പെലെയെ പിന്നിലാക്കിയ ഗോളടിവീരന്‍
text_fieldsവിയന്ന: കണക്കുകളാൽ കെട്ടുപിണഞ്ഞു കിടക്കുന്നതാണ് കളികൾ. സ്പോ൪ട്സും സ്റ്റാറ്റിസ്റ്റിക്സും തമ്മിലുള്ള അഭേദ്യബന്ധത്തിലൂടെയാണ് പ്രതിഭയുടെ മികവളക്കുന്നതുതന്നെ. ഫുട്ബാളിൽ ഈ കണക്കുകൾ വലക്കുള്ളിലെത്തുന്ന പന്തിനെ അടിസ്ഥാനമാക്കിയാണ്. ആയിരത്തിലധികം ഗോളുകൾ നേടിയ തന്നെ വെല്ലാൻ ആണായൊരുത്തൻ ഫുട്ബാളിലില്ലെന്ന് സാക്ഷാൽ പെലെ വെല്ലുവിളിക്കുന്നതും ലയണൽ മെസ്സി ബാഴ്സലോണയുടെ ഗോൾ സ്കോറിങ് റെക്കോഡ് മറികടക്കുന്നതുമൊക്കെ സമീപകാല വാ൪ത്തകളിൽ നിറയുന്നു.
1284 ഗോളുകൾ എതിരാളികളുടെ വലക്കണ്ണികളിലേക്ക് തുരുതുരാ അടിച്ചുകയറ്റിയ ഇതിഹാസതാരം പെലെയാണ് ഫുട്ബാളിൽ ഗോൾവേട്ടയുടെ കൊടുമുടിയിൽ വിരാജിക്കുന്ന കേമനെന്നാണ് മിക്ക കളിയാരാധകരും കരുതുന്നത്. കാരണം, അവ൪ക്കാ൪ക്കും ജോസഫ് പെപി ബികാനെ പരിചയമില്ല. 918 മത്സരങ്ങളിൽനിന്ന് 1468 ഗോളുകൾ സ്കോ൪ ചെയ്ത ഈ മുന്നേറ്റവീരൻ കളിയുടെ ചരിത്രം കണ്ട ഏറ്റവും മികച്ച ഗോൾവേട്ടക്കാരനാണെന്ന് ഫുട്ബാൾ സ്റ്റാറ്റിസ്റ്റിക്സ് ഫൗണ്ടേഷനായ ആ൪.എസ്.എസ്.എസ്.എഫ് വ്യക്തമാക്കുന്നു. സൗഹൃദ മത്സരങ്ങളും റിസ൪വ് കളികളും ഒഴിച്ചു നി൪ത്തിയാൽ തന്നെ 530 ഔദ്യാഗിക മത്സരങ്ങളിൽ 805 തവണ ബികാൻ വല കുലുക്കിയിട്ടുണ്ട്.
ഒരു മത്സരത്തിൽ ശരാശരി ഗോൾ നേടിയ കണക്കുകളിൽ പെലെയും മെസ്സിയുമൊക്കെ ബികാൻെറ പിന്നിലേ നിൽക്കൂ. 1913ൽ വിയന്നയിലെ ഒരു പാവപ്പെട്ട ചെക് കുടുംബത്തിൽ ജനിച്ച ബികാൻ തെരുവിൽ പന്തടിച്ചു വള൪ന്നാണ് പേരെടുത്ത കളിക്കാരനായത്. തുണിപ്പന്തിന്മേൽ കളി പഠിച്ചുതുടങ്ങിയതിനാൽ മികച്ച പന്തടക്കവും പ്രതിഭാശേഷിയും ചെറുപ്പത്തിലേ സ്വായത്തമാക്കി. ഉയരക്കൂടുതലും കരുത്തുമുള്ള ഈ ആസ്ട്രിയൻ സെൻറ൪ ഫോ൪വേഡ് അന്ന് 10.8 സെക്കൻഡിൽ നൂറു മീറ്റ൪ ഓടാൻ (അന്നത്തെ മുൻനിര സ്പ്രിൻറ൪മാരുടെ അതേ മികവിൽ) കഴിവുള്ളവനുമായിരുന്നു.
പെലെ ആയിരം ഗോൾ തികച്ച സമയത്ത് ആ നേട്ടം കൈവരിക്കാൻ മറ്റാ൪ക്കെങ്കിലും കഴിയുമോയെന്ന് ലോകം അദ്ഭുതപ്പെട്ടിരുന്നു. എന്നാൽ, പെലെ നേടിയതിനേക്കാൾ അഞ്ചു മടങ്ങ് അധികം ഗോളുകൾ ബികാൻ നേടിയിട്ടുണ്ടെന്ന് ആസ്ട്രിയൻ താരം ബിംബോ ബിൻഡറാണ് ലോകത്തോട് വിളിച്ചുപറഞ്ഞത്. ഇക്കാര്യം അന്വേഷിച്ച മാധ്യമപ്രവ൪ത്തക൪, നിങ്ങൾ എന്തുകൊണ്ട് ഈ ഗോൾവേട്ടയുടെ കാര്യത്തിൽ അവകാശവാദവുമായെത്തിയില്ലെന്നു ചോദിച്ചപ്പോൾ ‘പെലെ നേടിയതിൻെറ അഞ്ചിരട്ടി ഗോളുകൾ ഞാൻ നേടിയെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ’ എന്നായിരുന്നു ബികാൻെറ മറുചോദ്യം.
കരിയറിൽ മിന്നും ഫോമിൽ നിൽക്കെ ലോക യദ്ധമെത്തിയതിനാൽ ആസ്ട്രിയക്കുവേണ്ടി കാര്യമായി കളത്തിലിറങ്ങാൻ കഴിഞ്ഞില്ല. 19 കളികളിൽ 19 ഗോളുകളായിരുന്നു രാജ്യത്തിനുവേണ്ടിയുള്ള സമ്പാദ്യം. പിന്നീട് അൽപകാലം ചെക്കോസ്ലവക്യക്കായി ബൂട്ടുകെട്ടി. ഓ൪മകളിൽനിന്ന് ഏറെക്കാലം ബികാൻെറ ഗോൾവേട്ട അകന്നുനിന്നെങ്കിലും ചെക് റിപ്പബ്ളിക്കുകാ൪ തങ്ങളുടെ ഇതിഹാസമായി ബികാനെ ഇന്നും കണക്കുകൂട്ടുന്നു. 2001 ഡിസംബറിൽ പ്രാഗിൽ മരണത്തിന് കീഴടങ്ങിയ ഈ അതിപ്രതിഭാധനന് കഴിഞ്ഞ നൂറ്റാണ്ടിലെ മികച്ച ഗോൾവേട്ടക്കാരനുള്ള സുവ൪ണപന്ത് മരണാനന്തര ബഹുമതിയായി സമ൪പ്പിച്ച് ഇൻറ൪നാഷനൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ ഹിസ്റ്റോറിയൻസ് ആൻഡ് സ്റ്റാറ്റിസ്റ്റീഷ്യൻസ് ആദരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.