ആനകളുടെ കണക്കെടുപ്പ്: തലയുയര്‍ത്തി പാമ്പാടി രാജന്‍
text_fieldsപൊൻകുന്നം: ആനകൾക്കായി ഒരുക്കിയ രണ്ടാം ദിവസത്തെ കണക്കെടുപ്പിൽ തലപ്പൊക്കത്തിൽ പാമ്പാടി രാജൻ ഒന്നാമതെത്തി. ഇളങ്ങുളം ശ്രീധ൪മശാസ്ത ക്ഷേത്രം മൈതാനിയിൽ വ്യാഴാഴ്ച നടന്ന സംഗമത്തിൽ ഏഴ് ആനകളാണ് അണിനിരന്നത്. 308.5 സെൻറീമീറ്റ൪ ഉയരത്തോടെയാണ് പാമ്പാടി രാജൻ ഒന്നാമതെത്തിയത്.
വനം വകുപ്പിൻെറ ആഭിമുഖ്യത്തിൽ ആനകൾക്ക് മൈക്രോചിപ്പ് ഘടിപ്പിച്ചും മറ്റ് വിവരങ്ങൾ പരിശോധിച്ചതും ആനപ്രേമികൾക്ക് ഹരമായി. രണ്ടുദിവസമായി നടന്ന പരിശോധനയിൽ 24 ആനകളാണ് പങ്കെടുത്തത്. ഗജവീരന്മാ൪ അണി നിരന്നപ്പോൾ ആനയൂട്ടിൻെറ പ്രതീതിയായി. പാപ്പാന്മാരുടെ ആജ്ഞകൾ അനുസരണയോടെ കേട്ട ആനകൾ ഉയരുകയും കിടക്കുകയും ചരിയുകയും ചെയ്തു. ഉയരം അളക്കുന്നതിന് വേണ്ടിയുള്ള കവാടത്തിൽ കൂടി പ്രവേശിക്കുകയും ചിപ്പ് പരിശോധിക്കുന്നതിന് വേണ്ടി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിൽ ചെവികൾ കാണിച്ചുകൊടുത്തും അനുസരണയുള്ള കുട്ടികളായി ആനകൾ മാറി. ഗജവീരന്മാരുടെ വരവറിഞ്ഞ് നൂറുകണക്കിന് ആനപ്രേമികൾ തടിച്ചുകൂടി. പരിശോധനക്കിടെ പെയ്ത ശക്തമായ മഴയിൽ ആനയുടെ ശരീരം തണുക്കുന്നതിനൊപ്പം അനപ്രേമികളുടെ മനം കുളി൪ത്തു. ചെറുപൂരം കണ്ട സംതൃപ്തിയോടെയാണ് ആനപ്രേമികൾ മൈതാനം വിട്ടത്.