തിരുമാന്ധാംകുന്ന് പൂരത്തിന് കൊടിയേറി
text_fieldsപെരിന്തൽമണ്ണ: മീനച്ചൂടിനെ വകവെക്കാതെയെത്തിയ ആയിരങ്ങൾക്ക് ദ൪ശനസായൂജ്യമേകി തിരുമാന്ധാംകുന്നിലമ്മയുടെ ആറാട്ടെഴുന്നള്ളിപ്പോടെ അങ്ങാടിപ്പുറം പൂരത്തിന് കൊടിയേറി. നെറ്റിപ്പട്ടം കെട്ടിയ അഞ്ച് ഗജവീരന്മാരും താളമേളവാദ്യ സംഘവും കോമരങ്ങളും തീ൪ത്ത വ൪ണക്കാഴ്ച കാണാൻ വിവിധ ഭാഗങ്ങളിൽനിന്നായി ഭക്തജനങ്ങൾ വ്യാഴാഴ്ച അതിരാവിലെ മുതൽ തിരുമാന്ധാംകുന്നിലേക്ക് ഒഴുകുകയായിരുന്നു.
രാവിലെ എട്ടിന് സരോജിനി നങ്ങ്യാരമ്മയുടെ നങ്ങ്യാ൪കൂത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. അമ്മന്നൂ൪ കുട്ടൻ ചാക്യാരുടെ കൂത്ത് പുറപ്പാടിനുശേഷം ഒമ്പതിന് പന്തീരടി പൂജ നടന്നു. പത്തിന് ദേവീവിഗ്രഹം ചാ൪ത്തിയ കോലം നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻെറ പുറത്ത് ചാ൪ത്തി മൂന്നുതവണ ക്ഷേത്രം വലംവെച്ച് ആദ്യ ആറാട്ടിനായി പൂരം കൊട്ടിപ്പുറപ്പെട്ടു.
വടക്കേനട കടന്ന് കടവിലെത്തി ആറാട്ട് കഴിഞ്ഞ് പതിനൊന്നോടെ പഞ്ചാരിമേളത്തിൻെറ അകമ്പടിയോടെയായിരുന്നു കൊട്ടിക്കയറ്റം. ക്ഷേത്രം മൂന്നുതവണ വലംവെച്ചശേഷം ദേവിയെ മാതൃശാലയിലേക്കാനയിച്ചു. ശ്രീഭൂതബലിയും നടന്നു.
ദേവീദാസൻ എന്ന മഞ്ഞുമ്മൽ രംഗനാഥനാണ് ഭഗവതിയുടെ തിടമ്പേറ്റിയത്. ഗുരുവായൂ൪ ദേവസ്വത്തിൻെറ ഗോപീകൃഷ്ണൻ, വിഷ്ണു, സിദ്ധാ൪ഥൻ, ശങ്കരനാരായണൻ എന്നീ ആനകളും അണിനിരന്നു. കോമരങ്ങളായി ശ്രീധരൻ എരവിമംഗലം, എടപ്പറ്റ ഗോവിന്ദൻ, നാരായണൻ കാപ്പ് എന്നിവരാണുണ്ടായിരുന്നത്.
കലാമണ്ഡലം ഹരിദാസൻെറ നേതൃത്വത്തിൽ നടന്ന വാദ്യവും കലാമണ്ഡലം ഹരി, പനമണ്ണ ശശി എന്നിവരുടെ ചെണ്ടയും കലാനിലയം ജനാ൪ദനൻ, അങ്ങാടിപ്പുറം ഹരിദാസൻ, സദനം രാജേഷ് എന്നിവരുടെ മദ്ദളവും ഒരുക്കിയ മേളപ്പെരുക്കത്തിലാണ് ദേവി ആദ്യ ആറാട്ടിനായി എഴുന്നള്ളിയത്. പൂജകൾക്ക് തന്ത്രി പന്തലക്കോടത്ത് നാരായണൻ നമ്പൂതിരി മുഖ്യകാ൪മികത്വം വഹിച്ചു.
ക്ഷേത്രാങ്കണത്തിൽ വൈകുന്നേരം ഓട്ടന്തുള്ളൽ, നാഗസ്വരം, പാഠകം, ഡബിൾ തായമ്പക എന്നിവ നടന്നു.
കേളിക്കും കൊമ്പ് പറ്റിനും ശേഷം രണ്ടാമത്തെ ആറാട്ടിനായി ദേവി എഴുന്നള്ളി. ആറാട്ടിനുശേഷം പാണ്ടിമേളത്തോടെ കൊട്ടിക്കയറി കോലം മാതൃശാലയിലേക്ക് എഴുന്നള്ളിച്ചശേഷം അത്താഴപൂജയും കളംപാട്ടും ശ്രീഭൂതബലിയും നടന്നു.
പതിനൊന്നുദിവസത്തെ പൂരാഘോഷങ്ങൾക്കാണ് മീനമാസത്തിലെ മകയിരം നക്ഷത്രനാളിലെ പൂരം പുറപ്പാടോടെ തുടക്കമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.


