ജയിലില്‍ മോചിതനായ ബംഗാളി യുവാവിനെ കാണാനില്ലെന്ന് പരാതി
text_fieldsവിയ്യൂ൪: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അതിക്രമിച്ച് കയറിയെന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് വിയ്യൂ൪ സെൻട്രൽ ജയിലിൽ അടച്ച ബംഗാളി ആദിവാസി യുവാവിനെ കുറ്റമുക്തനാക്കി ജയിലിൽനിന്ന് വിട്ടശേഷം കാണാതായെന്ന് പരാതി. പൊലീസിൻെറ ക്രൂരമ൪ദനത്തിന് ഇരയായി വിയ്യൂ൪ ജയിലിൽ കഴിഞ്ഞ ദീപൻകോഡയെ 27ന് ചൊവാഴ്ചയാണ് കുറ്റമുക്തനാക്കിയത്. ഇയാളെ ജയിലിൽനിന്ന് വിട്ടതായി അധികൃത൪ പറഞ്ഞെങ്കിലും കാണാനില്ലെന്ന് ഭാര്യാസഹോദരൻ ഷിബു കോഡ കലക്ട൪ക്കും റേഞ്ച് ഐ.ജിക്കും വിയ്യൂ൪ പൊലീസിനും നൽകിയ പരാതിയിൽ പറഞ്ഞു.
പശ്ചിമബംഗാളിൽനിന്ന് തൊഴിൽ തേടിയാണ് ദീപൻകോഡ കേരളത്തിൽ എത്തിയത്. കൊൽക്കത്തയിൽനിന്ന് കൊല്ലത്തേക്കുള്ള ട്രെയിൻ യാത്രക്കിടെ മനോവിഭ്രാന്തിയുണ്ടായ ദീപൻ ആലുവയിൽ ഇറങ്ങി. രാത്രി വിമാനത്താവള പരിസരത്ത് കണ്ട ഇയാളെ നാട്ടുകാ൪ അറിയിച്ചതിനെത്തുട൪ന്ന് എയ൪പോ൪ട്ട് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. സ്റ്റേഷനിൽനിന്ന് ഇറങ്ങിയോടി വിമാനത്താവളത്തിൽ കയറിയ ഇയാളെ പിന്നീട് പരിക്കേറ്റനിലയിൽ കാണുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. രാത്രി വിമാനത്താവള പരിസരത്ത് കണ്ടതിനും സ്റ്റേഷനിൽനിന്ന് ഇറങ്ങി ഓടിയതിനും വിമാനത്താവളത്തിൽ കയറിയതിനും ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്്തു.
ആഗസ്റ്റ് 22ന് സാമൂഹിക-രാഷ്ട്രീയ പ്രവ൪ത്തക൪ സംസ്ഥാന മനുഷ്യാകാശ കമീഷന് പരാതി നൽകിയതിനെത്തുട൪ന്ന് ദീപൻ കോഡയെ ജയിലിൽനിന്ന് ആശുപത്രിയിലേക്ക് മാറ്റാനും പൊലീസ് അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാനും ഉത്തരവിട്ടു. എന്നാൽ കുറച്ചുദിവസം തൃശൂ൪ മെഡിക്കൽ കോളജിൽ ചികിത്സിച്ച ശേഷം ജയിലിലേക്ക്തന്നെ മാറ്റി. ഒടിഞ്ഞ കാൽ പ്ളാസ്റ്ററിട്ടും കൈ നിവ൪ത്താനാവാതെയും മൂത്രം പോകാൻ ട്യൂബിട്ട നിലയിലുമാണ് ദീപൻ ആശുപത്രിയിൽ കഴിഞ്ഞത്. മനുഷ്യാവകാശ പ്രവ൪ത്തകരുടെ ഇടപെടലിനെത്തുട൪ന്ന് ഇയാൾക്ക് വിദഗ്ധ ചികിത്സ നൽകാൻ സ൪ക്കാ൪ ഉത്തരവിട്ടിരുന്നു.
ഫോ൪ട്ട് കൊച്ചി ആ൪.ഡി.ഒ കോടതിയാണ് കഴിഞ്ഞദിവസം ഇയാളെ കുറ്റമുക്തനാക്കിയത്. നടക്കാൻ ശേഷിയില്ലാത്ത ദീപനെ മോചിപ്പിക്കുമ്പോൾ മുൻകൂട്ടി അറിയിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളുടെയും മനുഷ്യാവകാശ പ്രവ൪ത്തകരുടെയും ഫോൺ നമ്പറും മറ്റും വിയ്യൂ൪ ജയിൽ അധികൃത൪ക്ക് നൽകിയിരുന്നെങ്കിലും ആരെയും അറിയിക്കാതെയാണ് ഇയാളെ ജയിൽ മുക്തനാക്കിയതെന്ന് പൗരാവകാശ പ്രവ൪ത്തകരായ ജോയ് കൈതാരത്ത്, ഫാ. മാ൪ട്ടിൻ പുതുശ്ശേരി, സുജോബി ജോസ് എന്നിവ൪ പറഞ്ഞു. ദീപൻകോഡയെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ജയിൽമോചിതനാക്കിയ ശേഷം കാണാതായതായി പൗരാവകാശ പ്രവ൪ത്തക൪ പരാതി നൽകിയതായി വിയ്യൂ൪ പൊലീസ് സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
