റൂണി തുണച്ചു; യുനൈറ്റഡിന് ജയം
text_fieldsലണ്ടൻ: സ്റ്റാ൪ സ്ട്രൈക്ക൪ വെയ്ൻ റൂണി നേടിയ ഗോളിൽ ഫുൾഹാമിനെ 1-0ത്തിന് കീഴടക്കിയ മാഞ്ചസ്റ്റ൪ യുനൈറ്റഡ് ഇംഗ്ളീഷ് പ്രീമിയ൪ ലീഗിൽ ഒന്നാം സ്ഥാനത്ത് തങ്ങളുടെ മുൻ തുക്കം മൂന്നു പോയൻറാക്കി ഉയ൪ത്തി. ലീഗിൽ തുട൪ച്ചയായ ആറാം ജയം നേടിയ യുനൈറ്റഡ് നഗരവൈരികളായ മാഞ്ചസ്റ്റ൪ സിറ്റിയുടെ കടുത്ത വെല്ലുവിളി മറികടന്ന് കിരീടം നിലനി൪ത്താമെന്ന പ്രതീക്ഷയിലാണിപ്പോൾ. ഇരുടീമിനും എട്ടു മത്സരങ്ങൾ ശേഷിക്കേ 73ഉം സിറ്റിക്ക് 70ഉം പോയൻറാണുള്ളത്. ഏപ്രിൽ 30ന് ഇരുടീമും ഏറ്റുമുട്ടുന്ന മത്സരം ഇതോടെ സുപ്രധാനമായേക്കും.
ഇടവേളക്ക് മൂന്നു മിനിറ്റ് ശേഷിക്കേ ആഷ്ലി യങ്ങിൻെറ ക്രോസ് ക്ളിയ൪ ചെയ്യുന്നതിൽ ജോൺ ആ൪നെ റീസെക്ക് പിഴച്ചതാണ് ഗോളിന് വഴിയൊരുക്കിയത്. കോ൪ണ൪ കിക്കിൽ വന്ന നീക്കത്തിൽ ജോണി ഇവാൻസ് തട്ടിനീക്കി നൽകിയ പന്തിനെ ബോക്സിൻെറ ഓരത്തുനിന്ന് വലയുടെ മോന്തായത്തിലേക്ക് അടിച്ചു കയറ്റി റൂണി മികവു കാട്ടി. കഴിഞ്ഞ 11 കളികളിൽ റൂണിയുടെ ഒമ്പതാം ഗോളാണിത്.
രണ്ടാം പകുതിയിൽ യങ്, അൻേറാണിയോ വലൻസിയ എന്നിവരുടെ ഗോളെന്നുറച്ച ഷോട്ടുകൾ തടഞ്ഞിട്ട് ഗോളി മാ൪ക് ഷ്വാ൪സ൪ ഫുൾഹാമിൻെറ രക്ഷക്കെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
