തുനീഷ്യന്‍ വിപ്ളവത്തിന്‍െറ പെണ്‍മുഖം
text_fields‘അറബികളെ’ക്കുറിച്ച സ്റ്റീരിയോടൈപ്പ് പ്രതിച്ഛായ മാറ്റിയെടുത്തു എന്നതുമാത്രമല്ല, ‘അറബ് വനിതകളെ’ ക്കുറിച്ച ധാരണകളും മാറ്റിമറിച്ചു എന്നതാണ് അറബ്വസന്തത്തിൻെറ ഏറ്റവുംവലിയ നേട്ടങ്ങളിലൊന്ന്. സ്വാതന്ത്ര്യവും അന്തസ്സും സംരക്ഷിക്കുന്നതിനുവേണ്ടി അറബ്നഗരങ്ങളിലെങ്ങും കാഴ്ചക്കാരായി നോക്കിനിൽക്കാതെ വിപ്ളവത്തിൻെറ എല്ലാ ഘട്ടങ്ങളിലും അവ൪ സജീവപങ്കുവഹിച്ചു. സ്ത്രീപുരുഷന്മാ൪ സ്വതന്ത്രരും തുല്യരുമായ, ഒരു പൊതു കാഴ്ചപ്പാട് രൂപപ്പെടുത്തിയെടുത്ത് പുതിയ രാഷ്ട്രത്തെ പുന൪നി൪മിക്കാനുള്ള പ്രവ൪ത്തനങ്ങളിൽ വ്യാപൃതരാണ് അവരിപ്പോൾ.
-തുനീഷ്യൻ ഡെപ്യൂട്ടി സ്പീക്ക൪ മെഹ൪സിയ ലബിദി ലണ്ടനിലെ ‘ദി ഗാ൪ഡിയനി’ൽ എഴുതിയ ലേഖനം.
‘അറബികളെ’ക്കുറിച്ച സ്റ്റീരിയോടൈപ്പ് പ്രതിച്ഛായ മാറ്റിയെടുത്തു എന്നതു മാത്രമല്ല, ‘അറബ് വനിതകളെ’ക്കുറിച്ച ധാരണകളും മാറ്റിമറിച്ചു എന്നതാണ് അറബ്വസന്തത്തിൻെറ ഏറ്റവുംവലിയ നേട്ടങ്ങളിലൊന്ന്. തുനീഷ്യ മുതൽ സിറിയ വരെ, തങ്ങളുടെ സ്വാതന്ത്ര്യവും അന്തസ്സും സംരക്ഷിക്കുന്നതിനു വേണ്ടി, ജനങ്ങളൊന്നായി രംഗത്തിറങ്ങുന്ന അറബ്നഗരങ്ങളിലെല്ലാം വെറും കാഴ്ചക്കാരായി നോക്കിനിൽക്കാതെ വിപ്ളവത്തിൻെറ എല്ലാഘട്ടങ്ങളിലും അവ൪ സജീവപങ്ക് വഹിച്ചുവരുന്നു. പരിപാടികളുടെ ആസൂത്രണത്തിൽ, പ്രയോഗത്തിൽ പങ്കുകൊണ്ട് അവ൪ പുറംലോകത്തിറങ്ങി. പല൪ക്കും പരിക്കേറ്റു, ചില൪ കൊല ചെയ്യപ്പെട്ടു. അങ്ങനെ ഏകാധിപതികളെ അവ൪ അധികാരത്തിൽ നിന്നിറക്കി. ഓ൪ക്കാൻ ആഗ്രഹിക്കാത്ത ഭൂതകാലത്തിനു പകരം വെക്കാൻ, സ്ത്രീപുരുഷന്മാ൪ സ്വതന്ത്രരും തുല്യരുമായ ഒരു പൊതു കാഴ്ചപ്പാട് രൂപപ്പെടുത്തിയെടുത്ത് പുതിയ രാഷ്ട്രത്തെ പുന൪നി൪മിക്കാനുള്ള പ്രവ൪ത്തനങ്ങളിൽ വ്യാപൃതരാണ് അവരിപ്പോൾ.
പല വിധേനയും അനുഗൃഹീതമാണ് തുനീഷ്യ. വിപ്ളവമാ൪ഗത്തിൽ ആപേക്ഷികമായി വളരെകുറഞ്ഞ ജീവനും സ്വത്തും മാത്രമേ തുനീഷ്യക്ക് നഷ്ടപ്പെടുത്തേണ്ടി വന്നുള്ളൂ. ആഴത്തിലുള്ള പരിഷ്കരണങ്ങൾ ആവശ്യമാണെങ്കിലും ഏതോ തരത്തിൽ ഒരു ഭരണകൂടം ഇവിടെ ക൪മനിരതമാണ്. നിയമപ്രാബല്യമുള്ള സ്ഥാപനങ്ങൾക്ക് രൂപംകൊടുക്കുന്നതിലും രാഷ്ട്രീയത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം വീണ്ടെടുക്കുന്നതിലും അവ൪ വിജയിച്ചു. ഒരു നിയമനി൪മാണസഭക്ക് ജന്മം നൽകിയ ഒക്ടോബ൪ 23ൻെറ തെരഞ്ഞെടുപ്പ് ഞങ്ങളുടെ പുതിയ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു. പുതിയ സഭയിൽ ഡെപ്യൂട്ടിസ്പീക്ക൪ പദവി വഹിക്കാനായത് ഞാൻ അഭിമാനകരമായി കാണുന്നു. പുതിയ നിയമനി൪മാണസഭക്ക് മൂന്നു കാര്യങ്ങൾ ചെയ്യാനുണ്ട്: തുനീഷ്യക്ക് ഒരു ഭരണഘടന തയാറാക്കുക, പുതിയ നിയമനി൪മാണങ്ങൾ നടത്തുക, ഗവൺമെൻറിൻെറ ജോലികൾ നിശ്ചയിക്കുകയും അത് നിരീക്ഷിക്കുകയും ചെയ്യുക.
‘നവോത്ഥാനകാലികരായ’ ഏകാധിപതികളുടെ സംരക്ഷണത്തിൽ അറബ്ലോകത്തെ വനിതകൾ സൗഖ്യത്തിലായിരുന്നില്ലേ എന്നു ചില൪ ചോദിക്കുന്നുണ്ട്. ഈ ചോദ്യം തുനീഷ്യയിലെ സ്ത്രീകളായ ഞങ്ങൾക്ക് കൗതുകകരമായി തോന്നുന്നു. പുരുഷന്മാരെ പോലെ അവ൪ക്കു സ്വാതന്ത്ര്യത്തിനോ നീതിക്കോ വേണ്ടി പൊരുതേണ്ടി വന്നിട്ടില്ല എന്നാണല്ലോ അതിന൪ഥം. സ്ത്രീകളുടെ ധൈര്യവും ഇച്ഛാശക്തിയും സംബന്ധിച്ച സംഭ്രമജനകമായ കഥകളാണ് ദിനേന ഞാൻ കേട്ടുകൊണ്ടിരിക്കുന്നത്. വിപ്ളവയത്നത്തിൽ നി൪ണായക പങ്കുവഹിച്ച ആ സ്ത്രീകൾക്ക് സ്വന്തം അവകാശങ്ങൾ സംരക്ഷിക്കാനും വേണ്ടിവന്നാൽ അതിനായി പൊരുതാനും നന്നായറിയാം. ബിൻ അലിയുടെ മതേതരഭരണം സ്ത്രീകൾക്ക് മെച്ചമായിരുന്നുവെന്നു ചില൪ പറയുന്നു. എന്നിട്ടെന്തേ അദ്ദേഹത്തിൻെറ ഭരണത്തിൽ തുനീഷ്യൻ തൊഴിൽമേഖലയിലെ സ്ത്രീസാന്നിധ്യം 20 ശതമാനം മാത്രമായി ചുരുങ്ങി. അതു കേന്ദ്രീകരിച്ചിരുന്നതാകട്ടെ, കുറഞ്ഞ വേതനം മാത്രമുള്ള സുരക്ഷിതമല്ലാത്ത ജോലികളിലും. ഗ്രാമീണവനിതകളുടെ ദൈനംദിന സ്ഥിതികൾ കൂടുതൽ കഷ്ടമായിരുന്നു. സ്ത്രീകളുടെ ചാമ്പ്യൻ ചമയുന്ന സമൂഹത്തിൻെറ ഉന്നതനിലയിലുള്ള ഏതാനുംപേരെ തെരഞ്ഞുപിടിച്ചു പ്രത്യേകം പരിഗണിക്കുകയായിരുന്നു അന്ന്. ലോകത്ത് മിക്കവരും ബിൻഅലിയുടെ ‘പുരോഗമനേച്ഛ’ ചൂണ്ടിക്കാട്ടി അദ്ദേഹത്തിൻെറ ക്രൂരകൃത്യങ്ങൾ മുഴുവൻ വിസ്മരിക്കുന്നത് സങ്കടകരമാണ്. പെണ്ണവകാശങ്ങൾ വെറുമൊരു രാഷ്ട്രീയ കാൽപന്തുകളിയായിരുന്നു ബിൻഅലിക്ക്. ദു$ഖകരമെന്നു പറയട്ടെ, ഇപ്പോഴും ചിലരത് തുട൪ന്നുകൊണ്ടിരിക്കുന്നു.
അറബ്വിപ്ളവങ്ങൾ സ്ത്രീകൾക്ക് മുമ്പെങ്ങുമില്ലാത്ത അവസരം തുറന്നുകൊടുത്തിട്ടുണ്ട്. പക്ഷേ, ശരിയായൊരു മാറ്റത്തിന് കൂട്ടായ്മയും കാഴ്ചപ്പാടും അനിവാര്യമാണ്. ഞങ്ങളുടെ ജനതയുടെ മഹത്തായ പ്രതീക്ഷകളും അവരനുഷ്ഠിച്ച ത്യാഗങ്ങളും വിപ്ളവലക്ഷ്യത്തിൻെറ സാക്ഷാത്കാരത്തിനു സഹകരിക്കാൻ ഞങ്ങളെ സമ്മ൪ദത്തിലാക്കുന്നുണ്ട്. ഇത് പാ൪ട്ടികളുടെയോ പ്രത്യയശാസ്ത്രങ്ങളുടെയോ പ്രശ്നമല്ല. സ്വേച്ഛാധിപത്യവ്യവസ്ഥയെ അടിമുടി മാറ്റിപ്പണിയുക മുഴുവൻ തുനീഷ്യരുടെയും പ്രഥമപരിപാടിയാണ്. ദേശീയ അസംബ്ളിയിൽ 28 ശതമാനം പേ൪ സ്ത്രീകളാണ്. ഞാൻ പ്രവ൪ത്തിക്കുന്ന ‘അന്നഹ്ദ’ പാ൪ട്ടിയുടെ ബ്ളോക്കിൽ 48 ശതമാനവും സ്ത്രീകൾ തന്നെ. പ്രതിപക്ഷനിരയിലോ, ഭരണമുന്നണിയിലെ മൂന്നു പാ൪ട്ടികളിലോ ആകട്ടെ, അസംബ്ളിയിലെ സ്ത്രീകളെല്ലാം ക൪മരംഗത്ത് സജീവമാണ്. ഭരണഘടനാ പരിഷ്കരണത്തിനു വേണ്ടി നിയമിക്കപ്പെട്ട ആറു സമിതികളിലും സ്ത്രീ പങ്കാളിത്തമുണ്ട്. സുപ്രധാന സമിതികളിലൊന്നായ ‘പൗരാവകാശങ്ങളും സ്വാതന്ത്ര്യവും’ സംബന്ധിച്ച സമിതിയുടെ അധ്യക്ഷസ്ഥാനം വഹിക്കുന്നത് അഭിഭാഷകയും മനുഷ്യാവകാശപ്രവ൪ത്തകയും മുൻഭരണകൂടത്തിൻെറ ഭീകരതയുടെ ഇരയുമായ ഫരീദ ലബിദിയാണ്. അവരുടെ ഡെപ്യൂട്ടിയും ഒരു മഹിള തന്നെ -കലാകാരിയും സിനിമാനി൪മാതാവുമായ സൽമ ബക്ക൪. ലിംഗപരവും വിശ്വാസപരവും സാമൂഹികവുമായ ഭേദങ്ങൾക്കതീതമായി മുഴുവൻ തുനീഷ്യക്കാരുടെയും അവകാശസംരക്ഷണവും സ്വാതന്ത്ര്യവും പുതിയ ഭരണഘടനയുടെ മുഖശ്രീയായിരിക്കുമെന്ന് ഈ വനിതാപ്രതിനിധികൾ ഉറപ്പുവരുത്തും. ഭിന്ന രാഷ്ട്രീയപാ൪ട്ടികളിൽ നിന്നുവരുന്ന ഈ സ്ത്രീകളെല്ലാം പരസ്പരമുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനും എല്ലാ സ്ത്രീപുരുഷന്മാ൪ക്കും പ്രാതിനിധ്യവും പരിഗണനയും പരിരക്ഷയും തരപ്പെടുത്തുന്ന ഒരു കാഴ്ചപ്പാട് രൂപപ്പെടുത്താനും സമവായം വികസിപ്പിക്കാനുമുള്ള നിതാന്തശ്രമങ്ങളിൽ വ്യാപൃതരാണ്. ഉത്ക൪ഷേച്ഛുക്കളുടെ പിന്തുണയും ഇക്കാര്യത്തിൽ അവ൪ക്കുണ്ട്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അടങ്ങാത്ത അഭിനിവേശത്തിൽനിന്ന് സമ്പന്നവും ബഹുസ്വരവുമായ ഒരു തുനീഷ്യ ഉയി൪ത്തെഴുന്നേൽക്കുകയാണ്. പരസ്പര ബഹുമാനവും സഹിഷ്ണുതയും ദേശീയ ഐക്യവും കാത്തുസൂക്ഷിച്ചും പൊതുവിഷയങ്ങളിലും രാജ്യത്തിൻെറ ഉന്നതതാൽപര്യങ്ങളിലും ശ്രദ്ധയൂന്നിയും വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും കൈകാര്യം ചെയ്യുകയെന്നത് അയത്നലളിതമല്ല, അതിനി൪ണായകമാണ്. പാ൪ശ്വവിഷയങ്ങളിലുള്ള ആശയസംഘട്ടനത്തിലേക്ക് ഞങ്ങളെ വലിച്ചിഴക്കുകയും ഞങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളെ അതിശയോക്തി കല൪ത്തി അവതരിപ്പിക്കുകയും ഞങ്ങളുടെ പൊതുലക്ഷ്യങ്ങൾ അവഗണിക്കുകയും ചെയ്യുന്നത് വിപ്ളവം വിജയത്തിലെത്തുന്നത് ഇഷ്ടപ്പെടാത്തവരെ മാത്രമേ സഹായിക്കുകയുള്ളൂ. സമ്പന്നമായ നാനാത്വത്തിലെ ഏകത്വം നിലനി൪ത്തുന്ന യജ്ഞത്തിൽ സ്ത്രീകളുടെ വിവേകവും അനുരഞ്ജനശേഷിയും ഏറെ മുതൽക്കൂട്ടാകുമെന്ന് ഞാൻ കരുതുന്നു. കോളനിവിരുദ്ധ സമരത്തിൽതുടങ്ങി അന്തസ്സും അഭിമാനവും വീണ്ടെടുക്കാനുള്ള വിപ്ളവം വരെ എല്ലായ്പോഴും ചെയ്തതു പോലെ തന്നെ, നീതിയും സ്വാതന്ത്ര്യവും അന്തസ്സും സഹിഷ്ണുതയും മുഖമുദ്രയാക്കിയ പുതിയ തുനീഷ്യക്കുവേണ്ടിയുള്ള യത്നത്തിലും സ്ത്രീകൾ അവരുടെ ചരിത്രപരമായ ദൗത്യം നി൪വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
