വധശ്രമം: രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ പിടിയില്‍
text_fieldsകുന്നംകുളം: മരത്തംകോട് കിടങ്ങൂ൪ സ്വദേശിയായ സി.പി.എം പ്രവ൪ത്തകരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ക്വട്ടേഷൻ സംഘാംഗങ്ങളുമായ രണ്ട് ബി.ജെ.പി പ്രവ൪ത്തകരെ പൊലീസ് പിടികൂടി. ആനായ്ക്കൽ സ്വദേശികളായ ചീരംകുളം ക്ഷേത്രത്തിന് സമീപം വള്ളിക്കാട്ടിരി അജയൻ (32), യുവമോ൪ച്ച ജോ. സെക്രട്ടറി കൊട്ടാരപ്പാട്ട് സജീഷ് (29) എന്നിവരെയാണ് കുന്നംകുളം സി.ഐ ബാബു കെ. തോമസും സംഘവും അറസ്റ്റ് ചെയ്തത്. കിടങ്ങൂ൪ മുതിരംപറമ്പത്ത് ശ്രീധരൻെറ മകൻ പ്രകാശനെ (29) ആക്രമിച്ച കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് അയ്യംപറമ്പ് കല്ലഴിക്കുന്നിലായിരുന്നു സംഭവം. കല്ലഴി ക്ഷേത്രോത്സവത്തിന് അമ്മാവൻെറ വീട്ടിൽ വന്നതായിരുന്നു. വീടിന് സമീപത്തെ കടവരാന്തയിൽ ഉച്ചക്ക് രണ്ടോടെ മറ്റുള്ളവരുമായി സംസാരിക്കുന്നതിനിടെ മുഖംമൂടി ധരിച്ച അക്രമികൾ വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. കേസിൽ നേരത്തേ പത്തുപേരെ പിടികൂടിയിരുന്നു.
അറസ്റ്റിലായ സജീഷും അജയനും ആനായ്ക്കലിൽ ഫെബ്രുവരി 13 നുണ്ടായ മറ്റൊരു അടിപിടിക്കേസിലെ പ്രതികളാണ്. 2009 ഫെബ്രുവരി പത്തിന് ആനായ്ക്കലിൽ വീടുകയറി ആക്രമിച്ച കേസിലെ പ്രതിയും കൂടിയാണ് സജീഷ്. ജാമ്യത്തിലിറങ്ങിയ ശേഷമാണ് കഴിഞ്ഞമാസം രണ്ടിടത്ത് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
കല്ലഴി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സി.പി.എം-ബി.ജെ.പി സംഘട്ടനം നടന്നിരുന്നു. തുട൪ന്ന് മണിക്കൂറുകൾക്ക് ശേഷമായിരുന്നു അക്രമികൾ പ്രകാശനെ വെട്ടിയത്. മുഖംമൂടി ധരിച്ചായിരുന്നു ക്വട്ടേഷൻ സംഘം എത്തിയിരുന്നത്. ഇതിനിടെ, പ്രതികളായ രണ്ടുപേ൪ മറ്റൊരു അടിപിടിക്കേസിലും കുടുങ്ങി. പിന്നീട് ഒളിവിലായിരുന്നു. പ്രതികളെ കുന്നംകുളം കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
