പ്രീ പ്രൈമറികളിലെ അധ്യാപകര്‍ ഭൂരിഭാഗവും യോഗ്യതയില്ലാത്തവര്‍
text_fieldsകൊയിലാണ്ടി: കോഴിക്കോട് ജില്ലയിൽ സ൪ക്കാ൪ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും പി.ടി.എ, മാനേജ്മെൻറ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന പ്രീ പ്രൈമറി ക്ളാസുകളിലെ അധ്യാപക൪ ഭൂരിഭാഗവും യോഗ്യതയില്ലാത്തവ൪. വിവരാവകാശ നിയമ പ്രകാരമുള്ള അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
24 സ൪ക്കാ൪ സ്കൂളുകളിലും 110 എയ്ഡഡ് സ്കൂളുകളിലുമാണ് പി.ടി.എ മാനേജ്മെൻറ് നേതൃത്വത്തിൽ പ്രീ പ്രൈമറി ക്ളാസുകൾ പ്രവ൪ത്തിക്കുന്നതെന്ന് കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽനിന്ന് അറിയിച്ചു. പ്രീ പ്രൈമറി അധ്യാപക തസ്തികക്ക് സ൪ക്കാറും പി.എസ്.സിയും പ്രത്യേക യോഗ്യതകൾ നിശ്ചയിച്ചിട്ടുണ്ട്. ഈ യോഗ്യതയുള്ളവരെ മാത്രമേ പി.ടി.എ മാനേജ്മെൻറ് കമ്മിറ്റികൾ നടത്തുന്ന പ്രീ പ്രൈമറി ക്ളാസുകളിൽ അധ്യാപകരായി നിയമിക്കാൻ പറ്റൂ. എന്നാൽ, ചില സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള കോഴ്സുകൾ പാസായവരെയാണ് ഭൂരിഭാഗം സ്കൂളുകളിലും അധ്യാപകരായി നിയമിച്ചിട്ടുള്ളത്. സ്വകാര്യ സ്ഥാപനങ്ങളുടെ ഇത്തരം സ൪ട്ടിഫിക്കറ്റുകൾ സ൪ക്കാ൪ അംഗീകൃതമാണോ എന്ന് പരിശോധിക്കുക പോലും ചെയ്യാതെയാണ് സ്കൂൾ അധികൃത൪ നിയമനം നടത്തുന്നത്.
നടക്കാവിലെ ഗവ. ടി.ടി.ഐ ആണ് പ്രീപ്രൈമറി അധ്യാപക പരിശീലനത്തിനുള്ള മലബാറിലെ അംഗീകൃത സ്ഥാപനം. കാസ൪കോട്, കണ്ണൂ൪, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ളവ൪ക്കാണ് ഇവിടെ പ്രവേശം നൽകുന്നത്.
50 സീറ്റുകളുള്ള ഇവിടെ 45 ശതമാനത്തിൽ കുറയാത്ത മാ൪ക്കോടെ പ്ളസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായവ൪ക്കാണ് പ്രവേശം. ബിരുദധാരികൾക്ക് മാ൪ക്ക് നിബന്ധനയില്ല.
ജില്ലയിൽ സ൪ക്കാ൪ അംഗീകാരമുള്ള നാല് പ്രീ പ്രൈമറി സ്കൂളുകളിലായി അഞ്ച് അധ്യാപക തസ്തികകളാണ് ഉള്ളത്. അംഗീകൃത സ്കൂളുകളിൽ പി.എസ്.സി മുഖേനയാണ് നിയമനം.
എന്നാൽ, അധ്യാപക രക്ഷാക൪തൃ സമിതിയും മാനേജ്മെൻറും നടത്തുന്ന പ്രീപ്രൈമറി ക്ളാസുകളിലെ അധ്യാപക നിയമനം നടത്തുന്നത് ഹെഡ്മാസ്റ്റ൪മാരാണ്. കൃത്യമായ മാനദണ്ഡങ്ങൾ ഇവിടെ പാലിക്കപ്പെടുന്നില്ല. ചില സ്കൂൾ അധികൃതരും ഹെഡ്മാസ്റ്റ൪മാരും ഇത്തരം കോഴ്സുകളെക്കുറിച്ച് തികച്ചും അജ്ഞരാണെന്നും വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിൽ വ്യക്തമായി.
പി.എസ്.സിയോ, സ൪ക്കാറോ അംഗീകരിക്കാത്ത കോഴ്സുകൾക്ക് അംഗീകാരമുണ്ടെന്ന് മറുപടി നൽകിയ അധ്യാപകരുണ്ട്. സ൪ട്ടിഫിക്കറ്റുകളിൽ കേന്ദ്ര-സംസ്ഥാന സ൪ക്കാറുകളിൽ രജിസ്റ്റ൪ ചെയ്തതായ നമ്പറുകളോ അഫിലിയേറ്റഡ് എന്നു രേഖപ്പെടുത്തിയിട്ടുള്ളതു കൊണ്ടോ ആണ് അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിക്കാൻ കാരണം.
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിൻെറയും സ്ത്രീകളുടെയും കുട്ടികളുടെയും മന്ത്രാലയത്തിൻെറയും പേരുകൾ ഇങ്ങനെ ദുരുപയോഗം ചെയ്യുന്ന കോഴ്സ് നടത്തിപ്പുകാരുണ്ട്.
ചേവായൂ൪ ഉപജില്ലയിൽ മാത്രം 36 അധ്യാപക൪ 22 സ്കൂളുകളിൽ പ്രീ പ്രൈമറി വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഇതിൽ നാലുപേ൪ മാത്രമാണ് സംസ്ഥാന സ൪ക്കാറും പി.എസ്.സിയും അംഗീകരിച്ച കോഴ്സ് പൂ൪ത്തിയാക്കിയവ൪.
ഭാരത് സേവക് സമാജ്, ജനശിക്ഷൺ സംസ്ഥാൻ, കേരള ചൈൽഡ് വെൽഫെയ൪ സൊസൈറ്റി, ഇന്ത്യൻ കൗൺസിൽ ഫോ൪ ചൈൽഡ് വെൽഫെയ൪, കേരള എജുക്കേഷൻ കൗൺസിൽ, മോഡൽ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ, നാഷനൽ ചൈൽഡ് ഡെവലപ്മെൻറ് കൗൺസിൽ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഈ രംഗത്ത് പ്രവ൪ത്തിക്കുന്നുണ്ട്. ഇവ൪ നൽകുന്ന സ൪ട്ടിഫിക്കറ്റുകളൊന്നും പി.എസ്.സി അംഗീകരിച്ചിട്ടില്ല. അപേക്ഷ നൽകിയ എല്ലാവരെയും പരീക്ഷയെഴുതാൻ പി.എസ്.സി അനുവദിക്കും. പിന്നീട് പരീക്ഷയിൽ വിജയിക്കുന്നവരുടെ മാത്രം സ൪ട്ടിഫിക്കറ്റുകൾ പരിശോധിക്കുകയാണ് ചെയ്യുക. ഇത്തരത്തിൽ അംഗീകാരമില്ലാത്ത കോഴ്സുകൾ പൂ൪ത്തിയായവരും പി.എസ്.സി പരീക്ഷ എഴുതാറുണ്ട്. ഇത് പി.എസ്.സി അംഗീകരിച്ചതുകൊണ്ടാണെന്ന് തെറ്റിദ്ധാരണയുണ്ടാക്കുന്നുണ്ട്.
സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് പി.ടി.എയുടെയും മാനേജ്മെൻറുകളുടെയും കീഴിൽ പ്രീ പ്രൈമറി ക്ളാസുകൾ വ്യാപകമായത്. ഇങ്ങനെ ലഭിക്കുന്ന കുട്ടികളെ തുട൪ക്ളാസുകളിലും പ്രയോജനപ്പെടുത്താമെന്ന ലക്ഷ്യമാണ് പ്രീ പ്രൈമറി ക്ളാസുകൾ ആരംഭിച്ചതിൻെറ പിന്നിൽ.
ഇങ്ങനെ ക്ളാസുകൾ തുടങ്ങാൻ എ.ഇ.ഒ വിൻെറയോ വിദ്യാഭ്യാസ വകുപ്പിൻെറയോ അനുമതി ആവശ്യമാണ്. ശമ്പളം നൽകേണ്ടത് പി.ടി.എയും മാനേജ്മെൻറുമാണ്. ചുരുങ്ങിയ വേതനം നൽകിയാൽ മതിയെന്നതും അംഗീകാരമില്ലാത്ത കോഴ്സുകൾ കഴിഞ്ഞവരെ നിയമിക്കുന്നതിൻെറ പിന്നിലുണ്ട്. ചില ഇംഗ്ളീഷ് മീഡിയം സ്കൂളുകളിലും അൺ എയ്ഡഡ് സ്കൂളുകളിലും ഇത്തരം കോഴ്സുകൾ കഴിഞ്ഞവ൪ അധ്യാപകരായുണ്ട്.
വളരെ സങ്കീ൪ണവും ശാസ്ത്രീയവുമായ പരിശീലന പദ്ധതികളാണ് സ൪ക്കാ൪ കോഴ്സിൽ ഉള്ളത്. രണ്ടുവ൪ഷം നീളുന്ന പരിശീലനത്തിൽ ഫിലോസഫി, സൈക്കോളജി, ഹിസ്റ്ററി, ആരോഗ്യം, ന്യൂട്രീഷൻ, വെൽഫെയ൪, കുട്ടിക്കാല വിദ്യാഭ്യാസം, കളികൾ, സാമൂഹിക ബന്ധം തുടങ്ങിയ കാര്യങ്ങളിൽ വിദഗ്ധ പരിശീലനം നൽകുന്നു. സ്വകാര്യ സ്ഥാപനങ്ങൾ അവ൪ തന്നെ പരീക്ഷ നടത്തി സ൪ട്ടിഫിക്കറ്റുകൾ നൽകുകയാണ് ചെയ്യുന്നത്.
പണം വാങ്ങി സ൪ട്ടിഫിക്കറ്റുകൾ നൽകുന്ന സ്ഥാപനങ്ങളുമുണ്ട്. 5,000 മുതൽ 10,000 രൂപ വരെയാണ് സ്വകാര്യ സ്ഥാപനങ്ങൾ ഫീസായി ഈടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
