Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightദിശാബോധത്തോടെ...

ദിശാബോധത്തോടെ സി.പി.എം

text_fields
bookmark_border
ദിശാബോധത്തോടെ സി.പി.എം
cancel

മാ൪ക്സിസത്തിൻെറയും സി.പി.എമ്മി ൻെറയും പ്രസക്തി വ൪ധിച്ച ഘട്ടത്തിലാണ് സി.പി. എം പാ൪ട്ടി കോൺഗ്രസ് ഏപ്രിൽ നാലു മുതൽ ഒമ്പതു വരെ കോഴിക്കോട്ട് നടക്കുന്നത്. ആദ്യമായാണ് കോഴിക്കോട് പാ൪ട്ടി കോൺഗ്രസിന് ആതിഥ്യം വഹിക്കുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റ് പാ൪ട്ടിയുടെ ആദ്യ ഘടകത്തിന് പി. കൃഷ്ണപ്പിള്ളയും ഇ.എം.എസും കെ. ദാമോദരനും ജന്മം നൽകിയത് 1937ൽ കോഴിക്കോട്ട് വെച്ചായിരുന്നു. ഇത്തവണ തിരുവനന്തപുരത്ത് നടന്ന സി.പി.എം സംസ്ഥാന സമ്മേളനം വൈവിധ്യമാ൪ന്ന പരിപാടികളും സംഘാടനവും ജനപങ്കാളിത്തവുംകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റി. ഭാവി കേരളത്തെക്കുറിച്ച് ശരിയായ ദിശാബോധത്തോടെയുള്ള നിലപാട് സമ്മേളനം അംഗീകരിച്ചെങ്കിലും ചില൪ വിവാദങ്ങളുയ൪ത്തി ശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമിച്ചത്. യേശു വിവാദത്തെ സി.പി.എം ന്യൂനപക്ഷ വിരുദ്ധവും മതവിശ്വാസികൾക്ക് എതിരുമാണെന്ന് വരുത്തിത്തീ൪ക്കാൻ ശ്രമിച്ചവ൪ക്ക് തിരിച്ചടിയുണ്ടായി. ആരോഗ്യകരമായ സംവാദമായി ഈ വിഷയം മാറി. മതന്യൂനപക്ഷങ്ങളോടും വിശ്വാസികളോടും സി.പി.എമ്മിൻെറ ശരിയായ സമീപനം ഒരിക്കൽകൂടി ജനസമക്ഷം വെളിപ്പെടുത്താനുള്ള അവസരമായി അത്. സി.പി.എം ഒരിക്കലും മതവിരോധ പാ൪ട്ടിയായിരുന്നില്ല. ഇനിയൊട്ട് ആകുകയുമില്ല.
മാ൪ക്സിസം കാലഹരണപ്പെടുകയല്ല, അതിൻെറ പ്രസക്തി വ൪ധിച്ചുവരുകയാണെന്നാണ് ലോകാനുഭവം. ഉരുവിടാനുള്ളതു മാത്രമല്ല മാ൪ക്സിസം. പ്രായോഗികമായി നടപ്പാക്കാനുള്ള വളരുന്ന ദ൪ശനമാണ്. ആദ്യമായി അത് പ്രായോഗികമാക്കി ലോകത്തിനു മുന്നിൽ തെളിയിച്ചുകൊടുത്തത് ലെനിനാണ്. അതുകൊണ്ടാണ് മാ൪ക്സിസം-ലെനിനിസമെന്നു പറയുന്നത്. മാ൪ക്സിസം തകരുന്ന ദ൪ശനമല്ല. മുതലാളിത്തം അന്ത്യവ്യവസ്ഥയാണെന്നും അതിനുശേഷം മറ്റൊരു വ്യവസ്ഥയില്ലെന്നും സോവിയറ്റ് യൂനിയൻെറ തിരിച്ചടിയോടെ ചില൪ പ്രതീക്ഷിച്ചു. ലാറ്റിനമേരിക്ക മുതൽ അറബ്ലോകംവരെയുള്ള സമീപകാല സംഭവങ്ങൾ അത്തരം പ്രചാരക൪ക്കുള്ള മറുപടിയാണ്. വികസിത മുതലാളിത്ത രാജ്യങ്ങളിലെ ഭരണാധികാരികൾപോലും മാ൪ക്സിസത്തിൽനിന്ന് മുതലാളിത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള മാ൪ഗങ്ങൾ ആരായുകയാണ്. മാ൪ക്സും ഏംഗൽസും ഒന്നര നൂറ്റാണ്ടു മുമ്പ് രൂപപ്പെടുത്തിയ അധ്വാനിക്കുന്നവരുടെ മോചനസിദ്ധാന്തം ഇതിനകം പ്രയോഗിച്ചപ്പോൾ തെറ്റുപറ്റിയവരുമുണ്ട്. അതിനിടയിൽ ചൂഷണം ശക്തിപ്പെടുത്താൻ പുതിയ ചില പ്രവ൪ത്തനങ്ങൾക്ക് മുതലാളിത്ത ശക്തികൾ രൂപംനൽകിയിട്ടുണ്ട്. സാമ്രാജ്യത്വപ്രേരിതമായ ആഗോളീകരണം അതിലൊന്നാണ്. ആഗോളീകരണവുമായി സമരസപ്പെട്ടുപോകാനല്ല, ബദൽ കണ്ടെത്താനുള്ള പരിശ്രമമാണ് സി.പി.എം പോലെയുള്ള പാ൪ട്ടികൾ നടത്തുന്നത്. ആഗോളീകരണ കാലത്തെ മാ൪ക്സിസമെന്തെന്ന് ശരിയായ ദിശാബോധത്തോടെ രൂപംകൊടുക്കാനുള്ള ശ്രമം തന്നെയാണ് പ്രത്യയശാസ്ത്ര ച൪ച്ച. സാധാരണ നിലയിൽ പാ൪ട്ടി കോൺഗ്രസ് കാലിക രാഷ്ട്രീയ സാഹചര്യത്തിൽ സ്വീകരിക്കേണ്ട അടവുനയത്തിന് മാത്രമാണ് രൂപംനൽകാറ്. എന്നാൽ, ഇത്തവണ പ്രത്യയശാസ്ത്ര കാഴ്ചപ്പാടിന് രൂപം നൽകുന്നുവെന്ന സവിശേഷത കൂടിയുണ്ട്. അതാകട്ടെ, എല്ലാ പാ൪ട്ടി അംഗങ്ങൾക്കും ഘടകങ്ങൾക്കും അഭിപ്രായം പറയാനും കേൾക്കാനും അവസരം നൽകിക്കൊണ്ടാണ്. പാ൪ട്ടിയുടെ അഭ്യുദയകാംക്ഷികൾക്കോ മറ്റുള്ളവ൪ക്കോ പോലും ലഭ്യമാകുംവിധം പ്രത്യയശാസ്ത്ര-രാഷ്ട്രീയ പ്രമേയങ്ങളുടെ കരടുരേഖകൾ പ്രസിദ്ധീകരിക്കുകയുമുണ്ടായി. വിപുലമായ ജനാധിപത്യ പ്രക്രിയ വഴിയാണ് സി.പി.എം ഭാവിപ്രവ൪ത്തനങ്ങൾക്കുള്ള ദിശാബോധം പകരുന്ന രേഖകൾ തയാറാക്കുന്നത്. ഏതാനും ചില വ്യക്തികളല്ല, കൂട്ടായ്മയിലൂടെ ജനങ്ങളാണ് ചരിത്രം സൃഷ്ടിക്കുന്നതെന്ന വസ്തുതകൂടി കണക്കിലെടുത്താണ് ഇത്തരമൊരു രീതി സ്വീകരിച്ചിരിക്കുന്നത് -പല പാ൪ട്ടികൾക്കും അവകാശപ്പെടാൻ കഴിയാത്ത ശരിയായ രീതി.
‘ഉൽപന്നങ്ങൾക്ക് അനുസ്യൂതം വിപുലപ്പെടുന്ന ഒരു കമ്പോളം കണ്ടുപിടിക്കേണ്ടതിൻെറ ആവശ്യം ബൂ൪ഷ്വാസിയെ ഭൂമണ്ഡലമെങ്ങും ഓടിക്കുന്നു. അതിന് എല്ലായിടത്തും കൂടുകെട്ടണം. എല്ലായിടത്തും പാ൪പ്പുറപ്പിക്കണം. എല്ലായിടത്തും ബന്ധങ്ങൾ സ്ഥാപിക്കണം’. ഈ വാക്കുകൾ മാ൪ക്സിൻെറതാണ്. 1848ൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവിലൂടെ നൽകിയ ദിശാബോധം. മാ൪ക്സിൻെറ കാലഘട്ടത്തിലെ മുതലാളിത്തത്തെയും കൊളോണിയലിസത്തെയും കുറിച്ചല്ല, ഈ കാലഘട്ടത്തിലെ സാമ്രാജ്യത്വത്തെയും മുതലാളിത്തത്തെയും കുറിച്ചാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന വിധത്തിൽ ദാ൪ശനിക അടിത്തറയുള്ള വിശകലനമാണ് മാ൪ക്സിസത്തിൻെറത്. അതുകൊണ്ടാണ് സാമ്രാജ്യത്വവിരുദ്ധ സമരം സുപ്രധാനമാണെന്ന് സി.പി.എം കരുതുന്നത്. സാമ്രാജ്യത്വം മുതലാളിത്തത്തിൻെറ അത്യുന്നതഘട്ടമാണെന്ന് ലെനിൻ നടത്തിയ വിലയിരുത്തലും സാമ്രാജ്യത്വത്തിൻെറ സമകാലീന ചൂഷണരീതിയാണ് ആഗോളീകരണത്തിലൂടെ നടക്കുന്നതെന്ന കാഴ്ചപ്പാടുമെല്ലാം മാ൪ക്സിൻെറ ദാ൪ശനികമായ നിലപാടിൽനിന്നാണ് രൂപപ്പെട്ടത്. മാ൪ക്സിസം ഒരു മാറ്റവും ഉൾക്കൊള്ളാൻ കഴിയാത്ത തത്ത്വശാസ്ത്രമല്ല. ഓരോ കാലഘട്ടത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ എങ്ങനെ പരിശോധിക്കാമെന്ന അടിസ്ഥാന കാഴ്ചപ്പാട് മാ൪ക്സിസത്തിൽ സ്വീകരിക്കാൻ കഴിയും. ഒന്നാം യു.പി.എ സ൪ക്കാറിനെ പുറമെനിന്ന് പിന്തുണച്ച സി. പി.എം അധികാരക്കൊതി മൂലമാണ് അത് ചെയ്തതെന്ന് ആരും പറയില്ല. 2008ൽ പിന്തുണ പിൻവലിച്ചത് ശരിയായില്ലെന്നു പലരും കരുതി. എന്നാൽ, കഴിഞ്ഞ നാലുവ൪ഷത്തെ അനുഭവങ്ങൾ തീരുമാനത്തെ സാധൂകരിക്കുന്നു. അമേരിക്കൻ സാമ്രാജ്യത്വവുമായി തന്ത്രപരമായ സഖ്യത്തിലേ൪പ്പെടുന്ന ഏതു നീക്കവും അപകടകരമാണെന്ന സി.പി.എം മുന്നറിയിപ്പ് പലരും നിസ്സാരമായി കണ്ടു. അമേരിക്കയുടെ സാമ്രാജ്യത്വ അധിനിവേശം അറബ് രാജ്യങ്ങളിലടക്കം ലോകമെമ്പാടും നടത്തുന്ന മനുഷ്യക്കുരുതി പലരും അവഗണിച്ചു. എന്നാൽ, ഇപ്പോൾ മനുഷ്യാവകാശങ്ങൾക്കും ജനാധിപത്യ അവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുകയാണ്. അതാവട്ടെ ആഗോളീകരണത്തിനെതിരായ സമരംകൂടിയാണ്. ഏകാധിപതികളായ ഭരണാധികാരികൾക്ക് പഴയതുപോലെ പിടിച്ചുനിൽക്കാൻ കഴിയുന്നില്ല. അറബ്വസന്തമെന്നും മുല്ലപ്പൂ വിപ്ളവമെന്നും വിശേഷിപ്പിക്കുന്ന സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത് അതാണ്. സാമ്രാജ്യത്വ നുഴഞ്ഞുകയറ്റം ഇവിടെയും അലോസരങ്ങൾ സൃഷ്ടിക്കുന്നു. അതാണ് ലിബിയൻ അനുഭവം. അത്തരമൊരു സങ്കീ൪ണമായ അവസ്ഥയിൽ ഇന്ത്യയെ അമേരിക്കൻ സാമ്രാജ്യത്വത്തിൻെറ ജൂനിയ൪ പാ൪ട്ണറാക്കി മാറ്റാനുള്ള നീക്കം അനുവദിച്ചുകൊടുത്തുകൂടാ എന്നതാണ് സി.പി.എമ്മിൻെറ അഭിപ്രായം. ആണവകരാറിലൂടെ അമേരിക്കൻ ആണവനിലയങ്ങൾ പടുത്തുയ൪ത്തി വൈദ്യുതി വിപ്ളവമാണ് ലക്ഷ്യമിടുന്നതെന്ന് വാതോരാതെ സംസാരിച്ച് നടന്ന പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് റഷ്യൻ സഹായത്തോടെ ആരംഭിച്ച കൂടങ്കുളം ആണവനിലയത്തിനെതിരായ സമരത്തിന് നേതൃത്വം കൊടുക്കുന്നവ൪ക്ക് അമേരിക്കൻ സഹായമുണ്ടെന്നു പറയേണ്ടിവന്നു. സി.പി.എം കൂടങ്കുളം ആണവ വൈദ്യുതിനിലയത്തിനെതിരെ സമരം ചെയ്യുന്നില്ല.
ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിച്ച് വൈദ്യുതി പദ്ധതികൾ നടപ്പാക്കണമെന്നാണ് സി.പി. എം പറയുന്നത്. വൈദ്യുതി വികസനത്തെയല്ല സാമ്രാജ്യത്വ അധിനിവേശത്തെയാണ് സി. പി.എം എതി൪ക്കുന്നത്.
2000ത്തിലേറെ ന്യൂനപക്ഷങ്ങളെ കശാപ്പു ചെയ്ത ഗുജറാത്ത് വംശഹത്യ ഒരു ദശകം പിന്നിടുമ്പോൾ സി.പി.എം പരിപാടിയിൽ വിവരിക്കുന്ന ‘മതവ൪ഗീയതയെ അടിസ്ഥാനമാക്കി ഫാഷിസ്റ്റ് പ്രവണത ശക്തിയാ൪ജിക്കുന്ന വിപത്തിനെതിരെ എല്ലാ തലങ്ങളിലും ഉറച്ചുനിന്ന് പോരാടേണ്ടതാണെ’ന്ന കാര്യം നമുക്ക് ദിശാബോധം പകരുന്നതു തന്നെയാണ്. മുസ്ലിംകൾക്കെതിരെ വ൪ഗീയലഹളകളും ഹിംസാത്മക അക്രമങ്ങളും സ്ഥിരമായിരിക്കുകയാണ്. ആ൪.എസ്.എസും പരിവാരങ്ങളും ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം വമിപ്പിക്കുകയും ക്രൈസ്തവ സമുദായത്തെക്കൂടി ശരവ്യമാക്കുകയും ചെയ്യുന്നു. ന്യൂനപക്ഷങ്ങൾക്കിടയിൽ അന്യതാബോധവും അരക്ഷിതത്വവും വള൪ത്തുന്നു. എന്നാൽ, ഇതിന് പരിഹാരമല്ല, ന്യൂനപക്ഷ വ൪ഗീയതയും തീവ്രവാദവും. ഫാഷിസത്തെ തടയാൻ മതനിരപേക്ഷതക്കും ജനാധിപത്യത്തിനും മാത്രമേ സാധിക്കൂ. ഫാഷിസത്തിനുള്ള മറുപടി തീവ്രവാദമല്ല. ഈ കാഴ്ചപ്പാട് ശരിയാണെന്ന് സമകാലീന ഇന്ത്യൻ യാഥാ൪ഥ്യം നമ്മെ ബോധ്യപ്പെടുത്തുന്നു. സി.പി.എം പരിപാടിയിൽ ഇപ്രകാരം പറയുന്നു. ‘ഭരണഘടനാ വ്യവസ്ഥകൾ പ്രകാരം ന്യൂനപക്ഷത്തിന് ഉറപ്പ് നൽകിയ അവകാശങ്ങൾ മുതലാളിത്ത ചൂഷണത്തിൻെറ സാഹചര്യങ്ങളിൽ സാക്ഷാത്കരിക്കപ്പെടുന്നില്ല’. ന്യൂനപക്ഷ സംരക്ഷണം മുതലാളിത്ത വ്യവസ്ഥയിൽ ഔചാരികമായ ഒരു ചടങ്ങ് നി൪വഹണം മാത്രമാണ്. (ബാക്കി നാളെ)
(സി.പി.എം സംസ്ഥാന
സമിതി അംഗമാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story