തുലൂസ് വെടിവെപ്പ്: ഫ്രാന്‍സില്‍ 19 പേര്‍ അറസ്റ്റില്‍
text_fieldsപാരിസ്: ഫ്രാൻസിൽ 19 ഇസ്ലാമിസ്റ്റുകളെ അറസ്റ്റ് ചെയ്തതായി പ്രസിഡൻറ് നികളസ് സാ൪കോസി അറിയിച്ചു. തീവ്രവാദികളെന്ന് സംശയിക്കുന്നവരാണ് അറസ്റ്റിലായതെന്നും ഇവരിൽനിന്ന് ആയുധങ്ങൾ പിടികൂടിയതായും അദ്ദേഹം പറഞ്ഞു.
ജൂതകുട്ടികളടക്കം ഏഴുപേ൪ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഫ്രഞ്ചു ജനതയുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട ബാധ്യത സ൪ക്കാറിനുണ്ടെന്ന് സാ൪കോസി വെളിപ്പെടുത്തി. കൂട്ടക്കൊല നടന്ന തുലൂസിലും മറ്റു നഗരങ്ങളിലുമാണ് റെയ്ഡ് നടന്നത്. ആഭ്യന്തര ഇൻറലിജൻസ് ഏജൻസിയായ സി.സി.ആ൪.ഐ ആണ് റെയ്ഡിന് നേതൃത്വം നൽകിയത്.
അറസ്റ്റിലായവരിൽ നൈറ്റ്സ് ഓഫ് പ്രൈഡ് എന്ന സംഘടനയുടെ നേതാവ് മുഹമ്മദ് അശംലാനും ഉൾപ്പെടും. അദ്ദേഹത്തിൻെറ വീട്ടിൽനിന്ന് കൈത്തോക്കും ഗ്രനേഡും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. തുലൂസിന് പുറമെ പാരിസ്, ലിയോൺ, നൈസ്, റൗൺ, ലിമാൻസ് തുടങ്ങിയ നഗരങ്ങളിലാണ് റെയ്ഡ് നടന്നത്.
അതേസമയം, ജൂതക്കുട്ടികൾ ഉൾപ്പെടെ ഏഴുപേരെ കൊലപ്പെടുത്തിയതായി പൊലീസ് പറയുന്ന മുഹമ്മദ് മീറയുടെ മൃതദേഹം തുലൂസിൽ സംസ്കരിച്ചു. മൃതദേഹം മറവുചെയ്യാൻ അൾജീരിയ വിസമ്മതിക്കുകയായിരുന്നു. അൾജീരിയൻ വംശജനായ മീറയുടെ മൃതദേഹം സുരക്ഷാ കാരണങ്ങളാൽ രാജ്യത്തേക്ക് കൊണ്ടുപോകാനാവില്ലെന്ന് അൾജീരിയൻ സ൪ക്കാ൪ വ്യക്തമാക്കിയിരുന്നു.
മീറയെ കൊലപ്പെടുത്തിയ നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അയാളുടെ ബന്ധുക്കൾ വ്യക്തമാക്കിയിട്ടുണ്ട്. തുലൂസ് കൂട്ടക്കൊല നടത്തിയത് മീറയാണെന്നതിന് തെളിവില്ലെന്ന് അവ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
