെറ കാമറ മനോഹരമായ ചില ഫ്രെയിമുകൾ ഒരുക്കിയിട്ടുണ്ട്. അഭിനേതാക്കളിൽ ആരും നമ്മെ വിസ്മയിപ്പിക്കുന്നില്ല. ചുരുക്കത്തിൽ പേരുകേട്ട് നവതലമുറസിനിമയെന്ന് തെറ്റിദ്ധരിച്ച് തിയറ്ററിൽ പെട്ടുപോയവരെ നിരാശപ്പെടുത്തുന്ന ഒരു ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
