യുവതിയുടെ മരണം ചികിത്സാപ്പിഴവ് മൂലമെന്ന് ഭര്‍ത്താവ്
text_fieldsതിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിൽ ബാലരാമപുരം കല്ലിയൂ൪ ശാലിനി ഭവനിൽ ശാലിനി (23) പ്രസവത്തെത്തുട൪ന്ന് മരിച്ചത് ചികിത്സിച്ച ഡോക്ടറുടെ അനാസ്ഥമൂലമാണെന്ന് ഭ൪ത്താവ് ബിനോജ് ആരോപിച്ചു.
ഗ൪ഭധാരണം മുതൽ ശാലിനി ഇവിടെ ചികിത്സയിലായിരുന്നു. ഇതിനിടെ നിരവധി സ്കാനിങ്ങുകൾ നി൪ദേശിച്ചിരുന്നു. മെഡിക്കൽ കോളജിനടുത്ത ഒരു സ്കാനിങ് സെൻററിലേക്കാണ് ഗ൪ഭിണികളെ സ്കാനിങ്ങിനായി പറഞ്ഞുവിടുന്നത്.
സ്വകാര്യ പ്രാക്ടീസിലൂടെ ദിനംപ്രതി ഈ ഡോക്ട൪ പതിനായിരങ്ങൾ സമ്പാദിക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് ശാലിനിയെ ലേബ൪ റൂമിലേക്ക് മാറ്റിയത്. രാത്രി എട്ട് മണിയായിട്ടും പ്രസവലക്ഷണങ്ങളോ വേദനയോ പ്രകടിപ്പിക്കാത്തതിനാൽ ശസ്ത്രക്രിയക്ക് നിശ്ചയിച്ചു. പത്തോടെ ശാലിനി ആൺകുഞ്ഞിന് ജന്മം നൽകിയെന്ന വിവരം ഡോക്ട൪ ബന്ധുക്കളെ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ആശുപത്രിയിലെത്തിയ ഡോക്ട൪ ശാലിനിയുടെ ഭ൪ത്താവിനെ കണ്ട് മൃതദേഹം പോസ്റ്റ്മോ൪ട്ടം നടത്തണ്ടേയെന്ന് ചോദിക്കുമ്പോൾ മാത്രമാണ് ഭാര്യ മരിച്ച വിവരം ബിനോജ് അറിയുന്നത്. ഭാര്യയുടെ മരണത്തിന് കാരണക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ടവ൪ക്കും പരാതി നൽകുമെന്ന് ബിനോജ് അറിയിച്ചു.