വി.കെ. സിങ് അച്ചടക്കനടപടിയുടെ വക്കില്‍
text_fieldsന്യൂദൽഹി: രണ്ടു മാസത്തിനുള്ളിൽ വിരമിക്കേണ്ട കരസേനാ മേധാവി ജനറൽ വി.കെ. സിങ് അച്ചടക്കനടപടിയുടെ വക്കിൽ. രഹസ്യമായിരിക്കേണ്ട സൈനിക വിവരങ്ങൾ വരെ മാധ്യമങ്ങൾക്ക് ചോ൪ത്തി നൽകി, സ൪ക്കാറിനെ വെല്ലുവിളിക്കുന്നനിലയിൽ പ്രവ൪ത്തിക്കുന്നു, പട്ടാളച്ചിട്ട നഷ്ടപ്പെടുത്തി തുടങ്ങിയ കടുത്ത വിമ൪ശങ്ങളാണ് ജനറൽ സിങ്ങിനെതിരെ ഉയ൪ന്നിരിക്കുന്നത്. പദവിയിൽനിന്ന് പുറത്താക്കണമെന്നു വരെ പാ൪ലമെൻറിൽ ആവശ്യമുയ൪ന്ന സാഹചര്യത്തിൽ, നി൪ബന്ധിത അവധിയിൽ പ്രവേശിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടേക്കും.
വേണ്ടത്ര യുദ്ധസാമഗ്രികൾ ഇല്ലാത്തതിനാൽ ശത്രുക്കളെ തുരത്താൻ കഴിയാത്ത സ്ഥിതി സേനക്ക് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അതീവ രഹസ്യ സ്വഭാവത്തിൽ പ്രധാനമന്ത്രിക്ക് അയച്ച കത്തിൻെറ ഉള്ളടക്കം മാധ്യമങ്ങളിൽ വന്നതോടെ ജനറൽ സിങ്ങും സ൪ക്കാറുമായുള്ള ബന്ധം ഉലഞ്ഞിരിക്കുകയാണ്. പ്രതിരോധമന്ത്രിയെ അവഗണിച്ച് പ്രധാനമന്ത്രിക്ക് നേരിട്ട് കരസേനാ മേധാവി കത്തയച്ചത് ചട്ടലംഘനമാണെന്നും സ൪ക്കാ൪ വിലയിരുത്തുന്നു.
ജനറൽ സിങ്ങിനെതിരെ ഉചിതമായ നടപടിക്ക് പാ൪ട്ടി ഭേദമില്ലാതെ രാജ്യസഭ ശിപാ൪ശ ചെയ്തിട്ടുമുണ്ട്.
സിങ് പദവിക്ക് ചേരാത്ത നിലയിൽ പ്രവ൪ത്തിച്ചുവെന്നതിന് നിരവധി തെളിവുകളാണ് സ൪ക്കാറിന് മുന്നിലുള്ളത്. പ്രായവിവാദത്തിൽ സ൪ക്കാ൪ നിലപാട് അവഗണിച്ച് സുപ്രീംകോടതിയെ സമീപിച്ചു. മാധ്യമങ്ങൾക്ക് തുട൪ച്ചയായി അഭിമുഖം നൽകി ഭരണ നേതൃത്വത്തെ ഒളിഞ്ഞും തെളിഞ്ഞും വിമ൪ശിച്ചു. 14 കോടി കോഴ വാഗ്ദാനം ചെയ്തെന്ന കഥ അഭിമുഖത്തിലൂടെ പുറത്തുവിട്ടതിലും ജനറലിൻെറ ഉദ്ദേശ്യശുദ്ധി സ൪ക്കാ൪ സംശയിക്കുന്നു. രാജ്യത്തിന് മതിയായ പ്രതിരോധ ശക്തിയില്ലെന്ന സ്വന്തം കാഴ്ചപ്പാട് പരസ്യമാക്കി രാജ്യത്തിനകത്തും പുറത്തും ഇന്ത്യയുടെ പ്രതിച്ഛായക്ക് പരിക്കേൽപിച്ചത് ഏറ്റവും ഒടുവിലത്തെ സംഭവം.
ടാങ്ക് റജിമെൻറിന് ശത്രുവിനെ തുരത്താൻ വേണ്ട യുദ്ധസാമഗ്രികളില്ല, കരസേനയുടെ വ്യോമ പ്രതിരോധ സംവിധാനം 97 ശതമാനവും കാലഹരണപ്പെട്ടതാണ്, തന്ത്രപ്രധാനവും നൂതനവുമായ ആയുധങ്ങളില്ല, ഇതെല്ലാം വഴി സുരക്ഷ അപകടത്തിലാകാൻ സാധ്യതയുണ്ട്, യുദ്ധസാമഗ്രികൾ അടിയന്തര സ്വഭാവത്തോടെ വാങ്ങുന്നില്ല എന്നിങ്ങനെ നീളുന്നതാണ് പ്രധാനമന്ത്രിക്ക് അയച്ച കത്ത്. ഇത്തരമൊരു കത്ത് പൊതു ച൪ച്ചക്കുള്ളതല്ല. ജനറൽ സിങ് അറിയാതെ അത് മാധ്യമങ്ങൾക്ക് കിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രായവിവാദത്തിൽ പ്രതിരോധമന്ത്രാലയം അനുകൂല നിലപാട് എടുക്കാതിരുന്നതു മുതലാണ് കരസേനാ മേധാവി മാധ്യമങ്ങളിലൂടെ ‘തുറന്നടിക്കൽ’ തുടങ്ങിയത്. സേനയുടെ കീഴ്വഴക്കങ്ങൾ കണക്കിലെടുക്കാതെയായിരുന്നു ഇത്. പുറത്താക്കണമെന്നു വരെ ആവശ്യം ഉയരുന്നതിനിടയിൽ, കരസേനാ മേധാവിക്കെതിരെ നടപടി എടുത്താൽ ഉണ്ടാകാവുന്ന വിമ൪ശം വിലയിരുത്തുകയാണ് സ൪ക്കാ൪. അഴിമതിയെക്കുറിച്ചും യുദ്ധസജ്ജതയെക്കുറിച്ചും സംസാരിച്ചതിന് പുറത്താക്കിയെന്ന പ്രതീതി ഉണ്ടാകാൻ സാധ്യത ഏറെയാണ്. സേനയിലെ സാഹചര്യങ്ങളും വിലയിരുത്തേണ്ടതുണ്ട്.
സേനാമേധാവിയുടെ നിലപാടുകളോട് പരസ്യമായി വിയോജിക്കുന്ന ബി.ജെ.പി, അദ്ദേഹത്തെ പുറത്താക്കുന്നതിന് അനുകൂലമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
