സിറിയന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷം
text_fieldsഇസ്തംബൂൾ: സിറിയൻ പ്രസിഡൻറ് ബശ്ശാ൪ അൽഅസദിനെ പുറന്തള്ളാൻ അമേരിക്ക ഔദ്യാഗികമായി തു൪ക്കി പിന്തുണ തേടിയതോടെ അതി൪ത്തി മേഖലയിൽ സംഘ൪ഷം പുകയുന്നു. സിറിയയിലെ തങ്ങളുടെ എംബസി അടച്ചുപൂട്ടിയ തു൪ക്കി അംബാസഡറെ തിരിച്ചുവിളിക്കുകയും ചെയ്തു. സിറിയൻ പ്രതിസന്ധി രൂക്ഷമായതോടെ തു൪ക്കിയിലേക്കുള്ള അഭയാ൪ഥി പ്രവാഹം ശക്തമായിരിക്കുകയാണ്.
രണ്ടു ദിവസം മുമ്പാണ് തു൪ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉ൪ദുഗാൻ യു. എസ് പ്രസിഡൻറ് ഒബാമയുമായി വാഷിങ്ടണിൽ കൂടിക്കാഴ്ച നടന്നത്. സിറിയയിൽ ജനാധിപത്യം ഉറപ്പുവരുത്താൻ യോജിച്ച നീക്കം ആവശ്യമാണെന്ന് ഇരു നേതാക്കളും വ്യക്തമാകുകയും ചെയ്തു. ഇറാൻ പ്രതിസന്ധിക്ക് പരിഹാരം കാണാൻ അടുത്ത മാസം അമേരിക്ക ഉൾപ്പെടെ ആറു വൻ രാജ്യങ്ങളുടെ സമ്മേളനം അടുത്ത മാസം അങ്കാറയിൽ വിളിച്ചു ചേ൪ക്കാനും തു൪ക്കി തീരുമാനിച്ചിട്ടുണ്ട്.
മേഖലയിൽ അടുത്ത കാലത്തൊന്നും ഇല്ലാത്തവിധം കടുത്ത രാഷ്ട്രീയ സങ്കീ൪ണതയാണ് സിറിയൻ പ്രശ്നം മൂലം രൂപപ്പെട്ടിരിക്കുന്നത്. അയൽരാജ്യങ്ങൾ നേരിടുന്ന അതി൪ത്തി സുരക്ഷ മാത്രമല്ല ഇതിൻെറ പ്രത്യാഘാതം. ലിബിയക്കു ശേഷം പടിഞ്ഞാറൻ ശക്തികൾ ഇറങ്ങിക്കളിക്കുന്നു എന്നതും സിറിയൻ പ്രതിസന്ധിക്ക് മറ്റൊരു മാനം നൽകുന്നു.
സിറിയയിൽ സംഘ൪ഷം നീണ്ടുപോയാൽ ഉണ്ടാകുന്ന വൻതോതിലുള്ള അഭയാ൪ഥി പ്രവാഹമാണ് തു൪ക്കിയെ അലട്ടുന്നത്. ഇപ്പോൾതന്നെ 17,000 അഭയാ൪ഥികൾ തു൪ക്കിയിൽ എത്തിക്കഴിഞ്ഞു. കൂടുതൽ പേരെ ഉൾക്കൊള്ളാൻ പറ്റില്ലെന്ന നിലപാടിലാണ് തു൪ക്കി.
ഇരു രാജ്യത്തിനുമിടയിൽ അതി൪ത്തിയിൽ പ്രത്യേക ബഫ൪ സോൺ ഉണ്ടാകുകയെന്ന നി൪ദേശമാണ് സിറിയ മുന്നോട്ടു വെച്ചിരിക്കുന്നത്. ഇതിനുവേണ്ട സഹായം നൽകാമെന്ന് സിറിയ യു.എൻ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
എന്നാൽ, ഈ നീക്കം തങ്ങളുടെ പരമാധികാരത്തിനു മേലുള്ള ഇടപെടലാണെന്നും അതിനെ ശക്തമായി ചെറുക്കുമെന്നും അസദ് സ൪ക്കാ൪ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സിറിയയിലെ വിമത൪ക്ക് സൈനിക സഹായവും മറ്റും നൽകുന്നത് പാശ്ചാത്യ ശക്തികളുടെ സഹായത്തോടെ സിറിയയാണെന്ന വിമ൪ശവും ഉയരുന്നുണ്ട്.
എന്തായാലും സിറിയൻ സ൪ക്കാറിനെതിരെയുള്ള ഉ൪ദുഗാൻ സ൪ക്കാറിൻെറ ഏകപക്ഷീയ നടപടിക്കെതിരെ പുറത്തു മാത്രമല്ല അകത്തും പ്രതിഷേധം വ്യാപകമാണ്. പടിഞ്ഞാറൻ താൽപര്യങ്ങളാണ് സിറിയൻ പ്രതിസന്ധിക്ക് പിറകിലെന്ന് അറിഞ്ഞിട്ടും തു൪ക്കി അസദ് സ൪ക്കാറിനെ അട്ടിമറിക്കാൻ കൂട്ടുനിൽക്കുന്നത് ശരിയായില്ലെന്നും ജനങ്ങളിൽ വലിയൊരു വിഭാഗം കരുതുന്നു. ഉ൪ദുഗാൻ സ൪ക്കാറിൻെറ നിലപാട് ശരിയായില്ലെന്ന് പ്രമുഖ സ൪ക്കാറേതര സംഘടനകൾ കുറ്റപ്പെടുത്തി.
സിറിയൻ സംഘ൪ഷത്തിന് ഏറ്റവും വലിയ വില നൽകേണ്ടിവരുക തു൪ക്കിക്ക് ആയിരിക്കുമെന്നും അവ൪ ചൂണ്ടിക്കാട്ടി. നിഷ്പക്ഷ നിലപാടാണ് തു൪ക്കി സ്വീകരിക്കേണ്ടതെന്ന് എ.കെ പാ൪ട്ടിയുടെ നേതാക്കളിൽ ഒരാളായ ഉസ്മാൻ ബാഗി പറഞ്ഞു. എന്നാൽ, ഉ൪ദുഗാൻ ഗവൺമെൻറ് സ്വീകരിച്ച തീരുമാനം തെറ്റല്ലെന്ന് കരുതുന്നവരും ധാരാളം.
അറബ് വസന്തത്തെ തുട൪ന്ന് തു൪ക്കി രാഷ്ട്രീയ മാതൃകക്ക് പുറത്ത് ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. വിവിധ രാഷ്ട്രങ്ങളിൽ ഉ൪ദുഗാൻ നടത്തിയ സന്ദ൪ശനവും ഏറെ വിജയകരമായിരുന്നു.
എന്നാൽ, സിറിയൻ പ്രതിസന്ധിയിലെ അമേരിക്കൻ ചായ്വും ഇറാൻെറ ആണവ പ്രശ്നത്തിൽ കൈക്കൊള്ളുന്ന നിലപാടും തു൪ക്കിയുടെ രാഷ്ട്രീയ ഭാവിയെത്തന്നെ കൂടുതലായി സ്വാധീനിച്ചേക്കും. യൂറോപ്യൻ യൂനിയനിൽ കയറിപ്പറ്റാൻ തു൪ക്കി വല്ലാതെ വിട്ടുവീഴ്ച ചെയ്യുന്നു എന്ന ആക്ഷേപം ഇപ്പോൾതന്നെ രാജ്യത്തെ ഇസ്ലാമിസ്റ്റുകൾക്കും മറ്റുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
