ഈസ്റ്റ് ബംഗാളിന് ഉജ്ജ്വല ജയം
text_fieldsകൊൽക്കത്ത: മുംബൈ എഫ്.സിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കീഴടക്കിയ ഈസ്റ്റ് ബംഗാൾ ഐലീഗ് ഫുട്ബാളിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. 21 കളികളിൽ 46 പോയൻറുമായി ഒന്നാം സ്ഥാനത്തുള്ള ഡെംപോ ഗോവക്കുപിന്നിൽ 22 മത്സരങ്ങളിൽ 41 പോയൻറാണ് ഈസ്റ്റ് ബംഗാളിൻെറ സമ്പാദ്യം. 38 പോയൻറുമായി മോഹൻ ബഗാനാണ് മൂന്നാം സ്ഥാനത്ത്. ഞായറാഴ്ച ഡെംപോയും ബഗാനും ഏറ്റുമുട്ടും.
സാൾട്ട്ലേക് സ്റ്റേഡിയത്തിലെ സ്വന്തം തട്ടകത്തിൽ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം പൊരുതിക്കയറിയാണ് ഈസ്റ്റ് ബംഗാൾ മിന്നുന്ന ജയം കുറിച്ചത്. കളി തുടങ്ങി അഞ്ചാം മിനിറ്റിൽതന്നെ നിക്കോളാസ് റോഡ്രിഗ്വസിൻെറ ഗോളിൽ മുന്നിലെത്തിയ മുംബൈക്കാ൪ക്കെതിരെ 22ാം മിനിറ്റിൽ ആസ്ട്രേലിയൻ താരം ടോൾഗായ് ഒസ്ബേയാണ് സമനിലഗോൾ നേടിയത്. മൂന്നു മിനിറ്റിനുശേഷം റോബിൻ സിങ്ങിലൂടെ ആതിഥേയ൪ മുന്നിലെത്തുകയും ചെയ്തു. കളി തീരാൻ മൂന്നു മിനിറ്റു മാത്രം ബാക്കിയിരിക്കേ എഡ്മിൽസൺ മാ൪ക്വേസിലൂടെയായിരുന്നു ഈസ്റ്റ് ബംഗാളിൻെറ മൂന്നാം ഗോൾ.
മുംബൈ എഫ്.സി പരാജയപ്പെട്ടത്, ഐ ലീഗിൽ നിലനിൽക്കാൻ പെടാപ്പാട് പെടുന്ന ചിരാഗ് യുനൈറ്റഡ് കേരളക്ക് പിടിവള്ളിയായി. 22 കളികളിൽ 17 പോയൻറുള്ള മുംബൈക്കാ൪ 12ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ 20 കളികളിൽ 17 പോയൻറുമായി ചിരാഗ് 11ാമതാണ്. 14 ടീമുകൾ ഉൾപ്പെട്ട ലീഗിൽ അവസാന രണ്ടു സ്ഥാനക്കാ൪ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടും. ഏഴു പോയൻറുമായി എച്ച്.എ.എൽ ബാംഗ്ളൂരും എട്ടു പോയൻറുമായി പൈലൻ ആരോസുമാണ് അവസാന സ്ഥാനങ്ങളിൽ. അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ തീരുമാനപ്രകാരം ഇന്ത്യൻ യുവതാരങ്ങളുടെ കൂട്ടായ്മയായ ആരോസ് തരംതാഴ്ത്തപ്പെടില്ല. പകരം 12ാം സ്ഥാനത്തുള്ള ടീമായിരിക്കും രണ്ടാം ഡിവിഷനിലേക്ക് പിന്തള്ളപ്പെടുന്നത്. ശനിയാഴ്ച ഷില്ലോങ് ലജോങ് എഫ്.സി, സ്പോ൪ട്ടിങ് ഗോവയുമായും സാൽഗോക്ക൪, എയ൪ ഇന്ത്യയുമായും മാറ്റുരക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
