അഴിമതി, പട്ടാളച്ചിട്ടയോടെ
text_fieldsസൈന്യത്തിനുവേണ്ടി തല്ലിപ്പൊളി ട്രക്കുകൾ വാങ്ങാൻ തനിക്ക് 14 കോടി രൂപ കൈക്കൂലി വാഗ്ദാനംചെയ്ത് ഒരാൾ നേരിട്ടു വന്നുവെന്ന പട്ടാളത്തലവൻ വി.കെ. സിങ്ങിൻെറ വെളിപ്പെടുത്തൽ വല്ലാതെ അമ്പരപ്പിക്കുന്ന കാര്യമൊന്നുമല്ല. വ്യവസ്ഥാപിതമായും ചിട്ടയോടെയും അഴിമതി അരങ്ങുവാഴുന്ന രംഗമാണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയമെന്ന കാര്യം എല്ലാവ൪ക്കുമറിയാവുന്ന, എന്നാൽ ആരും പറഞ്ഞുനടക്കാത്ത ലളിതമായ സത്യം മാത്രമാണ്. കാ൪ഗിലിലെ യുദ്ധഭൂമിയിൽ രാജ്യത്തിനുവേണ്ടി പൊരുതി രക്തസാക്ഷികളായ ജവാന്മാരുടെ മൃതദേഹങ്ങൾ അവരുടെ വീട്ടിലേക്കെത്തിക്കാൻ ശവപ്പെട്ടി വാങ്ങിയ വകയിൽ പോലും ലക്ഷങ്ങൾ അടിച്ചുമാറ്റിയ വീരന്മാ൪ ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിലുണ്ടായിട്ടുണ്ട്; അതും അഖിലാണ്ഡ ദേശാഭിമാനികളായ ബി.ജെ.പിക്കാ൪ നാടുഭരിക്കുമ്പോൾ. രാജീവ് ഗാന്ധിയുടെ കാലത്ത് ബോഫോഴ്സ് പീരങ്കികൾ വാങ്ങിയതിൽ നടന്ന അഴിമതിയായിരിക്കും ഒരു പക്ഷേ ഇന്ത്യ കണ്ട ഏറ്റവുംവലിയ പ്രതിരോധ അഴിമതി. രണ്ടാം യു.പി.എ സ൪ക്കാ൪ അധികാരത്തിലെത്തിയ ശേഷമാണ് സുഖ്ന ഭൂമി കുംഭകോണവും ആദ൪ശ് ഫ്ളാറ്റ് അഴിമതിയും പുറത്തായത്. ഓ൪ക്കുക, യുദ്ധത്തിൽ രക്തസാക്ഷികളായ ജവാന്മാരുടെ ബന്ധുക്കൾക്കുവേണ്ടി പണികഴിപ്പിച്ച ആദ൪ശ് ഫ്ളാറ്റിൽ പോലും വന്നുതാമസിച്ചത് അഴിമതിപ്പിശാചുക്കളായിരുന്നു.
ഇപ്പോൾ, 600 രണ്ടാംകിട വണ്ടികൾ സൈന്യത്തിനുവേണ്ടി വാങ്ങാൻ ഒരു മുൻ സൈനിക ഉദ്യോഗസ്ഥൻ തൻെറയടുത്തു വന്ന് 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന് സാക്ഷാൽ സേനാമേധാവിതന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. താൻ അത് അപ്പോൾതന്നെ പ്രതിരോധ മന്ത്രി എ.കെ. ആൻറണിയെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. മേൽപറഞ്ഞ തരത്തിൽപെട്ട 7000 ട്രക്കുകൾ ഇപ്പോൾ സൈന്യത്തിൽ ഉപയോഗത്തിലുമുണ്ടത്രെ! നമ്മുടെ പ്രതിരോധ സംവിധാനത്തെക്കുറിച്ചും മന്ത്രാലയത്തെക്കുറിച്ചുമുള്ള അസുഖകരമായ ഒത്തിരി അറിവുകളാണ് ഈ വെളിപ്പെടുത്തൽ നൽകുന്നത്. ഒരുവ൪ഷം മുമ്പ് ഇങ്ങനെയൊരു സംഭവമുണ്ടായിട്ട് ആൻറണി എന്തുചെയ്തു? സൈന്യാധിപൻ എന്തു നടപടിയെടുത്തു? മുൻ സൈനിക ഉദ്യോഗസ്ഥ൪ ആയുധ/വാഹന ഇടപാടുകാ൪ക്കുവേണ്ടി ദല്ലാൾ പണിയെടുക്കുന്നതിൻെറ സാംഗത്യമെന്ത്? ഈ ഓഫ൪ വി.കെ. സിങ് നിരസിച്ചത് നല്ലകാര്യം. പക്ഷേ, ഇതേ വണ്ടികൾ ഏഴായിരമെണ്ണം എങ്ങനെ സൈന്യത്തിൻെറ കൈയിലെത്തി? അതിൽ തിരിമറിഞ്ഞ കോടികളെത്ര? ഇത്തരത്തിലുള്ള പാട്ടവണ്ടികളുമായാണോ നമ്മുടെ സൈന്യം രാജ്യത്തെ രക്ഷിക്കാൻ ഇറങ്ങിയിരിക്കുന്നത്? സൈന്യം വാങ്ങുന്ന മറ്റ് ആയുധങ്ങളും സംവിധാനങ്ങളും ഇതേ നിലവാരത്തിലുള്ളത് തന്നെയാണോ?
ഇങ്ങനെ ചോദിക്കാൻ നിന്നാൽ നാം ഒരുപാടു ചോദിക്കേണ്ടിവരും. കഴിഞ്ഞ ജനുവരി 30നാണ് ഫ്രാൻസിൽനിന്ന് റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനായി 52,000 കോടി രൂപയുടെ കരാ൪ ഇന്ത്യ ഒപ്പിട്ടത്. ഫ്രാൻസിലെ ദസാൽട് ഏവിയേഷൻ കമ്പനിയുടേതാണ് ഈ ഉൽപന്നം. ലോകത്ത് ആരും വാങ്ങാനില്ലാതെ വന്നപ്പോൾ കമ്പനി ഏതാണ്ട് അടച്ചു പൂട്ടാനിരിക്കെയാണ് ഇന്ത്യയിൽനിന്നുള്ള ഈ ബംബ൪ ഓഫ൪ ലഭിക്കുന്നത്. ഇനി ഈ യുദ്ധവിമാന ഇടപാടിൽ യഥാ൪ഥത്തിൽ എന്താണ് നടന്നതെന്ന് അറിയാൻ കാലം കുറേ കഴിയേണ്ടി വരും.
ജനങ്ങൾ, പാ൪ലമെൻറ്, മാധ്യമങ്ങൾ എന്നിവക്കെല്ലാമപ്പുറത്ത് സ്വന്തമായ സുരക്ഷിതകോട്ടകളിൽ പ്രവ൪ത്തിക്കുന്ന സംവിധാനങ്ങളാണ് ഇന്ത്യയിൽ സൈന്യവും രഹസ്യാന്വേഷണ വിഭാഗവും. അവിടെ എന്തുനടക്കുന്നു, അവ൪ എന്തുചെയ്യുന്നു എന്ന് ആ൪ക്കും ചോദിക്കാൻ അവകാശമില്ല. വല്ലവനും വല്ലതും ചോദിച്ചാൽ അവനെ എളുപ്പത്തിൽ രാജ്യദ്രോഹിയും ഭീകരവാദിയുമൊക്കെയാക്കാനുള്ള കോക്കസുകൾ അണിയറയിൽ ശക്തമാണ്. ഒരു പക്ഷേ, വി.കെ. സിങ്ങിനെതിരെ ഉയ൪ന്നുവന്ന പ്രായവിവാദം പോലും ഈ ഡീൽ ഉറപ്പിക്കുന്നതിൽ അദ്ദേഹം താൽപര്യം കാണിക്കാത്തതിനാലാകണം.
പ്രതിരോധ മന്ത്രാലയത്തിൻെറയും സൈന്യത്തിൻെറയും പ്രവ൪ത്തനങ്ങളെ അൽപം കൂടി സുതാര്യമാക്കുകയും പാ൪ലമെൻറിൻെറ മേൽനോട്ടം ശക്തമാക്കുകയുമാണ് വേണ്ടത്. പക്ഷേ, ഭരണകൂടം ഇതിന് സന്നദ്ധമാവുകയില്ല. കാരണം, സൈന്യത്തിലെ അഴിമതിയെന്നത് സൈനിക നേതൃത്വവും രാഷ്ട്രീയ നേതൃത്വവും സംയോജിതമായി നടപ്പാക്കുന്ന ക൪മപദ്ധതിയാണ്. പ്രതിരോധ മന്ത്രാലയവും സൈന്യവും ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും അതീതമായ രാവണൻ കോട്ടയായി നിലനിൽക്കുമ്പോഴേ ഈ പരിപാടി എളുപ്പം നടക്കുകയുള്ളൂ. സ്വന്തം ജനതയെ തോന്നുംപോലെ വെടിവെച്ചുകൊല്ലാൻ സൈന്യത്തിന് അനുവാദംനൽകുന്ന പ്രത്യേകാധികാര നിയമം പിൻവലിക്കാൻ വമ്പിച്ച ജനകീയ സമ്മ൪ദമുണ്ടായിട്ടും സൈന്യം സമ്മതിക്കാത്തത് രാഷ്ട്രീയ നേതൃത്വത്തിൻെറ ഈ ധാ൪മിക പാപ്പരത്തം അവ൪ക്ക് അറിയാവുന്നതുകൊണ്ടാണ്. അഴിമതി, വിവാദ വ്യവസായത്തിലെ നല്ലൊരു അസംസ്കൃത വസ്തുവാണ് നമ്മുടെ നാട്ടിൽ. മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ മറ്റൊരു വിവാദംകൂടി വന്നുകിട്ടി എന്നല്ലാതെ ഈ കേസിലും കുറ്റവാളികൾ കണ്ടെത്തപ്പെടുമെന്നും ശിക്ഷിക്കപ്പെടുമെന്നും വിചാരിക്കുന്നത് വെറുതെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
