ചുടുകാട്, മ്യൂസിയം, ക്ഷേത്രം
text_fieldsവൈകിയാണ് എത്തിയത്.
വലിയ ചുടുകാട്ടിലെ ആൾക്കൂട്ടത്തിൽ നിൽക്കുമ്പോൾ സഖാവിന് കൊടുത്ത ഒരു വാക്ക് പാലിക്കാനാവാതെ പോയതിൽ വേദന തോന്നി. യേശുക്രിസ്തുവിൻെറ ജീവചരിത്രമോ ക്രിസ്തുമതത്തിൻെറ ആശയങ്ങളോ ഒരു പുസ്തകം ആക്കിക്കൊടുക്കണം എന്ന് ചന്ദ്രപ്പൻ സഖാവ് പറഞ്ഞിട്ട് വ൪ഷങ്ങളായി. പ്രഭാത് ബുക്ഹൗസിൻെറ ചുമതല ഉണ്ടായിരുന്ന കാലത്ത് പറഞ്ഞതാണ്.
എത്ര ആലോചിച്ചിട്ടും ധൈര്യം വന്നില്ല. യേശുക്രിസ്തുവിൻെറ ജീവചരിത്രം പാപ്പിനി മുതൽ മയ്യനാട് എ. ജോണും കേശവമേനോനും വരെ എഴുതിയിട്ടുണ്ട്. എത്രയോ കോണുകളിൽനിന്ന് ആ ജീവിതം വിലയിരുത്തപ്പെട്ടിരിക്കുന്നു, എത്രയോ തരത്തിൽ ആ വാക്കുകൾ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു, എത്രയോ പേ൪ വൈജ്ഞാനികഭൂമികയിലെ വിഭിന്ന മേഖലകളിൽനിന്ന് അനുകൂലമായും പ്രതികൂലമായും എഴുതിയിരിക്കുന്നു എന്നൊക്കെ ഓ൪ത്തപ്പോൾ എൻെറ ധൈര്യം ചോ൪ന്നു. ക്രിസ്തുമതം എന്താണ് എന്ന് നി൪വചിക്കാനും ആ മതത്തിൻെറ വിശ്വാസസംഹിതകൾ വിവരിക്കാനും പുറപ്പെട്ടാൽ അതിലേറെ കഷ്ടമാവും. ഒന്നാമത് ക്രിസ്തുമതം ഏതാണ്ട് ഹിന്ദുമതം പോലെ ഒരു വലിയ മുത്തുക്കുട ആയിരിക്കുന്നു. പൗവ്വത്തിലിനെപ്പോലെയുള്ള കടുത്ത യാഥാസ്ഥിതികരും കുറീലോസിനെപ്പോലെയുള്ള കടുത്ത ഉൽപതിഷ്ണുക്കളും ആ കുടക്കീഴിലുണ്ട്. ഒടുവിൽ ബൈബിളിനോട് ബന്ധപ്പെട്ട ഒരു പുസ്തകത്തിൻെറ രൂപരേഖ മനസ്സിൽ തെളിഞ്ഞു. ചന്ദ്രപ്പൻ പാ൪ട്ടി സെക്രട്ടറി ആയ നാൾ സംസാരിച്ചപ്പോൾ വീണ്ടും ഓ൪മിപ്പിച്ചു. ആ സൗമ്യമായ ശൈലിയും ശാന്തമായ സ്വരവും: ‘ഒരു വാഗ്ദാനം ബാക്കിയാണ്.’ സ്റ്റേറ്റ് സെക്രട്ടറിക്കുള്ള ദക്ഷിണയായി എഴുതാമെന്ന് പറഞ്ഞു. എഴുതുംമുമ്പേ ആൾ വലിയ ചുടുകാട്ടിൽ മറഞ്ഞു.
ചന്ദ്രപ്പനെക്കുറിച്ച് ഏറെ എഴുതപ്പെട്ടുകഴിഞ്ഞു. വ്യക്തിതലത്തിലുള്ള സ്മരണകളേ ഉള്ളൂ പറയാൻ ബാക്കി. പി.എസ്. ശ്രീനിവാസൻ എന്ന ടൂറിസംമന്ത്രി കേരളത്തിലെ ടൂറിസത്തിന് പുതിയ ദിശാബോധം നൽകിയ നാളുകളിൽ കെ.ടി.ഡി.സിയുടെ ചെയ൪മാനായിരുന്നു ചന്ദ്രപ്പൻ. വകുപ്പ് സെക്രട്ടറിയായിരുന്നു ഞാൻ. ഡയറക്ടറായി ജയനും (ചീഫ് സെക്രട്ടറി ആകാൻ പോകുന്ന കെ. ജയകുമാ൪ ഐ.എ.എസ്. കേരള കേഡറിൻെറ ചന്ദനലേപസുഗന്ധം) കെ.ടി.ഡി. സിയിൽ സാജനും (ഇപ്പോൾ സാംസ്കാരിക വകുപ്പ് സെക്രട്ടറി). അത് ഒരു നല്ല ടീം ആയിരുന്നു.
ചന്ദ്രപ്പനെക്കുറിച്ച് നല്ലതല്ലാതെ ആരും പറയുകയില്ല. നിലപാടുകളിലെ കാ൪ക്കശ്യം വാക്കുകളിലെ കാഠിന്യമായി മാറാതിരിക്കാൻ എന്നും ശ്രദ്ധിച്ചിരുന്നു സഖാവ്. ഇവൻറ് മാനേജ്മെൻറ് എന്ന് പറയണമെങ്കിൽ മടിക്കയില്ല. എങ്കിലും അതുകേട്ട് പ്രകോപിതരാവുന്നവ൪ വീഴുന്ന ശുംഭാലംകൃത കുണ്ഡങ്ങളിലൊന്നും സഖാവ് വീണില്ല ഒരിക്കലും.
സോവിയറ്റ് യൂനിയന് ശേഷമുള്ള ലോകത്തെക്കുറിച്ച് നടന്ന ഒരു ച൪ച്ച തെളിഞ്ഞുവരുന്നുണ്ട് ഇപ്പോൾ മനസ്സിൽ. ഈയെമ്മെസും കെ.എൻ. രാജും ഉണ്ടായിരുന്നു ഞങ്ങൾക്കൊപ്പം. റെയ്ഗൻെറയും അമേരിക്കയുടെയും ചതിക്കുഴികൾ തിരിച്ചറിയാതെ അബദ്ധത്തിൽ ചാടിയ സോവിയറ്റ് നേതൃത്വത്തെക്കുറിച്ച് സഖാവ് അന്നത്തെ സംവാദത്തിൽ വിശദമായി പ്രതിപാദിച്ചു. ബ്രഷ്നേവ് യുഗത്തിൽ പാ൪ട്ടിയെ അഴിമതി ഗ്രസിച്ചത് അന്നും ചന്ദ്രപ്പന് പറയാൻ കഴിയുമായിരുന്നില്ല. ആ യോഗം കഴിഞ്ഞ് കുറേയേറെ അപഗ്രഥനങ്ങൾ വന്നിരിക്കുന്നു. ഗോ൪ബച്ചേവിന് ഗ്ളാസ്നെസ്ത് വേണമെങ്കിൽ അത് നടപ്പാക്കാനുള്ള സംവിധാനത്തെ പെരിസ്ട്രോയിക്ക വഴി ദു൪ബലപ്പെടുത്തരുതായിരുന്നു എന്ന് കാച്ചിക്കുറുക്കി പറയാം ഇന്ന്. പത്തുപതിനഞ്ച് കൊല്ലം മുമ്പ് അതല്ലായിരുന്നു അവസ്ഥ. അന്ന് ‘കുറ്റസമ്മതം’ നടത്താൻ ബൗദ്ധികസത്യസന്ധത ചന്ദ്രപ്പനെ പ്രേരിപ്പിച്ചു എന്നതാണ് പറയാൻ ശ്രമിക്കുന്നത്. സഖാവ് പറഞ്ഞതാണ് ശരി എന്നോ അത് മാത്രമാണ് ശരി എന്നോ ഇന്ന് കമ്യൂണിസ്റ്റുകാ൪ പോലും പറയുകയില്ല.
ചന്ദ്രപ്പൻെറ ഓ൪മകളുമായി മറ്റൊരു സുഹൃത്തിൻെറ ഓ൪മകളിലേക്കാണ് എനിക്ക് പിന്നെ പോകേണ്ടിയിരുന്നത്. രവികരുണാകരൻ സ്മാരക ത്തിലായിരുന്നു ചടങ്ങ്. സാം ഫിലിപ്പ് എന്ന വിശ്രുത വിദേശ ശിൽപിയുടെ ഒരു സൃഷ്ടി അവിടെ അനാവരണം ചെയ്യപ്പെട്ടു. കഴിഞ്ഞ ഒരു ശതാബ്ദക്കാലമായി ഒരു കുടുംബത്തിലെ കലാസ്വാദക൪ വാങ്ങിച്ചുകൂട്ടിയ വസ്തുക്കളാണ് ഇപ്പോൾ ആലപ്പുഴയിലെ രവികരുണാകരൻ മ്യൂസിയത്തിൽ പ്രദ൪ശിപ്പിച്ചിട്ടുള്ളത്. അക്കൂടെ ശിൽപി സമ്മാനമായി ഇന്ത്യയിലേക്ക് കയറ്റുമതിചെയ്ത് സംഭാവനയായി നൽകിയ ഒരു ബൃഹദ്ശിൽപം കൂടെ.
കയ൪മേഖലയിൽ വിശ്രുതനാണ് രവി. എന്നാൽ, കേരളത്തിൻെറ വ്യവസായചരിത്രത്തിൽ നി൪ണായകമായ ഒരു കാൽവെപ്പ് നടത്തിയ കൃഷ്ണൻ മുതലാളിയെക്കുറിച്ച് ഓ൪ക്കുമ്പോഴാണ് കശുവണ്ടിമേഖലയിൽ മുമ്പേ പറന്ന പക്ഷിയായിരുന്ന തങ്ങൾകുഞ്ഞ് മുസ്ലിയാരെന്നതുപോലെത്തന്നെ അ൪ഹിക്കുന്ന സ്ഥാനം ജനമനസ്സുകളിലോ ചരിത്രപുസ്തകങ്ങളിലോ കിട്ടാതെ പോയ പ്രതിഭാശാലിയായിരുന്നു അദ്ദേഹം എന്ന് രേഖപ്പെടുത്തേണ്ടിവരുന്നത്.
ഇരുപതാം നൂറ്റാണ്ട് പിറന്നപ്പോൾതന്നെ തിരുവിതാംകൂറിലെ കയ൪ വിദേശങ്ങളിൽ പ്രശസ്തമായിരുന്നു. എന്നാൽ, ഉൽപാദനവും വിദേശ വ്യാപാരവും സായിപ്പിൻെറ കുത്തകയായിരുന്നു. ആ കാലത്താണ് കൃഷ്ണൻ മുതലാളി കയറ്റുമതിമാത്രം ലക്ഷ്യമാക്കി ഒരു കയ൪ ഫാക്ടറി തുടങ്ങിയത്. ഒപ്പം മകനെ വിദേശത്തയച്ച് പഠിപ്പിക്കാനും ശ്രദ്ധിച്ചു ആ ക്രാന്തദ൪ശി. കൃഷ്ണൻമുതലാളിയുടെ മകൻ കെ.സി. കരുണാകരൻ 1917ൽ ഇംഗ്ളണ്ടിലെ ബ൪മിങ്ഹാം സ൪വകലാശാലയിൽനിന്ന് ബിരുദവും തുട൪ന്ന് ജ൪മനിയിലെ വിശ്രുതമായ ഹൈഡൽബ൪ഗ് സ൪വകലാശാലയിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി.
കരുണാകരൻ മുതലാളി ജ൪മനിയിൽനിന്ന് നേടിയത് അറിവ് മാത്രമായിരുന്നില്ല. മാ൪ഗരറ്റ് ഓസറെ൪ എന്നൊരു മദാമ്മയുടെ പ്രേമവും സമ്പാദിച്ചുകൊണ്ടാണ് മൂപ്പ൪ മടങ്ങിയെത്തിയത്. ഒരു ജാതി ഒരു മതം ഒരുദൈവം എന്ന് പഠിപ്പിച്ച ശ്രീനാരായണഗുരു തന്നെയാണ് ഈ അന്താരാഷ്ട്രീയ വിവാഹബന്ധത്തിന് ഔദ്യാഗികാംഗീകാരം നൽകിയത്. വ൪ക്കല ശിവഗിരിയിൽവെച്ച് ആയിരുന്നു ആ വിവാഹം. ഗുരു നേരിട്ട് കാ൪മികത്വം വഹിച്ച ഒരേയൊരു വിവാഹം ഇതാണ് എന്നാണ് കേട്ടിട്ടുള്ളത്.
കരുണാകരൻ മുതലാളിയെപ്പോലെത്തന്നെ രവി കരുണാകരനും വിദേശത്താണ് പഠിച്ചത്. ഇംഗ്ളണ്ടിലും സ്വിറ്റ്സ൪ലൻഡിലും സ്കൂൾ വിദ്യാഭ്യാസം, അമേരിക്കയിൽ സ൪വകലാശാലാ വിദ്യാഭ്യാസം. അച്ഛൻ മരിച്ചതോടെ വിംശതിവയസ്കനായ രവി ആ വ്യവസായസ്ഥാപനത്തിൻെറ ചുമതല ഏറ്റെടുക്കാൻ നി൪ബന്ധിതനായി.
മുത്തച്ഛൻ അടിസ്ഥാനം ഇട്ടു. അച്ഛൻ ഗണ്യമായ പുരോഗതിക്ക് കാ൪മികനാവുകയും നാട്ടുകാരുടെ കമ്പനിയിലും സായിപ്പിൻെറ മാനേജ്മെൻറ് പാഠങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്തു. രവിയുടെ ദൗത്യം കേരളത്തിലെ കയ൪വ്യവസായത്തിൻെറ നവീകരണം ആയിരുന്നു.
കയ൪വ്യവസായത്തിൽ ആധുനിക യന്ത്രവത്കരണം വിജയകരമായി ഉപയോഗപ്പെടുത്തിയ ആദ്യത്തെയാൾ രവി ആയിരുന്നു. സ്വാഭാവികമായും ആലപ്പുഴയിൽ അരനൂറ്റാണ്ടിനപ്പുറം അത് അചിന്ത്യമായിരുന്നു. അറുപതുകളിൽ രവിക്കും തമിഴ്നാട്ടിൽ ചേക്കേറേണ്ടിവന്നു.
കേരളത്തിൽ തൊഴിലാളി പ്രസ്ഥാനം തുടങ്ങിയത് കയ൪മേഖലയിൽ ആണല്ലോ. ആദ്യം പഠിച്ചതൊക്കെ മറക്കാൻ നാം കുറേ വൈകി. എങ്കിലും ഇപ്പോൾ കാലത്തിൻെറ മാറ്റങ്ങൾ ഉൾക്കൊള്ളാൻ നമ്മുടെ തൊഴിലാളികൾക്കും കഴിയുന്നുണ്ട് എന്നതിന് തെളിവ് ആലപ്പുഴയിലെ കയ൪വ്യവസായത്തിൻെറ വ൪ത്തമാനകാലസ്ഥിതിതന്നെ ആണ്.
കശുവണ്ടി വ്യവസായത്തിൻെറ ആദിപിതാവായ മുസ്ലിയാ൪ ഇന്നറിയപ്പെടുന്നത് വിദ്യാഭ്യാസരംഗത്ത് അദ്ദേഹം തുടങ്ങിവെച്ച സംഗതികളുടെ പേരിലാണ്. കയ൪വ്യവസായ ചരിത്രത്തിൽ കൃഷ്ണൻമുതലാളി മുതൽ ഉദിച്ചസ്തമിച്ചവരും ഉദിച്ചുയ൪ന്നവരും ആയ അനേകരുടെ പേരുകൾ തുല്യപ്രാധാന്യത്തോടെ എഴുതിച്ചേ൪ക്കേണ്ടിവരും. എന്നാൽ, അതിൻെറ ആധുനികമുഖത്തിന് ആദിശിൽപിയായി വാഴ്ത്തപ്പെടാൻ ഒരാൾ മാത്രമേ ഉള്ളൂ; രവി കരുണാകരൻ.
1968ൽ നാൽപത്തിനാല് നാൾ ആലപ്പുഴയിൽ സബ്കലക്ട൪ ആയിരുന്നു ഞാൻ. എങ്കിലും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ അവിടെ ആദ്യമായി അന്തിയുറങ്ങിയത് ഈ യാത്രയിലാണ്. ധൂ൪ത്തപുത്രനെ ആശ്ളേഷത്തോടെ സ്വീകരിച്ച ആ൪ദ്രഹൃദയനായ പിതാവിൻെറ പ്രതിമ അനാവരണം ചെയ്യാനുള്ള യാത്ര ഘണ്ടാക൪ണ ക്ഷേത്രപരിസരത്ത് ഉറങ്ങാനുള്ളതുമായി. വൈകുണ്ഠം പൂകാൻ അനുഗ്രഹം കിട്ടിയ രാക്ഷസൻ എല്ലാ മതങ്ങളിലും ഈശ്വരൻെറ ഹൃദയാലുത്വം തെളിയിക്കുന്ന പാഠങ്ങൾ ഉണ്ട് എന്നാണ് പറഞ്ഞുതരുന്നത്.
പരമശിവൻെറ ക൪ണത്തിൽനിന്ന് നി൪മിക്കപ്പെട്ടവനാണ് ഘണ്ടാക൪ണൻ എന്ന രാക്ഷസൻ. എന്നാൽ, ശിവൻെറ ക൪ണത്തിൽനിന്ന് ഉയിരെടുത്തതുകൊണ്ട് കിട്ടിയതല്ല പേര്. വിഷ്ണുവിരോധിയായിരുന്നതിനാൽ വിഷ്ണുനാമം ഒരിക്കലും കേട്ടുപോകാതിരിക്കാൻ ക൪ണങ്ങളിൽ ഘണ്ട ബന്ധിച്ചായിരുന്നു ജീവിതം. ക൪ണം സമം ചെവി, ഘണ്ട സമം മണി. അങ്ങനെ ഘണ്ടാക൪ണൻ. ഈ വിദ്വാൻ ശിവനെ തപസ്സ് ചെയ്തു. ലക്ഷ്യം മോക്ഷം. ശിവൻ പ്രത്യക്ഷനായെങ്കിലും വിഷ്ണുവാണ് മോക്ഷദാതാവ് എന്ന് പഠിപ്പിച്ച് മറയുകയാണ് ഉണ്ടായത്. അതോടെ ക൪ണങ്ങളിൽനിന്ന് ഘണ്ടകൾ അഴിച്ച് കളഞ്ഞ് വിഷ്ണുനാമം ജപിച്ചും വിഷ്ണുനാമത്തിന് കാതോ൪ത്തും നടപ്പായി. ക൪ണം ഘണ്ടമുക്തമായാലും ഭൂതകാലം മായ്ക്കാനാവുകയില്ലല്ലോ. പേര് വീണാൽ വീണതുതന്നെ. അതുകൊണ്ട് ഘണ്ടാക൪ണൻ ഇന്നും ഘണ്ടാക൪ണൻ തന്നെ.
പിൻകാലത്ത് ഘണ്ടാക൪ണൻ ശ്രീകൃഷ്ണനെ കണ്ടു. ശിവൻെറ അനുഗ്രഹത്തെക്കുറിച്ചും പറഞ്ഞു. ഭഗവാൻ സംപ്രീതനായി ഘണ്ടാക൪ണനെ വിശ്വരൂപം കാണിച്ചു. പിന്നെ രാക്ഷസനെ തലോടി. ശ്രീകൃഷ്ണൻ തലോടിയപ്പോൾ രാക്ഷസഭാവം മറഞ്ഞു. ഘണ്ടാക൪ണൻ വൈകുണ്ഠം പൂകി. അതായത് ദേവനായി തീ൪ന്ന അസുരനാണ് ഘണ്ടാക൪ണൻ. അതുകൊണ്ടാണ് രണ്ട് ത്രിശൂലങ്ങൾ ഉൾപ്പെടെ പതിനെട്ട് ആയുധങ്ങൾ ധരിച്ചവനായ ഘണ്ടാക൪ണനെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നത്. മാനസാന്തരപ്പെടുന്ന പാപിയെക്കുറിച്ച് സ്വ൪ഗം സന്തോഷിക്കുന്നതിനെപ്പറ്റി പറഞ്ഞ ക്രിസ്തുവും അസുരരാക്ഷസനെ കരസ്പ൪ശത്താൽ വൈകുണ്ഠപ്രാപ്തിക്ക് യോഗ്യനാക്കിയ കൃഷ്ണനും മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പറഞ്ഞ ഗുരുവിൻെറ സൂക്തം ഓ൪ക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നുണ്ടോ എന്നതാണ് ഉത്തരം ബാക്കിയാക്കുന്ന ചോദ്യം.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
