Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅരവിന്ദന്‍െറ...

അരവിന്ദന്‍െറ കാല്‍പാടുകള്‍

text_fields
bookmark_border
അരവിന്ദന്‍െറ കാല്‍പാടുകള്‍
cancel

ഇക്കഴിഞ്ഞ മാ൪ച്ച് 15ന് 21 വ൪ഷം തികഞ്ഞു, അരവിന്ദൻ ഓ൪മയായിട്ട്. ചിത്രകാരൻ, കാ൪ട്ടൂണിസ്റ്റ്, സംഗീതജ്ഞൻ, ഗായകൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നിങ്ങനെ ഒരു സമ്പൂ൪ണ കലാകാരനായിരുന്നു ജി. അരവിന്ദൻ. മലയാള സിനിമയെ ദാ൪ശനികമായ സൗന്ദര്യത്തിലേക്ക് കൊണ്ടുവരുന്നതിൽ അരവിന്ദൻ സിനിമകളുടെ പങ്ക് വളരെ വലുതാണ്.
ചിത്രകാരനും സംഗീതജ്ഞനും കൂടിച്ചേ൪ന്ന ഒരു ചലച്ചിത്രകാരനെ അരവിന്ദൻ സിനിമകളിലൂടെ നമുക്ക് കാണാം. വളരെ വാചാലവും ദീ൪ഘവുമായ സംഭാഷണങ്ങൾ അരവിന്ദൻ സിനിമകളിൽ കാണില്ല. മൗനത്തെ അതിൻെറ സമസ്ത സൗന്ദര്യത്തോടും ശക്തിപ്രഭാവത്തോടുംകൂടി ആവിഷ്കരിച്ച ചലച്ചിത്രകാരനായിരുന്നു അദ്ദേഹം. തൻെറ ഓരോ ചലച്ചിത്രത്തിലൂടെയും ദൃശ്യങ്ങളുടെ ഭാവവ്യാഖ്യാനം സാധ്യമാക്കിയ അരവിന്ദൻെറ ഈ സൂക്ഷ്മമായ ദൃശ്യാവബോധം തന്നെയാണ് അദ്ദേഹത്തെ എക്കാലത്തെയും ഒന്നാന്തരം ചലച്ചിത്രകാരനാക്കുന്നതും. വളരെ തെളിമയുള്ള, ലളിതവും സുന്ദരവുമായ ആവിഷ്കാരരീതിയായിരുന്നു അരവിന്ദൻ സിനിമകൾക്ക്. അദ്ദേഹത്തിൻെറ വ്യക്തിത്വത്തിനും ജീവിതവീക്ഷണത്തിനും ആ സിനിമകൾതന്നെയാണ് ഉദാഹരണം.
1961-79 കാലഘട്ടത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അരവിന്ദൻ വരച്ച ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാ൪ട്ടൂൺ പരമ്പര ഏറെ ശ്രദ്ധേയമായിരുന്നു. തനിക്കു ചുറ്റുമുള്ള ജീവിതങ്ങളിൽനിന്ന് അട൪ത്തിയെടുത്ത മനുഷ്യാവസ്ഥകളാണ് കേരളത്തിലെ അന്നത്തെ മധ്യവ൪ഗ സമൂഹത്തിൻെറ പ്രതിനിധിയായ ‘രാമു’വിലൂടെ അരവിന്ദൻ വരച്ചുകാണിച്ചത്. അരവിന്ദൻെറ ഫലിതബോധത്തിൻെറയും ധൈഷണികതയുടെയും സവിശേഷമായ കരുത്താണ് ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന ജീവിതരേഖയിലൂടെ നാം കണ്ടത്.
ആദ്യകാലത്ത് കോട്ടയത്തും കോഴിക്കോട്ടും ഫിലിം സൊസൈറ്റി പ്രവ൪ത്തനങ്ങളിൽ അരവിന്ദൻ സജീവമായിരുന്നു. പട്ടത്തുവിള കരുണാകരൻ, തിക്കോടിയൻ, എൻ.പി. മുഹമ്മദ്, ദേവൻ... അങ്ങനെ അരവിന്ദൻെറ സുഹൃദ്സംഘം അന്നേ വിപുലമായിരുന്നു. അരവിന്ദൻെറ സ൪ഗാത്മകതയെ രൂപപ്പെടുത്തിയതിൽ ഈ സുഹൃത്തുക്കൾക്കുള്ള പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. സാഹിത്യം, സിനിമ, സംഗീതം, പെയ്ൻറിങ്... അങ്ങനെ വലിയൊരു കലാപ്രപഞ്ചത്തിൽനിന്നാണ് അരവിന്ദൻ തൻെറ സ൪ഗപ്രവ൪ത്തനങ്ങളാരംഭിക്കുന്നത്.
സിനിമാരംഗപ്രവേശത്തിനുമുമ്പ് നാടകരംഗത്തും അരവിന്ദൻ സജീവമായി പങ്കെടുത്തിരുന്നു. സി.എൻ. ശ്രീകണ്ഠൻ നായരോടൊപ്പം നാടകം സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ‘സോപാനം’, ‘നവരംഗം’ എന്നീ തിയറ്റ൪ ട്രൂപ്പുകളുമായും അരവിന്ദൻ സഹകരിച്ചിരുന്നു. ശ്രീകണ്ഠൻനായരുടെ ‘കലി’, കാവാലത്തിൻെറ ‘അവനവൻ കടമ്പ’ എന്നീ നാടകങ്ങളും അരവിന്ദൻ സംവിധാനം ചെയ്തു. കാവാലത്തിൻെറ ‘മാറാട്ടം’ പിന്നീട് അരവിന്ദൻ സിനിമയാക്കി.
11 ചലച്ചിത്രങ്ങളും ഏതാണ്ട് അത്രതന്നെ ഡോക്യുമെൻററികളുമാണ് അരവിന്ദൻെറ ചലച്ചിത്രസംഭാവനകൾ. ‘ഉത്തരായനം’ (1974), ‘കാഞ്ചനസീത’ (1977), ‘തമ്പ്’ (1978), ‘കുമ്മാട്ടി’ (1979), ‘എസ്തപ്പാൻ’ (1979), ‘പോക്കുവെയിൽ’(1981), ‘ചിദംബരം’ (1985), ‘ഒരിടത്ത്’ (1986), ‘മാറാട്ടം’ (1988), ‘ഉണ്ണി’ (1989), ‘വാസ്തുഹാര’ (1991) -ഇന്ത്യൻ സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച അരവിന്ദൻ ചലച്ചിത്രങ്ങളാണിതൊക്കെ.
സ്വകീയവും പുതിയതുമായ ഒരു ശൈലിയുമായാണ് എഴുപതുകളുടെ ആദ്യപകുതിയിൽ തൻെറ ആദ്യ സിനിമയായ ‘ഉത്തരായന’ (1974)ത്തിലൂടെ അരവിന്ദൻ കടന്നുവന്നത്. പതിവ് ചലച്ചിത്രകാഴ്ചകളെ വെല്ലുവിളിക്കുകയായിരുന്നു അദ്ദേഹം. ‘ഉത്തരായന’ത്തിൻെറ കഥ പട്ടത്തുവിളയും തിരക്കഥ തിക്കോടിയനുമാണ് എഴുതിയത്. ‘ഉത്തരായന’ത്തിന് ഇന്ത്യൻ സ്വാതന്ത്ര്യ രജതജൂബിലി വ൪ഷത്തിലെ ഏറ്റവും നല്ല ചിത്രമെന്ന ദേശീയ ബഹുമതി ലഭിച്ചിട്ടുണ്ട്.
മികച്ച സിനിമക്കും സംവിധായകനുമുള്ള ദേശീയ-സംസ്ഥാന അവാ൪ഡുകൾ പിന്നീട് നിരവധി തവണ അരവിന്ദനെ തേടിയെത്തി. അരവിന്ദൻെറതന്നെ ‘എസ്തപ്പാൻ’, രവീന്ദ്രൻെറ ‘യാരോ ഒരാൾ’, ‘ഒരേ തൂവൽപക്ഷികൾ’, ഷാജി എൻ. കരുണിൻെറ ‘പിറവി’ എന്നീ ചിത്രങ്ങൾക്കും അരവിന്ദൻ സംഗീതം കൊടുത്തു. ‘ഒരേ തൂവൽപക്ഷികളു’ടെ സംഗീതത്തിന് ദേശീയ അവാ൪ഡും ലഭിച്ചു. ‘പോക്കുവെയിലി’ൽ കവി ബാലചന്ദ്രൻ ചുള്ളിക്കാടായിരുന്നു പ്രധാന വേഷം ചെയ്തത്. ‘എസ്തപ്പാനി’ൽ യഥാ൪ഥ ചിത്രകാരനായ രാജൻ കാക്കനാടനെയാണ് അരവിന്ദൻ നായകനാക്കിയത്. സ്മിത പാട്ടീലിനെ മലയാളികൾക്കു പരിചയപ്പെടുത്തിയതും അരവിന്ദനായിരുന്നു, ‘ചിദംബര’ത്തിലൂടെ. തത്ത്വചിന്തകനായ ജെ. കൃഷ്ണമൂ൪ത്തിയെക്കുറിച്ച് അരവിന്ദൻ ചെയ്ത ഡോക്യുമെൻററിയാണ് ‘The Seer Who Walks Alone’ (1985).
ഷാജി എൻ. കരുണായിരുന്നു അരവിന്ദൻെറ പ്രിയപ്പെട്ട കാമറാമാൻ. അരവിന്ദനും ഷാജിയും തമ്മിൽ അപൂ൪വമായ ഹൃദയബന്ധമായിരുന്നു. ഷാജിക്ക് ആദ്യത്തെ സംസ്ഥാന അവാ൪ഡ് നേടിക്കൊടുത്ത അരവിന്ദൻെറ ചലച്ചിത്രമാണ് ‘കാഞ്ചനസീത’. ഷാജി ആദ്യം സംവിധാനം ചെയ്ത ‘പിറവി’ സിനിമക്ക് സംഗീതം കൊടുത്തത് ജി. അരവിന്ദനായിരുന്നു.
ഒരു വ്യക്തിയുടെ മാനസിക വ്യാഖ്യാനമാണ് ‘പോക്കുവെയിലി’ലൂടെ അരവിന്ദൻ പറയാൻ ശ്രമിച്ചത്. ഒറ്റപ്പെടലിൻെറ ആത്മനൊമ്പരം വേദനയായി നമ്മെ പിന്തുടരുന്ന സിനിമയാണ് ‘പോക്കുവെയിൽ’. തൊഴിലില്ലായ്മയായിരുന്നു ‘ഉത്തരായന’ത്തിൻെറ കേന്ദ്ര പ്രമേയം. ജീവിതത്തിൻെറ സൂക്ഷ്മവശങ്ങളിലേക്ക് കടന്നുചെന്നുകൊണ്ട് സമകാലിക സാമൂഹിക ജീവിതത്തിൻെറ അന്നത്തെ അവസ്ഥ തീവ്രവും ഹൃദയസ്പ൪ശിയുമായി ആവിഷ്കരിക്കുകയായിരുന്നു അരവിന്ദൻ. അതിമനോഹരമായ മറ്റൊരു അരവിന്ദൻ ചലച്ചിത്രമായിരുന്നു ‘തമ്പ്’. ഒരു സ൪ക്കസ് കൂടാരത്തിനുകീഴിൽ ഉപജീവനം കണ്ടെത്തുന്ന പാവപ്പെട്ട കുറെ മനുഷ്യരുടെ വേദനകളും സങ്കടങ്ങളും പ്രത്യാശകളും നിസ്സഹായതയും ഉൾക്കൊള്ളുന്നതാണ് തമ്പിൻെറ പ്രമേയം. നാടോടി രൂപത്തിലുള്ള കഥയും അതനുസരിച്ചുള്ള പ്രതിപാദന രീതിയും അതീവ ഹൃദ്യമായി ‘കുമ്മാട്ടി’യിൽ ആവിഷ്കരിച്ചിരിക്കുന്നു. നിഷ്കളങ്കവും നി൪മലവുമായ ആഖ്യാനരീതിയാണ് ‘ഒരിടത്തി’ൻേറത്. ഒരു ഗ്രാമത്തിൽ വൈദ്യുതി എത്തുന്നതും തുട൪ന്ന് ആ ഗ്രാമത്തിലുണ്ടാകുന്ന സംഭവവികാസങ്ങളും വളരെ ലളിതമായാണ് ‘ഒരിടത്തി’ൽ അരവിന്ദൻ ആവിഷ്കരിച്ചിരിക്കുന്നത്. യാഥാ൪ഥ്യത്തിൻെറയും ഭ്രമകൽപനയുടെയും പശ്ചാത്തലത്തിലാണ് അരവിന്ദൻ ‘എസ്തപ്പാൻെറ’ കഥ പറഞ്ഞത്. എസ്തപ്പാൻ എന്ന വ്യക്തി ഒരേസമയം യാഥാ൪ഥ്യവും അതേസമയംതന്നെ ഒരു മിത്തുമായാണ് അരവിന്ദൻ സങ്കൽപിച്ചത്. അരവിന്ദൻെറ ചലച്ചിത്രരചനാപാടവം, പ്രശസ്തി ഒന്നുകൂടി ഉജ്ജ്വലമാക്കിത്തീ൪ത്ത ചലച്ചിത്രമാണ് ‘ചിദംബരം’. ദക്ഷിണേന്ത്യയിലെ എണ്ണപ്പെട്ട പുണ്യസ്ഥലമായ ചിദംബരത്ത് സിനിമയിലെ നായകൻ ശങ്കരൻ (ഭരത് ഗോപി) സ്വന്തം പ്രവൃത്തിയിലും സാഹചര്യത്തിലും അഭയം തേടിയെത്തുന്നിടത്താണ് ‘ചിദംബരം’ കഥ വികസിക്കുന്നതും ശക്തി പ്രാപിക്കുന്നതും. ‘ചിദംബര’ത്തിന് ലഭിച്ചിടത്തോളം ജനപ്രീതി അരവിന്ദൻെറ മറ്റൊരു ചലച്ചിത്രത്തിനും ലഭിച്ചിട്ടില്ല.
‘വാസ്തുഹാര’യിലൂടെ അരവിന്ദൻ പറയാൻ ശ്രമിച്ചത് അഭയാ൪ഥികളുടെ ദു$ഖത്തിൻെറ തീവ്രതയാണ്. കൊൽക്കത്തക്കടുത്തുള്ള റാണാഘട്ടിലെ അഭയാ൪ഥി പുനരധിവാസ കേന്ദ്രത്തിലെത്തുന്ന മലയാളി ഓഫിസ൪ വേണുവിൻെറ (മോഹൻലാൽ) ആത്മഗതത്തിലൂടെ അഭയാ൪ഥികളുടെ ജീവിതം അവതരിപ്പിക്കുകയാണ് ജി. അരവിന്ദൻ ‘വാസ്തുഹാര’യിൽ.
‘കാഞ്ചനസീത’ അരവിന്ദൻെറ സാഹസികവും പരീക്ഷണാത്മകവുമായ ചലച്ചിത്രമായിരുന്നു. ഒരുപക്ഷേ, ഇന്ത്യൻ സിനിമയിൽ പ്രമേയത്തിലും ആവിഷ്കാരത്തിലും സംവേദനതലത്തിലും പുതിയ വെല്ലുവിളികളുയ൪ത്തിയ ആദ്യ ചലച്ചിത്രമായിരിക്കണം ‘കാഞ്ചനസീത’. രാമായണകഥക്ക് അരവിന്ദൻ പുതിയ ഭാഷ്യം ചമയ്ക്കുകയായിരുന്നു ‘കാഞ്ചനസീത’യിലൂടെ. പ്രകൃതിയാണ് കേന്ദ്ര കഥാപാത്രം. പ്രകൃതിയുടെ വ്യത്യസ്തഭാവങ്ങളിലൂടെയുള്ള സഞ്ചാരമായിരുന്നു ‘കാഞ്ചന സീത’.
അരവിന്ദൻെറ രണ്ടാമത്തെ ചലച്ചിത്രമായ ‘കാഞ്ചനസീത’ സി.എൻ. ശ്രീകണ്ഠൻനായരുടെ അതേ പേരിലുള്ള നാടകത്തെ ആസ്പദമാക്കിയാണ് അരവിന്ദൻ എടുത്തത്. ‘കാഞ്ചനസീത’യെ വ്യത്യസ്തതയോടെ ചിത്രീകരിച്ച അരവിന്ദൻെറ ധീരമായ ശ്രമത്തെ അന്ന് ദേശീയ ചലച്ചിത്ര അവാ൪ഡ് ജൂറിയിലുണ്ടായിരുന്ന തകഴി ശിവശങ്കരപ്പിള്ള വാനോളം പുകഴ്ത്തിയിരുന്നു.
നിറങ്ങളുടെ സംയോജനവും സംഗീതത്തിൻെറ സാന്ദ്രതയുമാണ് അരവിന്ദൻ ചലച്ചിത്രങ്ങളുടെ ജീവനായി പരിണമിക്കുന്നത്. സങ്കീ൪ണവും അതേസമയം, വൈവിധ്യവുമാ൪ന്ന ജീവിതമുഹൂ൪ത്തങ്ങളിലൂടെ കൈകാര്യംചെയ്ത വിഷയങ്ങളുടെ വ്യത്യസ്തതയാണ് അരവിന്ദൻ സിനിമകളുടെ പ്രത്യേകത. തൻെറ ഓരോ സിനിമയിലൂടെയും അരവിന്ദൻ ജീവിതത്തെ പുന:സൃഷ്ടിക്കുകയായിരുന്നു എന്നു പറയുന്നതായിരിക്കും ഉചിതം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story